പെരുന്നാൾ പ്രതീക്ഷ കൈവിട്ട് ചെറുകിട കച്ചവടക്കാർ
text_fieldsസുഹാർ: പെരുന്നാൾ കച്ചവട പ്രതീക്ഷ കൈവിട്ട് സൂഖുകൾ കേന്ദ്രീകരിച്ചുള്ള ചെറുകിട വ്യാപാരികൾ.നല്ലനിലയിൽ വ്യാപാരം നടത്തിയിരുന്ന ഇവരുടെ സീസൺ കച്ചവടം പ്രതീക്ഷിച്ചുള്ള കാത്തിരിപ്പിന് രണ്ടു വർഷമാവുകയാണ്. ലോക്‌ഡൗണും കോവിഡ് വ്യാപനവും മൂലം കൊണ്ട് രണ്ടു വർഷമായി പെരുന്നാൾ, സ്‌കൂൾ വെക്കേഷന് നാട്ടിൽ പോകുന്നതിെൻറ അവധിക്കാല വിൽപന എന്നിവ ഇല്ലാതെയായി. ഹൈപ്പർ മാർക്കറ്റുകൾ വ്യാപകമായതിനെ തുടർന്നുണ്ടായ കച്ചവടക്കുറവിനൊപ്പമാണ് ഇടിത്തീപോലെ മഹാമാരിയും എത്തിയത്. പല കടകളിലും കഴിഞ്ഞ സീസണിൽ ഇറക്കിയ സാധനങ്ങൾ വരെ ചെലവാകാതെ കിടക്കുന്നുണ്ട്.
വിമാന സർവിസുകൾ ഇല്ലാത്തതിനാൽ തിരിച്ചുവരാനുള്ള വഴി തെളിയാത്തതുകൊണ്ട് ആരും നാട്ടിലേക്കു പോകുന്നില്ലെന്ന് സുഹാർ സൂഖിലെ പഴയ കച്ചവടക്കാരൻ തലശ്ശേരി സ്വദേശി എ.പി. അസീസ് പറയുന്നു. പെരുന്നാളിന് സാധാരണ ധാരാളമായി നടക്കുന്ന വസ്ത്രങ്ങൾ, ചെരിപ്പ്, സുഗന്ധവസ്തുക്കൾ തുടങ്ങിയവയുടെ കച്ചവടമൊന്നും ഈ സീസണിലും നടന്നിട്ടില്ല. കോവിഡിെൻറ ഒന്നാം തരംഗത്തിൽ കെട്ടിടവാടകയിൽ ചില ഉടമകൾ ചില ഇളവുകൾ അനുവദിച്ചിരുന്നു. എന്നാൽ, രണ്ടാം തരംഗത്തിൽ ഒരു വാടകയിളവും അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ സീസൺ കച്ചവടം കൂടിയില്ലാതായാൽ പിടിച്ചുനിൽക്കാനാകില്ലെന്ന് ഇവിടത്തെ കച്ചവടക്കാർ പറയുന്നു.
അതേസമയം, പെരുന്നാൾതിരക്കിന് കുറവൊന്നുമില്ലെന്നാണ് സീബ് സൂഖിൽ റോസ്റ്ററി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അബ്ദുറസാഖിന് പറയാനുള്ളത്. പേക്ഷ, പഴയതുപോലെ ആളുകൾ സാധനങ്ങൾ വാങ്ങുന്നില്ല. സാധനങ്ങളുടെ അളവ് പകുതിയും അതിൽ താഴെയുമൊക്കെയായി കുറച്ചു.
കനത്ത മഴയിൽ മറ്റിടങ്ങളിൽ നിന്ന് സ്ഥിരം വരാറുള്ള ആളുകൾ എത്താതിരുന്നതും കച്ചവടത്തെ ബാധിച്ചിട്ടുണ്ട്.അടുത്ത വർഷം മുതൽ സീബ് സൂഖ് മൊത്തമായി സ്വദേശിവത്കരിക്കുന്നുവെന്ന വാർത്തയും കച്ചവടക്കാരെ ആശങ്കയിലാക്കുന്നുണ്ട്.നിരവധി മലയാളികളടക്കം വിദേശികൾ ജോലി ചെയ്യുന്ന ഇടമാണ് സീബ് സൂഖ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.