യാചന: മുന്നറിയിപ്പുമായി അധികൃതർ
text_fieldsമസ്കത്ത്: പൊതുസ്ഥലങ്ങളിൽ യാചന നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ. മസ്ജിദുകൾ, റോഡുകൾ, വ്യാപാര സ്ഥാപനങ്ങൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ യാചന നടത്തുന്നത് സാമൂഹിക പ്രതിച്ഛായയെ മോശമായി ബാധിക്കുമെന്നും ഇത് കുറ്റകരമാണെന്നും പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
കുട്ടികളെയും മറ്റുള്ളവരെയും യാചനക്കായി ഉപയോഗപ്പെടുത്തുന്നത് 100 റിയാൽ പിഴയും മൂന്നു വർഷം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ചെറിയ കുട്ടികളെ യാചനക്ക് ഉപയോഗപ്പെടുത്തുന്നത് അവരുടെ രക്ഷിതാക്കളോ അവരുമായി ബന്ധപ്പെട്ടവരോ മേൽനോട്ടം നടത്തുന്നവരോ ആണെങ്കിൽ ശിക്ഷ ഇരട്ടിയാവും.
റമദാനിൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽ യാചന നടത്തുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മസ്ജിദുകൾ, സൂപ്പർമാർക്കറ്റുകൾ, ഹൈപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിലെ പാർക്കിങ്ങുകളിലെത്തുന്ന വാഹന ഉടമകളിൽ നിന്നാണ് യാചനയിലൂടെ പണം നേടുന്നത്. മസ്ജിദുകളിലും റോഡുകളിലും മറ്റ് സ്ഥലങ്ങളിലും യാചന നടത്തുന്നവർക്ക് ഒരു മാസം മുതൽ ഒരു വർഷം വരെ തടവ് ശിക്ഷയും 50 റിയാൽ മുതൽ 100 റിയാൽ വരെ പിഴയുമാണ് ചട്ടമനുസരിച്ചുള്ള ശിക്ഷ. കുറ്റം ആവർത്തിച്ചാൽ ആറു മാസത്തിനും രണ്ട് വർഷത്തിനും ഇടയിലുള്ള തടവ് ശിക്ഷയാണ് ലഭിക്കുക. അത്യാവശ്യം കാരണമാണ് യാചന നടത്തിയതെന്നും ജീവിക്കാൻ മറ്റ് വരുമാന മാർഗങ്ങളൊന്നുമില്ലെന്നും തെളിയിക്കാൻ കഴിഞ്ഞാൽ ശിക്ഷയിൽനിന്ന് ഒഴിവാക്കും.
മേൽപറഞ്ഞ ഏതെങ്കിലും കേസുകളിൽ പിടിക്കപ്പെടുന്നത് വിദേശികളാണെങ്കിൽ അവരെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കും. കുട്ടികളെ യാചനക്ക് ഉപയോഗിക്കുന്നവർക്ക് മൂന്നു മാസം മുതൽ മൂന്നു വർഷം വരെ തടവും 50 മുതൽ 100 റിയാൽ വരെ പിഴയും ലഭിക്കും.
ഒമാനിൽ റമദാനിൽ പൊതുവെ യാചകർ കൂടുതലാണ്. ചില രാജ്യങ്ങളിൽനിന്ന് ഒമാനിൽ സന്ദർശകവിസയിൽ എത്തി യാചന നടത്തുന്നവരും നിരവധിയാണ്. മസ്ജിദുകളും പൊതുജനങ്ങൾ കൂടിയിരിക്കുന്ന സ്ഥലവുമാണ് ഇത്തരക്കാർ യാചനക്കായി ഉപയോഗിക്കുന്നത്. റമദാനിൽ ഇഫ്താറിനും മറ്റുമായി ചെറിയ സംഖ്യകളാണ് ഇവർ ആവശ്യപ്പെടുക. കുട്ടികളെ യാചനക്ക് ഉപയോഗപ്പെടുത്തുന്നവരും നിരവധിയാണ്. ഈദിനോടനുബന്ധിച്ച് യാചകരുടെ എണ്ണം ഗണ്യമായി വർധിക്കും. ഈദ് ദിനത്തിൽ പ്രഭാത നമസ്കാരം മുതൽ എല്ലാ മസ്ജിദുകളെയും ചുറ്റിപ്പറ്റി യാചകരുണ്ടാവും. ഏതായാലും നിയമം കർശനമായി നടപ്പാക്കാൻ തുടങ്ങിയതോടെ ഇക്കൂട്ടർ പലരും രംഗത്തുനിന്ന് പിന്മാറാനും കളം മാറ്റി ചവിട്ടാനും തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.