ഓർമകൾക്ക് ഇനി സ്വർണത്തിളക്കം; ഗോപാലകൃഷ്ണൻ നാടണഞ്ഞു
text_fieldsമത്ര: നാലു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ ഗോപാലകൃഷ്ണൻ നാട്ടിലേക്കു മടങ്ങി. 1979ൽ ഇബ്രയിലായിരുന്നു ഇദ്ദേഹം എത്തിയത്. ഒരു വര്‍ഷത്തെ വാസത്തിനുശേഷം മത്രയിലേക്കു നീങ്ങി. ബാക്കിയുള്ള വര്‍ഷങ്ങളത്രയും മത്രയിലെ സ്വർണസൂഖിലായിരുന്നു ജോലിയും ജീവിതവും. ഗവ. അംഗീകാരമുള്ള ലാബ്ടെക്നീഷ്യന്‍ യോഗ്യതയുള്ള ഗോപാലേട്ടന്‍ സ്വര്‍ണ വിപണന മേഖലയില്‍ ഒഴിച്ചുകൂടാനാവാത്ത വ്യക്തിയായിരുന്നു.
ഒമാനിലെത്തുന്ന സ്വര്‍ണ ഉരുപ്പടികളുടെ പരിശുദ്ധി പരിശോധിക്കാന്‍ അനുമതിയുള്ള ചുരുക്കം ചിലരില്‍ ഒരാളാണ്. ഒമാന്‍ ഗവണ്‍മെൻറ് സര്‍ട്ടിഫിക്കറ്റിെൻറ ഉടമയായ ഇദ്ദേഹത്തിെൻറ പരിശോധന കഴിഞ്ഞ് ഒപ്പിടുന്നതോടെയാണ് ഉരുപ്പടികള്‍ വില്‍പനക്കായി ജ്വല്ലറികളിലേക്ക് പോകാറുള്ളത്.
മറ്റു പ്രവാസികളെപോലെ ആരോഗ്യം അനുവദിക്കാത്തതിനാലാണ് ഇദ്ദേഹവും നാട്ടിലേക്ക് തിരിച്ചത്. നേരത്തേ പോകാൻ തയാറെടുത്തതാണെങ്കിലും സാഹചര്യം ഒത്തുവന്നതിപ്പോഴാണെന്ന ഗോപാലേട്ടന്‍ പറഞ്ഞു.
ഒമാനിലെ, പ്രത്യേകിച്ച് മത്രയിലെ ജീവിതം നല്ല അനുഭവങ്ങള്‍ അടങ്ങിയതാണ്. നല്ലവരായ സ്വദേശി സമൂഹങ്ങളുടെ സൗഹാർദപരമായ ഇടപെടലുകൾ കൊണ്ടാണ് ഈ രാജ്യത്തെ ജീവിതം മടുപ്പോ വിരസതയോ തോന്നിക്കാതെ നീണ്ടുപോയത്. പിന്നെ മലയാളികൾ ധാരാളമുള്ള മത്രയിലാണ് താമസം എന്നതിനാല്‍ പ്രവാസം തരാറുള്ള വിരഹം വല്ലാതെ അനുഭവിച്ചതുമില്ല. അഞ്ചു മാസത്തെ ലോക്ഡൗണ്‍ കാലം ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവമാണ്. പരസ്പരം പങ്കുവെച്ചും സഹായിച്ചും സഹകരണത്തോടെ പ്രവര്‍ത്തിച്ചതുകൊണ്ട് കോവിഡ് ദുരിതകാലം നന്മ ചെയ്യാനായത് സന്തോഷം പകരുന്ന കാര്യമാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.