താമസക്കാർ വാടക കരാറുകൾ രജിസ്റ്റർ ചെയ്യണം -മസ്കത്ത് മുനിസിപ്പാലിറ്റി
text_fieldsമസ്കത്ത്: മസ്കത്ത് മുനിസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്നവർ വാടക കരാറുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഭൂവുടമകൾക്കും കർശന നിർദേശം മുനിസിപ്പാലിറ്റി നൽകി.
കരാറിലേർപ്പെടുന്നതുവഴി കെട്ടിട ഉടമകളുടെയും താമസക്കാരന്റെയും അവകാശങ്ങളെ സംരക്ഷിക്കുക മാത്രമാണ് ഇതിലൂടെ മസ്കത്ത് മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്. വാടക കരാർ രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെടുകയോ ഇക്കാര്യം അറിഞ്ഞിട്ടും അവഗണിക്കുകയോ ചെയ്യുകയാണെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങളെ നേരിടേണ്ടിവരുമെന്ന് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പിൽ പറയുന്നു.
കെട്ടിട ഉടമ വാടക വിലയിൽ കൃത്രിമത്വം കാണിച്ചാൽ നിയമപരമായ അവകാശം നേടിയെടുക്കാൻ ഈ രജിസ്ട്രേഷൻ സഹായകരമാകും. വഞ്ചനപരമായ കരാറുകൾ തടയുന്നതും ഭൂവുടമയും വാടകക്കാരനും തമ്മിലുള്ള തർക്കങ്ങൾ ഇല്ലായ്മ ചെയ്യുന്നതും കരാറുകാരന്റെ ആത്യന്തിക ലക്ഷ്യമാണ്. കരാറുകൾ രജിസ്റ്റർ ചെയ്യാത്തവർ വൈദ്യുതിയും വെള്ളവും പോലുള്ള അടിയന്തര ആവശ്യങ്ങളിൽ സർക്കാർ സബ്സിഡിക്ക് അർഹരായിരിക്കില്ല.
ഈ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും വാടകക്കാരന്റെയും കെട്ടിട ഉടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഇ-സർവിസ് പോർട്ടൽ വഴിയോ ബലദിയ ആപ് വഴിയോ ഓരോരുത്തരുടെയും കരാറുകൾ പുതുക്കുകയോ രജിസ്ട്രേഷൻ പൂർത്തീകരിക്കുകയോ ചെയ്യാവുന്നതാണ്. വാടക കരാർ രജിസ്റ്റർ ചെയ്യുന്നത് ഒരാളുടെ നിയമപരമായ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ വേണ്ടിയാണെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അടിവരയിട്ട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.