ഒരുമയുടെ ആഘോഷത്തിന് വിളംബരമായി; റോഡ്ഷോ ഇന്നുമുതൽ
text_fieldsസലാല: മാനവികതയുടെയും ഒരുമയുടെയും സന്ദേശമുയർത്തുന്ന ഗൾഫ് മാധ്യമം ‘ഹാർമോണിയസ് കേരള’യുടെ നാലം എഡിഷന്റെ വിളംബര റോഡ്ഷോ സലാലയിൽ ബുധനാഴ്ച ആരംഭിക്കും. പ്രമുഖ അവതാരകൻ രാജ് കലേഷാണ് മൂന്നുദിവസത്തെ പരിപാടിക്ക് നേതൃത്വം നൽകാനെത്തുന്നത്. ചിരിയും ചിന്തയുമുണർത്തുന്ന കളികളും പറച്ചിലുമായി രാജ് കലേഷ് കലാപൂരത്തിന്റെ കൊടിയേറ്റം നിർവഹിക്കും. ബുധനാഴ്ച വൈകീട്ട് 7.30 മുതൽ സീപേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയിലാണ് റോഡ് ഷോകളുടെ തുടക്കം. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണി മുതൽ 6.30 വരെ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് സആദ ബ്രാഞ്ചിലും രാത്രി ഏഴുമണി മുതൽ രാത്രി ഒമ്പതുവരെ അൽവാദി ലുലു മാളിലും റോഡ്ഷോ നടക്കും.
വെള്ളിയാഴ്ച രാവിലെ 1.30ന് തുംറൈത്ത് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ ഓണാഘോഷ പരിപാടിയിലും രാജ് കലേഷ് അരങ്ങുതകർക്കും. കുടുംബങ്ങൾക്കുവേണ്ടിയുള്ള വിനോദ പരിപാടികളും മത്സരങ്ങളും കിടിലൻ സമ്മാനങ്ങളുമാണ് ഇതിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 13ന് സലാല അൽ മറൂജ് ആംഫി തിയറ്ററിലാണ് ‘ഹാർമോണിയസ് കേരള’യുടെ ഒമാനിലെ നാലാം എഡിഷന് വേദിയൊരുങ്ങുന്നത്. ഷാഹി, ലുലു ഹൈപ്പർ മാർക്കറ്റ്, ബദർ അൽ സമ ഹോസ്പിറ്റൽ, സീ പേൾസ് ജ്വല്ലറി, ഹോട്ട്പാക്ക്, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് എന്നിവരാണ് പരിപാടിയുടെ മുഖ്യപ്രായോജകർ.
മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര താരവും ദേശീയ അവാർഡ് ജേതാവുമായ അപർണ ബാലമുരളി, മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിലൂടെ തെന്നിന്ത്യൻ സിനിമാസ്വാദകരുടെ മനസ്സിൽ സ്ഥാനംപിടിച്ച മനോജ് കെ. ജയൻ എന്നിവരാണ് ചടങ്ങിൽ മുഖ്യാതിഥികളായെത്തുന്നത്. നാലുവര്ഷം മുമ്പ് സലാലയിലെ പ്രവാസി സമൂഹം നെഞ്ചേറ്റിയ ‘ഹാർമോണിയസ് കേരള’ ഏറെ പുതുമകളോടെയാണ് ഇത്തവണ സജ്ജീകരിച്ചിരിക്കുന്നത്. വിനോദത്തിന്റെയും ആസ്വാദനത്തിന്റെയും പുത്തൻ അനുഭവങ്ങൾ സമ്മാനിക്കാൻ ഗായകരായ വിധു പ്രതാപ്, ചിത്ര അരുൺ, അക്ബർ ഖാൻ, ക്രിസ്റ്റകല, അശ്വന്ത് അനിൽകുമാർ, മേഘ്ന സുമേഷ്, ഡാൻസർ റംസാൻ മുഹമ്മദ്, അവതാരകനും നടനുമായ മിഥുൻ രമേശ് തുടങ്ങി നിരവധി കലാകാരന്മാരും വേദിയിലെത്തും. മുഴുവൻ പ്രവാസി മലയാളികളെയും മെഗാ ആഘോഷത്തിന്റെ ഭാഗമാക്കാൻ ഏറ്റവും കുറഞ്ഞ നിരക്കാണ് ടിക്കറ്റിന് നിശ്ചയിച്ചിരിക്കുന്നത്. സനായ്യ, തുംറൈത്ത്, സലാല, സാദ എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളിൽ ടിക്കറ്റുകൾ ലഭ്യമാണ്. സിംഗിൾ എൻട്രി ഡയമണ്ട് ടിക്കറ്റിന് അഞ്ച് റിയാലും സിംഗിൾ എൻട്രി പ്ലാറ്റിനം ടിക്കറ്റിന് മൂന്ന് റിയാലും സിംഗിൾ എൻട്രി ഗോൾഡ് ടിക്കറ്റിന് രണ്ട് റിയാലുമാണ് നിരക്ക്. ടിക്കറ്റ് വിവരങ്ങൾക്ക്: 96042333, 95629600.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.