കസാഈനിൽ ചെറുകിട ചരക്കുകൾ വഹിക്കാൻ റിക്ഷകൾ
text_fieldsമസ്കത്ത്: കഴിഞ്ഞദിവസം പ്രവർത്തനം ആരംഭിച്ച കസാഈനിലെ സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റിൽ (സിലാൽ) കൗതുകമായി ഗുഡ്സ് റിക്ഷകൾ. മാർക്കറ്റിലെ വൻ തിരക്കിലൂടെ ഹോൺ അടിച്ചാണ് ഈ റിക്ഷകൾ പായുന്നത്. മാർക്കറ്റിൽനിന്ന് പഴവും പച്ചക്കറികളും ഉപഭോക്താക്കളുടെ വാഹനങ്ങളിലേക്കെത്തിക്കാനാണ് റിക്ഷകൾ കാര്യമായി ഉപയോഗിക്കുന്നത്.
ചെറുകിട ചരക്കുകൾ വാഹനങ്ങളിലെത്തിക്കാൻ റിക്ഷകളും കൂടുതൽ പഴങ്ങളും പച്ചക്കറികളും മാർക്കറ്റിലെത്തിക്കാൻ ഫോർക് ലിഫ്റ്റുകളുമാണ് ഉപയോഗിക്കുന്നത്. മാർക്കറ്റിന്റെ 170 ലധികം കടക്കാർക്കും സ്വന്തമായി രണ്ടും മൂന്നും റിക്ഷകളുണ്ട്.
മാർക്കറ്റിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സ്വന്തമായി റിക്ഷകളോ മറ്റു വാഹനങ്ങളോ ഇറക്കാൻ അനുവാദമില്ല. സൈക്കിൾ റിക്ഷകളോ ഉന്തു വണ്ടികളോ ഒന്നും മാർക്കറ്റിൽ അനുവദിക്കില്ല.
മാർക്കറ്റ് അധികൃതർ തന്നെയാണ് റിക്ഷകൾ നൽകുന്നത്. ഇതിനായി സ്ഥാപനങ്ങൾ ഓരോ റിക്ഷക്കും വാടക നൽകിയിരിക്കണം. 150 റിയാലാണ് ഒരു റിക്ഷയുടെ മാസ വാടക. ഓരോ സ്ഥാപനത്തിനും തങ്ങളുടെ ആവശ്യം അനുസരിച്ച് റിക്ഷകൾക്ക് ഓർഡർ നൽകാവുന്നതാണ്. 500 റിക്ഷകൾ മാർക്കറ്റിലുണ്ടാവുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. ഇത് മുഴുവൻ മാർക്കറ്റിലെത്തിയിട്ടില്ല. നിലവിൽ 200 ഓളം റിക്ഷകൾ മാർക്കറ്റിൽ സർവിസ് നടത്തുന്നുണ്ട്.
റിക്ഷകൾ ഓടിപ്പായുന്നത് നാട്ടിലെ ചെറിയ നഗരത്തിന്റെ പ്രതീതിയുണ്ടാക്കുന്നുണ്ട്. ഇവയിൽ ഓരൊന്നും ചരക്കുമായി അതിവേഗം ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുകയാണ്. ഇതിനിടയിൽ ആളുകൾ മുന്നിൽപ്പെട്ടാൽ ഹോൺ അടിക്കുകയും ചെയ്യും.
റിക്ഷയിൽ പിൻ ഭാഗത്ത് ചരക്കുകളും മുൻ ഭാഗത്ത് ഡ്രൈവറുടെ സീറ്റിനു സമീപത്തായി ജോലിക്കാർക്കും കയറി യാത്ര ചെയ്യാം. ഇലക്ട്രിക് റിക്ഷകളാണ് മാർക്കറ്റിൽ സർവിസ് നടത്തുന്നത്. അതിനാൽ പുക മാലിന്യമോ മറ്റു മാലിന്യങ്ങളോ ഉണ്ടാവില്ല.
ഇത് മാർക്കറ്റിലെ ജീവനക്കാർക്കും ഉപഭോക്താക്കളായി എത്തുന്നവർക്കും വലിയ അനുഗ്രഹമാണ്. വാഹനങ്ങൾ ഓരോ സ്ഥാപനത്തിന്റെ മുമ്പിൽതന്നെ നിർത്തിയിട്ടിരിക്കുന്നതും കാണാം. വൈദ്യുതി വാഹനം ആയതിനാൽ പെട്രോൾ ചെലവും ആവശ്യമില്ല. ഏതായാലും പുതുതായി മാർക്കറ്റിലെത്തുന്ന സ്വദേശികളുടെ ആകർഷണം കൂടിയാണ് ഗുഡ്സ് റിക്ഷകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.