ഒമാനിൽനിന്ന് അന്താരാഷ്ട്ര വിമാന സർവിസുകൾ പുനരാരംഭിക്കുന്നു
text_fieldsമസ്കത്ത്: കാത്തിരിപ്പിനൊടുവിൽ ഒമാനിൽനിന്ന് അന്താരാഷ്ട്ര വിമാന സർവിസുകൾ പുനരാരംഭിക്കുന്നു.ഒക്ടോബർ ഒന്നുമുതൽ അന്താരാഷ്ട്ര സർവിസുകൾക്കായി രാജ്യത്തെ വിമാനത്താവളങ്ങൾ തുറക്കാൻ കോവിഡ് പ്രതിരോധ നടപടികളുടെ ചുമതലയുള്ള ഒമാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച നടന്ന യോഗമാണ് ഇൗ തീരുമാനമെടുത്തത്. വിമാനത്താവളങ്ങൾ തുറക്കുമെങ്കിലും ലക്ഷ്യസ്ഥാനങ്ങളിലെ ആരോഗ്യ വിവരങ്ങൾക്കും മറ്റ് വിമാന കമ്പനികളുമായുള്ള ഉഭയകക്ഷി ധാരണക്കും അനുസരിച്ചായിരിക്കും സർവിസുകൾ ഷെഡ്യൂൾ ചെയ്യുകയും ഒമാനിലേക്കുള്ള സർവിസുകൾ അനുവദിക്കുകയും ചെയ്യുകയെന്നും അധികൃതർ അറിയിച്ചു.
ഒമാൻ ഫുട്ബാൾ അസോസിയേഷന് 2019-20 സീസണിലെ മത്സരങ്ങൾ പുനരാരംഭിക്കാനും സുപ്രീം കമ്മിറ്റി അനുമതി നൽകിയിട്ടുണ്ട്.2020-21 സീസണ് മത്സരങ്ങള്‍ ആരംഭിക്കാനും അനുമതിയുണ്ട്. കാണികളില്ലാതെയാകണം മത്സരങ്ങൾ നടത്തേണ്ടത്. ഒപ്പം കർശനമായ കോവിഡ് പ്രതിരോധ നടപടികൾ പാലിക്കുകയും വേണം. കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം കൈക്കൊണ്ട നടപടികളെ സുപ്രീം കമ്മിറ്റി പ്രശംസിക്കുകയും ചെയ്തു.സമഗ്രവും നിലവാരവുമുള്ളതുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുള്ള നടപടികളാണ് വിദ്യാഭ്യാസ വകുപ്പ് കൈക്കൊണ്ടിരിക്കുന്നതെന്ന് സുപ്രീം കമ്മിറ്റി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.