സ്നേഹത്തണലിൽ അബ്ദുറഹിമാൻ നാടണയുന്നു
text_fieldsമസ്കത്ത്: 25ാമത്തെ വയസ്സിലാണ് ഒമാനിലെത്തുന്നത്. 1993 ഒക്ടോബർ ഏഴിനാണ് മിനിസ്ട്രി ഓഫ് ഹെൽത്തിൽ ഫാർമസിസ്റ്റ് ആയി ജോലി ആരംഭിക്കുന്നത്. ബോംബേയില്‍ ഒമാന്‍ കോണ്‍സുലേറ്റില്‍ ഇന്റർവ്യൂ കഴിഞ്ഞാണ് അഞ്ഞൂറിലധികം കിടക്കകളുള്ള 'ഖൗലഹോസ്പിറ്റലി'ൽ എത്തുന്നത്. അക്കാലത്തെ ജി.സി.സി.യിലെ അഡ്വാൻസ്ഡ് ക്ലിനിക്ക് ആയ ബൗഷര്‍ പോളിക്ലിനിക്കിലും ജോലി ചെയ്തു. തുടർന്ന് പുതുതായി വരുന്ന സ്വദേശികളായ ഫാര്‍മസിസ്റ്റുകളെ പരിശീലിപ്പിക്കൽ, വാർഡ്ഫാർമസി, സ്റ്റോർ കീപ്പിങ്, ആക്ടിങ് ഹെഡ് ഓഫ് ഫാർമസി എന്നീ തസ്തികകളിലും സേവനമനുഷ്ഠിച്ചു. വത്തയ്യ പ്രൈമറി ഹെൽത്ത് സെന്റര്‍, ഖുറിയാത്ത് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ജോലി നിരവധി അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ടെന്ന് അബ്ദുറഹിമാൻ പറയുന്നു. ഒമാനിലെ വിവിധ ഭാഗങ്ങളിൽ ഹോലികോപ്ടറിൽ പോയി രോഗികളെ പരിചരിച്ചിട്ടുണ്ട്. തുടക്കത്തിൽ സൂർ, നിസ്വ ഹോസ്പിറ്റലുകളിലേക്ക് കഴുതപ്പുറത്തും ഒട്ടകപ്പുറത്തും മണിക്കൂറുകൾ യാത്ര ചെയ്തായിരുന്നു രോഗികൾ എത്തിയിരുന്നത്. അന്നത്തെ ആരോഗ്യമന്ത്രി ഡോ.അലിമൂസ ഒരു സാധാരണക്കാരന്റെ വേഷത്തിൽ തന്റെ മുന്നിൽ വന്ന് മരുന്നുവാങ്ങിച്ച സംഭവം ഓർക്കുമ്പോൾ ഇന്നും മനസ്സിൽ കുളിരു പകരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യ രംഗത്ത് അന്നത്തെ സമാനതകൾ ഇല്ലാത്ത കെ.എം.സി.സിയുടെ പ്രവർത്തനത്തോടൊപ്പം നിന്ന് സേവനം ചെയ്തു. ഇന്നത്തെപ്പോലെ സ്വകാര്യ ആശുപത്രികളുടെ കടന്നുകയറ്റം ഇല്ലാത്ത കാലം. അതുകൊണ്ടുതന്നെ വിദേശികൾക്ക് ശരിയായ വിവരങ്ങൾ നല്കാൻ ശ്രമിച്ചിട്ടുണ്ട്. ഇങ്ങനെ ജീവിതത്തിലേക്ക് തിരിച്ച് വന്നവരാണ് പരപ്പനങ്ങാടിയിലെ ഹംസക്കോയ, കൊപ്പം അബ്ദുൽ ഖാദർ തുടങ്ങിയവർ. സൂർ പ്രവിശ്യയിലെ നൂഫ് എന്നപെൺകുട്ടി രോഗിയായിവന്നു മലയാളം പഠിച്ചതും മനസ്സിൽ മായാതെ നിൽക്കുന്നുണ്ടെന്നും അവർ പറഞ്ഞു. നാട്ടിൽ സുഹൃത്തുക്കളോടൊപ്പം തുടങ്ങിയ സെന്റര്‍ഫോര്‍ ഹാര്‍മോണിയസ് ലിവിങ് എന്ന മാനസികാരോഗ്യ സ്ഥാപനത്തിൽ പ്രവർത്തിക്കാനാണ് ഭാവിയിൽ തീരുമാനമെന്ന് അബ്ദുറഹിമാൻ പറഞ്ഞു. ഭാര്യ സുലൈഖ. നാല് മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.