റിയാൽ വിനിമയ നിരക്ക് വീണ്ടും 215ലേക്ക്
text_fieldsമസ്കത്ത്: ഒമാനി റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും 215ലേക്ക് അടുക്കുന്നു. ഒരു റിയാലിന് 214.20 രൂപ എന്ന നിരക്കാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ വെള്ളിയാഴ്ച നൽകിയത്. വാരാന്ത്യ അവധി ആയതിനാൽ ശനി, ഞായർ ദിവസങ്ങളിലും ഇതേ നിരക്ക് തന്നെയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. എന്നാൽ വിനിമയ നിരക്കിനുള്ള അന്താരാഷ്ട്ര പോർട്ടലായ എക്സ്.ഇ എക്ചേഞ്ചിൽ ഒരു റിയാലിന് 214.90 രൂപ എന്ന നിരക്കാണ് കാണിക്കുന്നത്. അമേരിക്കൻ ഡോളർ ശക്തി പ്രാപിച്ചതാണ് ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയാൻ പ്രധാന കാരണം.
ഒരു ഡോളറിന് 82.66 രൂപയാണ് വെള്ളിയാഴ്ചത്തെ നിരക്ക്. കഴിഞ്ഞ എട്ട് ആഴ്ചക്കുള്ളിലെ ഇന്ത്യൻ രൂപയുടെ താഴ്ന്ന നിരക്കാണിത്. അമേരിക്കൻ ഫെഡറൽ റിസർവ് കൈക്കൊള്ളുന്ന നിരവധി നടപടികളെ തുടർന്നാണ് ഡോളർ ശക്തി പ്രാപിക്കാൻ തുടങ്ങിയത്. കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് ഡോളർ ഇൻറക്സ് രണ്ട് ശതമാനം വർധിച്ചിരുന്നു. അമേരിക്കൻ ഡോളർ ശക്തിപ്രാപിക്കാൻ നിരവധി കാരണങ്ങളുണ്ട്. അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് പ്രതീക്ഷിച്ചതിനനുസരിച്ച് ഉയരാതിരുന്നത് ഡോളർ ശക്തമാവാൻ പ്രധാന കാരണമാണ്.
നിലവിലെ റിയാലിന്റെ വിനിമയ നിരക്ക് ഈ വർഷം മാർച്ച് 16ന് ശേഷമുള്ള ഉയർന്ന നിരക്കാണ്. മാർച്ച് 16ന് എക്സ്. ഇ എക്സ്ചേഞ്ചിൽ വിനിമയ നിരക്ക് 214.90 വരെ എത്തിയിരുന്നു. അതിനുശേഷം വിനിമയ നിരക്ക് താഴേക്ക് പോവുകയും 14 ന് 212.10രൂപ വരെ എത്തുകയും ചെയ്തിരുന്നു. ഈ മാസം ഏഴിന് 212.30 ആയിരുന്നു വിനിമയനിരക്ക്. പിന്നീട് വിനിമയനിരക്ക് സാവധാനത്തിൽ ഉയരുകയായിരുന്നു. കഴിഞ്ഞ വർഷം ഇതേ ദിവസം 202.30 ആയിരുന്നു വിനിമയ നിരക്ക്.
വിനിമയ നിരക്ക് ഉയരുന്നത് പ്രവാസികൾക്ക് വലിയ സന്തോഷം നൽകുന്നതാണ്. പ്രവാസികൾക്ക് തങ്ങളുടെ അധ്വാനത്തിന് കൂടുതൽ വില ലഭിക്കും. കോവിഡ് പ്രതിസന്ധിക്ക് പ്രവാസികളിൽ ചിലർ നിരവധി സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട്. ശമ്പളം വെട്ടി കുറക്കൽ അടക്കമുള്ള നിരവധി പ്രതിസന്ധികൾ നേരിടുന്നുണ്ട്. ഇത്തരം സാഹര്യത്തിൽ വിനിമയ നിരക്ക് ഉയരുന്നതും റിയാലിന് കൂടുതൽ വില കിട്ടുന്നതും പ്രവാസികൾക്ക് വലിയ അനുഗ്രഹമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.