ഗ്രേറ്റർ സലാല വികസന പദ്ധതി അവലോകനം ചെയ്തു
text_fieldsഗ്രേറ്റർ സലാല വികസന പദ്ധതി അവലോകനയോഗം
മസ്കത്ത്: ഗ്രേറ്റർ സലാല വികസന പദ്ധതിയുടെ മാസ്റ്റർ പ്ലാൻ അവലോകനം ചെയ്യുന്നതിനായി പ്രത്യേക യോഗം ചേർന്നു. ഒമാൻ ഭവന, നഗരാസൂത്രണ മന്ത്രാലയവും ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും(ഒ.സി.സി.ഐ) ചേർന്നാണ് പദ്ധതിയുടെ മുന്നോട്ടുപോക്ക് സംബന്ധിച്ച പ്രത്യേക യോഗം സംഘടിപ്പിച്ചത്. സലാലയെയും നഗരത്തിന്റെ സമീപപ്രദേശങ്ങളെയും നല്ല രീതിയിൽ സ്വാധീനിക്കുന്ന വൻ സാമ്പത്തിക പദ്ധതിയെന്ന നിലയിൽ വിവിധ വ്യക്തികളുടെ കാഴ്ചപ്പാടുകൾ ചടങ്ങിൽ അവതരിപ്പിക്കപ്പെട്ടു. സമഗ്ര വികസന തന്ത്രത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയ ഗ്രേറ്റർ സലാലയുടെ ഘടനപരമായ പദ്ധതി ഉദ്യോഗസ്ഥർ അവലോകനം ചെയ്തു. വർധിച്ചുവരുന്ന ജനസാന്ദ്രതയെ ഉൾക്കൊള്ളാനും നിക്ഷേപങ്ങളെ ആകർഷിക്കാനും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും ഗവർണറേറ്റിന്റെ ഗതാഗത പദ്ധതി വികസിപ്പിക്കാനും ഗ്രേറ്റർ സലാല പദ്ധതി വലിയരീതിയിൽ ഗുണം ചെയ്യുമെന്ന് പരിപാടിയിൽ സംബന്ധിച്ചവർ വിലയിരുത്തി. ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി ബിൻ മഹ്മൂദ് അൽ സെയ്ദ്, ഭവന, നഗരാസൂത്രണ മന്ത്രി ഡോ. ഖൽഫാൻ സെയ്ദ് അൽ ശുവൈലി, നിരവധി ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.