ജഅലാൻ, സീബ് ഇന്ത്യൻ സ്കൂളുകളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
text_fieldsജഅലാൻ: ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനം വർണശബളമായ പരിപാടികളോടെ ഇന്ത്യൻ സ്കൂൾ ജഅലാൻ ആഘോഷിച്ചു. സ്കൂൾ ഗായകസംഘം ഇന്ത്യയുടെയും ഒമാന്റെയും ദേശീയ ഗാനങ്ങൾ ആലപിച്ചു ചടങ്ങുകൾക്ക് തുടക്കംകുറിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അക്കാദമിക് കോഓഡിനേറ്റർ പ്രീത സന്തോഷ്, ട്രഷറർ സിറാജുദ്ദീൻ എന്നിവർ മുഖ്യാതിഥികളായി. പ്രധാനാധ്യാപിക സീമ ശ്രീധർ വിദ്യാർഥികൾക്ക് റിപ്പബ്ലിക് ദിനാശംസകൾ നേർന്നു. തുടർന്ന് ഇന്ത്യൻ രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിനസന്ദേശം വായിച്ചു.
സാംസ്കാരിക പരിപാടികളുടെ ഭാഗമായി കെ.ജി വിദ്യാർഥികളുടെ നൃത്തവും, രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച ധീരനായകർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രൈമറി സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച പ്രച്ഛന്നവേഷവും മാറ്റ്കൂട്ടി. പ്രസംഗവും, ദേശഭക്തിഗാനവും, തുടർന്ന് ഇന്ത്യാരാജ്യത്തെ കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച കർഷകരെയും, സ്വതന്ത്ര്യസമര സേനാനികളെയും, കലാകാരന്മാരെയും, ശാസ്ത്രജ്ഞരെയുമെല്ലാം ഉൾപ്പെടുത്തി വിദ്യാർഥികൾ അവതരിപ്പിച്ച ടാബ്ലോയും രാജ്യസ്നേഹം വിളിച്ചോതുന്ന വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികൾ ശ്രദ്ധേയമായി. ചടങ്ങിൽ അധ്യാപകർ, രക്ഷിതാക്കൾ, മറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ഹെഡ്ഗേൾ സുസ്മതി മഹാജൻ നന്ദി പറഞ്ഞു.
മസ്കത്ത്: ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനാഘോഷം സീബ് ഇന്ത്യൻ സ്കൂളിലും വർണാഭ ചടങ്ങുകളോടെ നടന്നു. ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് മുഖ്യാതിഥിയായി. ഇന്ത്യൻ രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശത്തിലെ ഭാഗങ്ങളും അദ്ദേഹം വായിച്ചു. ജി20 ഉച്ചകോടി, ഐ.എസ്.ആർ.ഒ ദൗത്യങ്ങൾ, സ്ത്രീ ശാക്തീകരണം തുടങ്ങിയ വിവിധ കാര്യങ്ങൾ അദ്ദേഹം വിദ്യാർഥികളുമായി പങ്കുവെച്ചു. സ്കൂൾ സ്പോർട്സ് അരീനയും അമിത് നാരങ് ഉദ്ഘാടനം ചെയ്തു. 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, ടർഫ് ഫുട്ബാൾ ഗ്രൗണ്ട്, ഹാൻഡ്ബാൾ കോർട്ട്, ബാസ്ക്കറ്റ്ബാൾ, ടെന്നീസ്, വോളിബാൾ എന്നിവക്കായി സജ്ജീകരിച്ചിട്ടുള്ള ഒരു മൾട്ടിപർപ്പസ് കോർട്ട് എന്നിവയുൾപ്പെടെ സൗകര്യങ്ങൾ അടങ്ങിയതാണിത്. ക്രിക്കറ്റ് പരിശീലനത്തിനായി നെറ്റ്സുമുണ്ട്.
ഇന്ത്യൻ സ്കൂൾസ് ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം, മുൻ ബോർഡ് ചെയർമാൻമാരായ കിരൺ ആഷർ, വിൽസൻ ജോർജ്, വൈസ് ചെയർമാൻ പി.ടി.കെ. ഷമീർ , ഡയറക്ടർ ഇൻചാർജ് പി.പി. നിതീഷ് കുമാർ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡൻറ് കൃഷ്ണൻ രാമൻ, കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ ലീന ഫ്രാൻസിസ് തുടങ്ങി നിരവധിപേർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.