റുസൈൽ-നിസ്വ റോഡ് നാലുവരിപ്പാതയാക്കുന്നു
text_fieldsമസ്കത്ത്: വർധിക്കുന്ന ഗതാഗതത്തിരക്ക് കണക്കിലെടുത്ത് റുസൈലിൽനിന്ന് നിസ്വയിലേക്കുള്ള ഇരട്ടപ്പാത വികസിപ്പിക്കുന്നു. ബുർജ് അൽ സഹ്വയിൽനിന്ന് ബിദ്ബിദ് സൂർ ഇൻറർസെക്ഷൻ വരെയാണ് വികസിപ്പിക്കുക. നിലവിൽ ഒാരോ വശത്തുമായി രണ്ടുവരി പാതയാണ് ഉള്ളത്. ഇത് നാലുവരിയാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച രാജകീയ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
രണ്ടു ഭാഗങ്ങളായിട്ടാകും റോഡിെൻറ നിർമാണം. മസ്കത്ത് എക്സ്പ്രസ്വേയിൽ നിസ്വ ഇൻറർസെക്ഷൻ മുതൽ ബിദ്ബിദ്-സൂർ ഹൈവേ ഇൻറർസെക്ഷൻ വരെയുള്ള 27 കിലോമീറ്ററാകും ആദ്യഘട്ടത്തിൽ. അൽ സഹ്വ ടവർ മുതൽ മസ്കത്ത് എക്സ്പ്രസ്വേയിലെ നിസ്വ ഇൻറർസെക്ഷൻ വരെയുള്ള എട്ടര കിലോമീറ്ററാകും രണ്ടാംഘട്ടത്തിൽ വികസിപ്പിക്കുക. മൊത്തം 35.5 കിലോമീറ്റർ റോഡാണ് നാലുവരിയായി ഉയർത്തുന്നത്.
പദ്ധതിക്കായി ഏറ്റെടുക്കുന്ന വസ്തുവകകളുടെ ഉടമസ്ഥർക്ക് നഷ്ടപരിഹാരം നൽകുമെന്നും അധികൃതർ അറിയിച്ചു. വസ്തുവകകളുടെ ഏറ്റെടുക്കൽ പരമാവധി ഒഴിവാക്കാൻ ജനവാസ കേന്ദ്രങ്ങളിൽ 80 മീറ്റർ വരെ സ്ഥലമാകും ഏറ്റെടുക്കുക.
തുറസ്സായ സ്ഥലങ്ങളിൽ ഭാവിയിലെ വികസനം കൂടി കണക്കിലെടുത്ത് 160 മീറ്റർ സ്ഥലം ഏറ്റെടുക്കും. വിപുലീകരണത്തിെൻറ ഭാഗമായി ചില പാലങ്ങളും ഇൻറർസെക്ഷനുകളും വികസിപ്പിക്കുകയും ചിലത് നിർമിക്കുകയും ചെയ്യും. മവേല ഇൻറർസെക്ഷൻ, വാദി ജിഫ്നൈൻ പാലം, ഫഞ്ച ഇൻറർസെക്ഷൻ, അംഖത്തിന് സമീപമുള്ള വാദി ഫഞ്ച പാലം, ബിദ്ബിദ് ഇൻറർസെക്ഷൻ എന്നിവയാണ് വികസിപ്പിക്കുക. കാൽനടയാത്രക്കാർക്കുള്ള പാതകളും വികസിപ്പിക്കും.
അൽ അൻസാബ് റോഡിലും സൈഹ് അൽ അമറിലും പുതുതായി രണ്ട് ഇൻറർസെക്ഷനുകൾ നിർമിക്കും. വാദി ദാബുനിൽ പാലവും നിർമിക്കും. സൈഹ് അൽ അമറിൽ ട്രക്കുകൾക്കായി സ്റ്റേഷനും പൂർത്തിയാക്കും. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും വികസിപ്പിച്ച റോഡിൽ ഉണ്ടാകും. പ്രധാന റോഡിലും അരികുറോഡിലും പാലങ്ങളിലും റൗണ്ട് എബൗട്ടുകളിലുമടക്കം മഴവെള്ളം ഒഴുകിപ്പോകാൻ നൂതന ഡ്രെയിനേജ് സംവിധാനവും ഉണ്ടാകും. മസ്കത്ത്, ദാഖിലിയ, ദാഹിറ, ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് നെറ്റ്വർക്കുകളിൽ ഒന്നാണ് റുസൈലിൽ നിന്ന് നിസ്വയിലേക്കുള്ളത്. ഒരു ദശാബ്ദമായി ഇൗ റോഡിലൂടെ വലിയ വാഹനങ്ങളുടെയടക്കം ഗതാഗതം ഉയർന്ന തോതിലാണ്. തിരക്കുള്ള സമയങ്ങളിലും പല ഇൻറർസെക്ഷനുകളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്. നിലവിലെ റോഡിെൻറ രൂപകൽപന-നിർമാണ രീതി പരിശോധിക്കാനും അടുത്ത 20 വർഷത്തെ വാഹനപ്പെരുപ്പം മുന്നിൽകണ്ടുമുള്ള നൂതന നിർമാണരീതി അവലംബിക്കാനും രാജകീയ ഉത്തരവിൽ നിർദേശിക്കുന്നു. റോഡ് വിപുലീകരണത്തെ കുറിച്ചുള്ള പഠനം ഗതാഗത-വാർത്താവിനിമയ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.