83 ഫലജുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി
text_fieldsമസ്കത്ത്: ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ വിവിധ ഗവർണറേറ്റുകളിൽ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം 83 ഫലജുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി. രാജ്യത്തെ പരമ്പരാഗത ജലസേചന പദ്ധതിയാണ് ഫലജുകൾ.
ജനുവരി മുതൽ ജൂൺ വരെ മസ്കത്തിൽ ഒന്ന്, തെക്കൻ ബാത്തിനയിൽ 13, വടക്കൻ ബത്തിന രണ്ട്, വടക്കൻ ശർഖിയ രണ്ട്, തെക്കൻ ശർഖിയ നാല്, മുസന്ദം നാല്, ബുറൈമി ആറ്, ദഹിറ 21, ദോഫാർ 26 എന്നിങ്ങനെയാണ് ഫലജുകൾ പുനർനിർമിച്ചത്. നിലവിൽ വിവിധ ഗവർണറേറ്റുകളിലായി 127 ജലപദ്ധതികൾ നടന്നുവരുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ഒമാന്റെ പമ്പരാഗത ജീവിത്തിന്റെ വേറിട്ട കാഴ്ചകൾ സമ്മാനിക്കുന്നതാണ് ഫലജുകൾ. മലഞ്ചെരുവുകളിലെയും ഭൂഗർഭത്തിലെയും ജലസ്രോതസുകളടക്കമുള്ളവയിൽനിന്ന് ഗാർഹിക-കാർഷിക ആവശ്യത്തിന് വെള്ളമെത്തിക്കുന്ന ചെറു കനാലുകളും ചാലുകളുമാണ് ഫലജ് എന്നറിയപ്പെടുന്നത്. രാജ്യത്ത് 4,112 ഫലജുകൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്.
ഇത് ഉറവകളെയും പർവ്വതങ്ങളിൽ പെയ്യുന്ന മഴയെയും ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ചൂട് കാലങ്ങളിലാണ് ഫലജുകൾ ഏറെ ആകർഷിക്കപ്പെടുന്നത്. ചൂടിൽനിന്ന് രക്ഷനേടാൻ പൊതുജനങ്ങൾ ഫലജുകൾക്കും ചുറ്റും കൂടുന്നു. ഇവയിലെ വെള്ളം ഉപയോഗപ്പെടുത്തി വേനൽകാലത്തും തഴച്ചു വളരുന്ന ഈത്തപ്പന, മാവ് അടക്കമുള്ള വൃക്ഷങ്ങൾ സന്ദർശകർക്ക് സുഖകരമായ കാലാവസ്ഥ നൽകുന്നു. ഫലജുകളുടെ രൂപവും വലിപ്പവും ഓരോ മേഖലയിലെയും ഭൂമിശാത്ര പരമായ പ്രത്യേകതകളെയും ജല ലഭ്യതയെയും ആശ്രയിച്ച് മാറിക്കൊണ്ടിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.