മസ്കത്തിലെ ഇന്ത്യൻ സ്കൂളുകളുകളിൽ റിപ്പബ്ലിക് ദിന ആഘോഷം
text_fieldsമസ്കത്ത്: മസ്കത്തിലെ ഇന്ത്യൻ സ്കൂളുകളുടെ റിപ്പബ്ലിക് ദിന ആഘോഷം ഇന്ത്യൻ സ്കൂൾ വാദികബീറും ഇന്ത്യൻ സ്കൂൾ ഇന്റർനാഷനലും സംയുക്തമായി സംഘടിപ്പിച്ചു. സ്കൂൾ ഗ്രൗണ്ട് ദേശീയ പതാകകൾകൊണ്ടും മറ്റും അലങ്കരിച്ചിരുന്നു. ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് മുഖ്യാതിഥിയായി. അംബാസഡറുടെ ഭാര്യ ദിവ്യ നാരങ്ങും ഒപ്പമുണ്ടായിരുന്നു. ആഗോളതലത്തിൽ ഇന്ത്യയുടെ സമീപകാല നേട്ടങ്ങളെയും വികസനങ്ങളെയും അംബാസഡർ പരാമർശിച്ചു.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. അത് ആഗോളതലത്തിൽ തലയുയർത്തി നിൽക്കുന്നുണ്ട്. നമ്മുടെ ജനാധിപത്യം ഓരോ ഇന്ത്യക്കാരന്റെയും സൃഷ്ടിപരമായ കഴിവുകൾ പുറത്തെടുക്കാൻ ഇടം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മികച്ച പരിപാടി സംഘടിപ്പിച്ചതിന് ഇന്ത്യൻ സ്കൂൾ വാദികബീറിനെ അംബാസഡർ അഭിനന്ദിക്കുകയും ചെയ്തു. ആതിഥേയരായ സ്കൂളിന് പുറമെ ഇന്ത്യൻ സ്‌കൂൾ ദാർസൈത്ത്, ഇന്ത്യൻ സ്‌കൂൾ മസ്‌കത്ത്, ഇന്ത്യൻ സ്‌കൂൾ മബേല, ഇന്ത്യൻ സ്‌കൂൾ ഗൂബ്ര, ഇന്ത്യൻ സ്‌കൂൾ സീബ്, ഇന്ത്യൻ സ്‌കൂൾ ബൗഷർ, ഇന്ത്യൻ സ്‌കൂൾ കേംബ്രിജ് ഇന്റർനാഷനൽ തുടങ്ങി എട്ട് ഇന്ത്യൻ സ്കൂളുകൾ പരിപാടിയിൽ പങ്കെടുത്തു.
വിശിഷ്ട വ്യക്തികൾ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികളുടെ ഓണററി പ്രസിഡന്റുമാരായ അൽകേഷ് ജോഷി, ഗാർഗി ചുഗ്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികളിലെ മറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ദേശീയഗാനാലാപനം, മാർച്ച്-പാസ്റ്റ് , വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ ആകർഷകവും വൈവിധ്യമാർന്നതുമായ നൃത്തങ്ങളുടെ അവതരണവും നടന്നു. ഹിന്ദി ഗായകസംഘം ദേശഭക്തിഗാനവും അവതരിപ്പിച്ചു.
ഇബ്രി: ഇന്ത്യൻ സ്കൂൾ ഇബ്രിയുടെ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ സ്കൂൾ എസ്.എം.സി കൺവീനർ ജമാൽ ഹസ്സൻ മുഖ്യാതിഥിയായി. നമ്മുടെ രാജ്യം വിവിധ മേഖലകളിൽ പുരോഗതി പ്രാപിച്ചത് എങ്ങനെയെന്ന് അദ്ദേഹം വിശദീകരിക്കുകയും രാജ്യത്തിന്റെ ക്ഷേമത്തിനായി തങ്ങളാൽ കഴിയുന്ന സംഭാവന ചെയ്യാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
എസ്.എം.സി അംഗങ്ങൾ, മുൻ എസ്.എം.സി ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു. പ്രാർഥനഗാനത്തോടുകൂടിയാണ് ചടങ്ങ് ആരംഭിച്ചത്. ഒമാൻ രാജകീയ ഗാനം, ഇന്ത്യൻ ദേശീയ ഗാനം, റിപ്പബ്ലിക് ദിന പരേഡ്, രാജ്യസ്നേഹം വിളിച്ചോതുന്ന കലാപരിപാടികൾ എന്നിവ ചടങ്ങിന് മാറ്റുകൂട്ടി. സ്കൂൾ പ്രിൻസിപ്പൽ വി.എസ്. സുരേഷ് റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു. ഇന്ത്യൻ പ്രസിഡന്‍റ് ദ്രൗപതി മുർമുവിന്റെ സന്ദേശവും വായിച്ചു. വിദ്യാർഥികളായ ചോയ്ത്തി സ്വാഗതവും ഫിയാലിൻ ഫെസ്‌ലിൻ നന്ദിയും പറഞ്ഞു.
നിസ്വ: ഇന്ത്യൻ സ്കൂള്‍ നിസ്‌വയിൽ എസ്.എം.സി പ്രസിഡന്റ് നൗഷാദ് കക്കേരി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ പ്രസിഡന്റിന്റെ സന്ദേശം അദ്ദേഹം വായിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജോൺ ഡൊമനിക് ജോർജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുഫീദ് പുലത്ത്, കമ്മിറ്റി അംഗങ്ങളായ ആഹ്ലാദ്, ശ്രീ തപൻ കുമാർ എന്നിവർ പങ്കെടുത്തു. ധീര ദേശാഭിമാനികളെ അനുസ്മരിച്ച് വിവിധ ഇന്ത്യൻ ഭാഷകളിൽ ദേശഭക്തി ഗാനങ്ങൾ, പ്രസംഗങ്ങൾ എന്നിവ അവതരിപ്പിച്ചു.
റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. നിസ്‌വ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ഓഫിസർ ഡോ. ബദർ അല്‍ ബുസെദി രക്തദാന ക്യാമ്പിന് നേതൃത്വം നൽകി. വൈസ് പ്രിൻസിപ്പൽ ബിജു മാത്യു, അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽ ഫഹീം ഖാൻ, ഡോക്ടർ വിഷ്ണു, ഷംസുദ്ദീൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഹെഡ് ഗേൾ ഗീതിക ലാൽ സ്വാഗതവും ഹെഡ് ബോയ് ആര്യൻ സുനു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.