മസ്കത്തിൽ 'സ്ക്രാപ്' ശേഖരണത്തിന് നിയന്ത്രണം
text_fieldsമസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ താമസ ഇടങ്ങളിൽ നിന്നും മറ്റും 'സ്ക്രാപ്' ശേഖരിക്കുന്നതിന് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി. ഇവ ശേഖരിക്കുന്നതിനും മറ്റും പ്രത്യേക ലൈസൻസുകൾ ആവശ്യമാണെന്ന് ഗവർണർ സയ്യിദ് സഊദ് ബിൻ ഹിലാൽ അൽ ബുസൈദി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഇതു സംബന്ധമായ ബിസിനസുകൾ നടത്തുന്നവർ ലൈസൻസ് എടുക്കണം.
കാലാവധി കഴിയുന്നതിന് മുമ്പ് പുതുക്കുകയും വേണം. സ്ക്രാപ്പുകളിൽനിന്ന് ഇരുമ്പും ചെമ്പും വലിച്ചെടുക്കുന്ന പ്രക്രിയ വ്യവസായ മേഖലകളിൽ മാത്രമാണ് അനുവദിക്കുക. സ്ക്രാപ് വ്യാപാരമായി ബന്ധപ്പെട്ടവർ അവ ശേഖരിക്കാനും വ്യാപാരം നടത്താനുമായി താമസ മേഖലകളിൽ ചുറ്റിക്കറങ്ങുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
സ്ക്രാപ് ശേഖരിക്കുന്നതിനും ഇടപാടുകൾ നടത്തുന്നതിനും മുൻ കൂട്ടി ലൈസൻസ് എടുക്കണം. വാണിജ്യ രജിസ്ട്രേഷന് ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ച ശേഷമാണ് ലൈസൻസിന് അപേക്ഷ നൽകേണ്ടത്. രജിസ്ട്രേഷൻ നടപടിയുടെ ഭാഗമായി സ്ക്രാപ്പുകൾ സൂക്ഷിക്കാനുള്ള സ്ഥല സൗകര്യത്തിന്റെ വാടക കരാറും സമർപ്പിക്കണം. രജിസ്ട്രേഷനിൽ സ്ഥാപനം നടത്തുന്ന വാണിജ്യ പ്രവർത്തനങ്ങൾ വ്യക്തമായി രേഖപ്പെടുത്തുകയും വേണം.
ലൈസൻസിന് അപേക്ഷ നൽകുന്ന സ്ഥാപനം സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ് ലൈസൻസ് നൽകുക. ഇതിൽ പരിസ്ഥിതി സംബന്ധമായ വ്യവസ്ഥകൾക്ക് മുൻഗണനയുണ്ടാവും. ലൈസൻസ് എടുക്കാതെ ഇവയുടെ വ്യാപാരം നടത്തുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും 50 മുതൽ 500 റിയാൽ വരെ പിഴ ചുമത്തും.
നിയമലംഘനം ആവർത്തിക്കുകയാണെങ്കിൽ പിഴ ഇരട്ടിയാവും. സ്ക്രാപ് ഉടമയിൽനിന്ന് കമ്പനികൾ ഇവ വാങ്ങണമെങ്കിൽ രേഖാമൂലം അനുവാദം വാങ്ങിയിരിക്കണം. സ്ക്രാപ്പുകളുടെ എണ്ണവും അളവും തരവുമൊക്കെ അനുവാദ പത്രത്തിൽ വ്യക്തമാക്കുകയും റോയൽ ഒമാൻ പൊലീസിൽ നിന്ന് ഇവക്ക് അനുവാദം വാങ്ങുകയും വേണം.
സ്ക്രാപ് ശേഖരണത്തിനായി ഒരാൾക്ക് അനുവദിച്ച ലൈസൻസ് മറ്റൊരാൾക്ക് കൈമാറാനോ ലൈസൻസ് ഉടമയുടെ പേരിൽ മറ്റൊരാൾക്ക് ഇടപാട് നടത്താനോ പാടില്ല. മോഷണം മൂലം ലഭിക്കുന്നതോ ഉടമകളില്ലാതെ ലഭിക്കുന്നതോ ആയ വ്യാപാരവും നിരോധിച്ചിട്ടുണ്ട്.
ഇത്തരം ഇടപാടുകൾ ശ്രദ്ധയിൽപെടുന്നവർ ഉടൻ പൊലീസിനെ അറിയിക്കണം. ലൈസൻസിന് അപേക്ഷ ഫീസ് അടക്കം 305 റിയാലാണ് ആദ്യ ഘട്ടത്തിൽ ഈടാക്കുന്നത്. പുതുക്കുന്നതിന് 300 റിയാലാണ് നിരക്ക്. താമസ മേഖലകളിലോ പരിസരങ്ങളിലോ സ്ക്രാപ് ശേഖരിക്കുന്നവർക്ക് 500 റിയാലാണ് പിഴ. ഈ മേഖലകളിൽ സ്വദേശികൾ അല്ലാത്തവർ ജോലി ചെയ്താൽ 100 റിയാൽ പിഴ നൽകേണ്ടി വരും. ഈ മാസം മൂന്ന് മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.