റൂവി ക്ലോക്ക് ടവർ നവീകരണം; ദേശീയ ദിനത്തിന് മുമ്പായി പൂർത്തിയാകും
text_fieldsമസ്കത്ത്: ആധുനിക ഒമാന്റെ പഴയ സ്മാരകം എന്നറിയപ്പെടുന്ന റൂവി ക്ലോക്ക് ടവറിന്റെ നവീകരണ ജോലികൾ ആരംഭിച്ചു. നവംബർ 18ന് 55ാം ദേശീയ ദിനാഘോഷത്തിനുമുമ്പ് നവീകരണ ജോലികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
അറേബ്യൻ വാസ്തുശിൽപ മാതൃകയിൽ നിർമിച്ച ഒമാനിലെ ഏറ്റവും വലിയ ടവറാണ് റൂവി എം.ബി.ഡി മേഖലയിൽ ഒമാൻ ചേംബർ ഓഫ് കൊമേഴ്സിന് എതിർവശത്തുള്ള ക്ലോക്ക് ടവർ. 1991ലാണ് ഇത് സ്ഥാപിച്ചത്. നാലു ഭാഗത്തുനിന്നും കാണാൻ കഴിയുന്ന നാല് ഭീമൻ ക്ലോക്കുകൾ ഉള്ള ടവറിന് 50 മീറ്ററാണ് ഉയരം. ഒമാന്റെ സമ്പന്നമായ ചരിത്രം ആലേഖനം ചെയ്ത മൊസൈക്ക് ടൈലുകളും ടവറിന്റെ അടിയിൽ വശങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ഇതിനോട് ചേർന്ന ജലധാരകളും ചെറു പൂന്തോട്ടവുമെല്ലാം ക്ലോക്ക് ടവറിനെ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാക്കുന്നു.
റൂവി നഗരത്തിൽ എല്ലായിടത്തുനിന്ന് നോക്കിയാലും കാണാൻ കഴിയുന്ന ക്ലോക്ക് ടവർ ഒരു കാലത്ത് പ്രവാസികളുടെയും കുടുംബങ്ങളുടെയും ഒത്തുചേരൽ കേന്ദ്രമായിരുന്നു. ഇന്നും വൈകുന്നേരങ്ങളിൽ സമയം ചെലവഴിക്കാൻ ഇവിടെ സ്വദേശി, വിദേശി ഭേദമന്യേ ആളുകൾ എത്താറുണ്ട്.
ക്ലോക്ക് ടവറിന് പുറമെ ജലധാരകളുടെ അറ്റകുറ്റപ്പണികളും നവീകരണവുമാണ് നടത്തുകയെന്ന് നവീകരണ ജോലികളുടെ ചുമതലയുള്ള കമ്പനി വക്താക്കൾ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. ജലധാരകളിൽ പുതിയ അലങ്കാര വിളക്കുകളും സ്ഥാപിക്കും. റൂവി ക്ലോക്ക് ടവർ അടക്കം എട്ടിടങ്ങളിലാണ് മസ്കത്ത് നഗരസഭയുടെ നേതൃത്വത്തിൽ നവീകരണ ജോലികൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.