റിയാൽ വിനിമയ നിരക്ക് ഒരുമാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ
text_fieldsമസ്കത്ത്: റിയാലിന്റെ വിനിമയ നിരക്ക് വെള്ളിയാഴ്ച ഒരു മാസത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. വെള്ളിയാഴ്ച ഒരു റിയാലിന് 212.40 രൂപ എന്ന നിരക്കാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ നൽകിയത്. വ്യാഴാഴ്ച റിയാലിന് 214.40 രൂപയായിരുന്നു ക്ലോസിങ് നിരക്ക്.
ഒറ്റ ദിവസംകൊണ്ട് റിയാലിന് രണ്ട് രൂപയാണ് കുറഞ്ഞത്. വ്യാഴാഴ്ച രാവിലെ റിയാലിന് 214.70 രൂപവരെ നൽകിയിരുന്നു. മാസം ആരംഭിക്കുന്ന അവസരത്തിൽ വിനിമയ നിരക്ക് കുറയുന്നത് പ്രവാസികൾക്ക് തിരിച്ചടിയായിട്ടുണ്ട്. ശമ്പളം കിട്ടിയ ശേഷം നാട്ടിലേക്ക് പണമയക്കാൻ പ്രവാസികൾ കാത്തിരിക്കുന്ന സമയമാണിത്. ഉയർന്ന നിരക്കിൽ പണം അയക്കാൻ കാത്തിരുന്നവരെയും പെട്ടെന്ന് നിരക്ക് കുറഞ്ഞത് പ്രയാസപ്പെടുത്തുന്നുണ്ട്.
ഡോളറിനെ അപേക്ഷിച്ച് ഇന്ത്യൻ രൂപ മെച്ചപ്പെട്ടതാണ് വിനിമയ നിരക്ക് കുറയാൻ കാരണം. ഡോളറിന്റെ വില വെള്ളിയാഴ്ച 81.97 രൂപയായിരുന്നു. മുൻ ദിവസത്തെക്കാൾ 63 പൈസ കുറവാണിത്. വ്യാഴാഴ്ച ഡോളറിന്റെ വില 82.60 രൂപയായിരുന്നു. വിദേശ നിക്ഷേപകരുടെ ഇന്ത്യയിലേക്കുള്ള ഒഴുക്കും ആഭ്യന്തര ഉൽപാദന രംഗത്തെ അനുകൂല ഘടകവുമാണ് ഇന്ത്യൻ രൂപ ശക്തിപ്പെടാൻ പ്രധാന കാരണം. വ്യാഴാഴ്ച മാത്രം 12,770.81 കോടി രൂപയാണ് ഫോറിൻ ഇന്സ്റ്റിറ്റ്യൂഷനൽ ഇൻവെസ്റ്റേഴ്സ് ഇന്ത്യയിൽ നിക്ഷേപിച്ചത്. ഇവരാണ് ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്നത്. എന്നാൽ, ഡോളർ ശക്തി പ്രാപിക്കുന്ന പ്രവണതയാണ് കാണിക്കുന്നത്. പ്രധാന ആറ് കറൻസികളെ അപേക്ഷിച്ച് 0.19 മെച്ചമാണ് അമേരിക്കൻ ഡോളർ കാണിക്കുന്നത്.
യൂറോപ്യൻ രാജ്യങ്ങളുടെ കറൻസിയായ യൂറോയും തകർച്ച നേരിടുകയാണ്. യൂറോപ്യൻ രാജ്യങ്ങളിൽ അനുഭവപ്പെടാൻ സാധ്യതയുള്ള പണപ്പെരുപ്പ ഭീഷണിയാണ് യൂറോയെ പ്രതികൂലമായി ബാധിക്കുന്നത്. എന്നാൽ, ചൈന പൂർണമായി പൂർവസ്ഥിതിയിലെത്തിയതോടെ ആഗോള മാർക്കറ്റിൽ എണ്ണ വില ഉയരാൻ തുടങ്ങിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളിലെ ഏറ്റവും ഉയർന്ന നിരക്കാണ് വെള്ളിയാഴ്ച മാർക്കറ്റിലുള്ളത്. എണ്ണ വില ഉയരുന്നതും അമേരിക്കൻ ഡോളർ ശക്തി പ്രാപിക്കുന്നതും ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. അതിനാൽ വരും ദിവസങ്ങളിൽ വിനിമയ നിരക്ക് ഉയരാനും സാധ്യതയുണ്ട്. എന്നാൽ, ലോകത്ത് പണപ്പെരുപ്പ ഭീഷണി വരുകയാണെങ്കിൽ കാര്യങ്ങൾ മാറിമറിയും. പണപ്പെരുപ്പം വർധിക്കുകയാണെങ്കിൽ എണ്ണവിലയും കുറയാൻ സാധ്യതയുണ്ട്.
വിനിമയ നിരക്ക് റിയാലിന് 215 രൂപ എത്തിയ ശേഷമാണ് മൂന്ന് ദിവസത്തിനുള്ളിൽ 212.40 രൂപയിലെത്തുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ റിയാലിന് 215 രൂപ എന്ന നിരക്ക് നൽകിയിരുന്നു. എന്നാൽ, 214.70 ആയിരുന്നു തിങ്കളാഴ്ച ക്ലോസിങ് നിരക്ക്. വ്യാഴാഴ്ച വരെ സമാനമായ നിരക്കുകൾതന്നെയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ശേഷമുള്ള എറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോഴുള്ളത്. ശനി, ഞായർ ദിവസങ്ങളിൽ ഇതേ നിരക്ക് തന്നെയാണ് ലഭിക്കുക. കഴിഞ്ഞ ഡിസംബർ 27ന് വിനിമയ നിരക്ക് 215ന് അടുത്തെത്തിയിരുന്നു. പിന്നീട് നിരക്ക് താഴേക്ക് വരുകയായിരുന്നു. ഫെബ്രുവരി രണ്ടിന് 212.30ലെത്തിയ ശേഷം മുകളിലേക്ക് കയറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.