റിയാദ് ബസ് സർവിസ്; ഉംറ യാത്രക്കാർക്ക് അനുഗ്രഹമാവും
text_fieldsമസ്കത്ത്: കഴിഞ്ഞ ദിവസം ആരംഭിച്ച മസ്കത്ത്-റിയാദ് ബസ് സർവിസ് ഒമാനിൽനിന്ന് സ്വന്തമായി ഉംറക്ക് പോകുന്നവർക്ക് അനുഗ്രഹമാവും. ആദ്യ യാത്രയിൽ റൂവിയിൽനിന്ന് പത്ത് പേരാണ് ബസിലുണ്ടായിരുന്നത്. ദമ്മാം വഴിയാണ് ബസ് റിയാദിലെത്തുക. എല്ലാ ദിവസവും ബസ് സർവിസ് ഉണ്ടാവും. റിയാദിലെ അസീസിയയിൽനിന്ന് വൈകീട്ട് അഞ്ചിനാണ് ബസ് തിരിച്ച് ഒമാനിലേക്ക് പുറപ്പെടുക. വൺവേക്ക് 35 റിയാലാണ് ബസ് സർവിസ് നടത്തുന്നവർ ഈടാക്കുന്നത്. ഒരു മാസത്തേക്ക് നിരക്കിളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാനിൽ നിന്ന് റോഡ് മാർഗം ഉംറക്ക് പോകുന്നവർ റിയാദ് വഴിയാണ് യാത്ര പോവുന്നത്. ഇവിടെനിന്ന് മദീനയിലേക്ക് പോവുകയാണ് സാധാരണ ചെയ്യുന്നത്.
തിരിച്ച് വരുന്നവർ മക്കയിൽനിന്ന് റിയാദ് വഴിയാണ് ഒമാനിലെത്തുക. നിലവിൽ മക്കയിലേക്കും മദീനയിലേക്ക് പോവുന്നവരും റിയാദ് വഴിയാണ് കടന്നുപോവുന്നത്. അതിനാൽ ഗ്രൂപ്പിലല്ലാതെ ഉംറക്ക് പോവുന്നവർക്ക് ബസ് സർവിസ് വലിയ അനുഗ്രഹമാവും. ഒമാനിൽനിന്ന് സാമൂഹിക സംഘടനകളും ട്രാവൽ ഏജൻസികളും ഉംറ സർവിസുകൾ നടത്തുന്നുണ്ട്. ചില സംഘടനകൾ സേവനം എന്ന നിലയിൽ കുറഞ്ഞ നിരക്കിൽ ഉംറ സർവിസുകൾ നടത്തുന്നുണ്ട്. എന്നാൽ, ഇവയിൽ പലതും സീസണുകളിൽ മാത്രമാണുള്ളത്. റമദാൻ, ക്രിസ്മസ്, സ്കൂൾ അവധി തുടങ്ങിയ സീസണുകളിൽ മാത്രമാണ് ഉംറ സർവിസുകൾ നടത്തുന്നത്. ഇത് കാരണം ഉംറ യാത്രക്കായി ഇത്തരം സീസൺവരെ കാത്തിരിക്കേണ്ടി വരുന്നുണ്ട്.
ബസ് സർവിസ് വന്നതോടെ ഇത്തരം സർവിസുകളെ ആശ്രയിക്കാതെ ഏത് സമയത്തും ഉംറ യാത്ര നടത്താൻ പറ്റും. സൗദി ഔദ്യോഗിക ബസ് കമ്പനി റിയാദിൽനിന്ന് മക്കയിലേക്കും മദീനയിലേക്കും സർവിസ് നടത്തുന്നുണ്ട്. റിയാദിൽനിന്ന് മദീനയിലേക്ക് 829 കിലോമീറ്റർ ആണ് ദൂരം. 7.45 മണിക്കൂർ വേണ്ടി വരും മദീനയിൽ എത്താൻ. റിയാദിൽനിന്ന് മക്കയിലേക്ക് താരതമ്യേന ദൂരം കൂടുതലാണ്. 872 കിലോമീറ്റാണ് മക്കയിലേക്കുള്ള ദൂരം. ഇതിന് 8.45 മണിക്കൂർ വേണ്ടി വരും. ബസ് ദമ്മാമിലൂടെയാണ് കടന്നുവരുന്നതെങ്കിലും ദമ്മാമിൽനിന്ന് മക്കയിലേക്ക് 1279 കിലോമീറ്റർ ദൂരമുണ്ട്. 12.20 മണിക്കുറാണ് ഇതിന് വേണ്ടത്. ദമ്മാമിൽ നിന്ന് മദീനയിലേക്ക് 1226 കിലോമീറ്ററുണ്ട്. ഇതിന് 11.30 മണിക്കൂർ സമയം വേണ്ടി വരും. അതിനാൽ ബസിൽ വരുന്നവർ റിയാദിൽ നിന്നാണ് മക്കയിലേക്കോ മദീനയിലേക്കോ പോവാൻ ശ്രമിക്കുക. സൗദി അറേബ്യയിലേക്കുള്ള വിസ നടപടികൾ അധികൃതർ എളുപ്പമാക്കിയത് ബസ് യാത്രക്കാർക്ക് അനുഗ്രഹമാണ്. ഒമാനിൽ താമസ വിസ ഉള്ളവർക്ക് ഉംറ വിസക്ക് 63 റിയാലാണ് ഈടാക്കുന്നത്. ഒരു വർഷം കാലാവധിയുള്ള മൂന്ന് മാസം സൗദിയിൽ തങ്ങാൻ കഴിയുന്ന മൾട്ടിപ്പിൾ എൻട്രി വിസക്ക് 50 റിയാലാണ് നിരക്ക്. അതിനാൽ ഒമാനിൽനിന്ന് സൗദി വിസ എടുത്ത് റോഡ് മാർഗം റിയാദിലെത്തി അവിടെനിന്ന് ബസ് മാർഗം മക്കയിലേക്കും മദീനയിലേക്കും പോവാൻ കഴിയുന്ന രീതിയിലായിരിക്കും പലരും യാത്ര പരിപാടികൾ തയാറാക്കുക.
ബസ് സർവിസ് നിലവിൽ വന്നതോടെ ചില ട്രാവൽ ഏജൻസികൾക്ക് പാക്കേജുകൾ ഉണ്ടാക്കാനും പദ്ധതിയുണ്ട്. റിയാദിലേക്കും ഇവിടെനിന്ന് മക്ക, മദീന എന്നിവിടങ്ങളിലേക്കുമുള്ള ബസ് സർവിസ് ബുക്കിങ്ങുകളും മക്കയിലെയും മദീനയിലെയും താമസ സൗകര്യവും ഒക്കെ അടങ്ങുന്നതായിരിക്കും ഈ പാക്കേജുകൾ. വരും ദിവസങ്ങളിൽ പലരീതിയിലുള്ള ഉംറ പാക്കേജുകളുമായി ട്രാവൻ ഏജന്റുകൾ രംഗത്തെത്തും.മലയാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് റിയാദ്. ഒമാനിൽ ജോലി ചെയ്യുന്ന നിരവധിയാളുകളുടെ കുടുംബങ്ങളും സുഹൃത്തുക്കളും റിയാദിലുണ്ട്. ഇത്തരക്കാർക്ക് ഇവരെ സന്ദർശിക്കാനും ബന്ധം പുതുക്കാനും ബസ് സർവിസ് സഹായിക്കും. സൗദി അറേബ്യയിലെ ചരിത്ര പ്രാധാന്യമുള്ളതും അല്ലാത്തതുമായ പ്രദേശങ്ങൾ സന്ദർശിക്കുന്നവർക്കും പുതിയ ബസ് സർവിസ് ഏറെ ഉപകാരമാവും. ഈ സർവിസിന് സ്വീകാര്യത വർധിക്കുമെന്നും കൂടുതൽ ബസ് കമ്പനികൾ രംഗത്ത് വരുന്നതോടെ നിരക്കുകൾ കുറയുമെന്നുമാണ് ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.