ജോലി വാഗ്ദാനംചെയ്ത് ഓൺലൈനിലൂടെ തട്ടിപ്പ് മുന്നറിയിപ്പുമായി ആർ.ഒ.പി
text_fieldsമസ്കത്ത്: ജോലി വാഗ്ദാനംചെയ്ത് ഓൺലൈനിലൂടെ പണം തട്ടുന്ന പുതിയ രീതിക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. പ്രതിദിന ശമ്പളത്തിൽ ജോലി വാഗ്ദാനംചെയ്ത് ടെക്സ്റ്റ് സന്ദേശങ്ങൾ അയച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നതെന്ന് ആർ.ഒ.പി നിരീക്ഷിച്ചിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങൾ ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ ആവശ്യപ്പെടും. എന്നിട്ട് സംഘം മുമ്പ് തട്ടിപ്പിലൂടെ നേടിയ തുക ഇതിലേക്ക് കൈമാറും. പിന്നീട് അവരുടെ യഥാർഥ അക്കൗണ്ടിലേക്ക് ഉടൻതന്നെ കൈമാറുകയും ചെയ്യുന്ന രീതിയാണ് സംഘം സ്വീകരിക്കുന്നത്.
‘ഹലോ, ഞാൻ ഒരു ഹ്യൂമൻ റിസോഴ്സ് മാനേജരാണ്, ഞാൻ നിലവിൽ ഒരു പാർട്ട്ടൈം ജോലിക്കായി ഒരാളെ നിയമിക്കുകയാണ്. നിങ്ങളുടെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് നിങ്ങൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം. പാർട്ട്ടൈം ജോലിക്ക് 30-60 മിനിറ്റ് എടുക്കും. ശമ്പളം 20-200 റിയാൽ. ഈ ജോലി ചെയ്യാൻ നിങ്ങൾക്ക് കുറഞ്ഞത് 23 വയസ്സ് പ്രായമുണ്ടായിരിക്കണം’ -ഇത്തരത്തിലുള്ള സന്ദേശങ്ങളാണ് ആളുകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം വഞ്ചനാപരമായ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ഇത്തരം സന്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ആർ.ഒ.പി നിർദേശിച്ചു.
അതേസമയം, ഓൺലൈൻ ബാങ്കിങ് മേഖലയിലെ തട്ടിപ്പിനെതിരെ ബോധവത്കരണം ശക്തമാക്കിയതോടെ പുതിയ രീതികളാണ് സംഘം ഉപയോഗിക്കുന്നത്. ആദ്യകാലങ്ങളിൽ ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് അക്കൗണ്ട് വിവരങ്ങളും മറ്റും കൈവശപ്പെടുത്തുന്ന രീതിയായിരുന്നു അരങ്ങേറിയിരുന്നത്. പ്രമുഖ വാണിജ്യസ്ഥാപനം, ബാങ്ക് എന്നിവിടങ്ങളിൽ സമ്മാനത്തിനും മറ്റും അര്‍ഹനായിരിക്കുന്നുവെന്നും നിങ്ങള്‍ക്ക് ലഭിച്ച ഒ.ടി.പി നമ്പറും മറ്റു വിവരങ്ങളും നല്‍കണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പുകൾ നടന്നിരുന്നു. എന്നാൽ, ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ആളുകൾ ബോധവാന്മാരായതോടെ പുത്തൻ അടവുകളാണ് സംഘങ്ങൾ പയറ്റുന്നത്.
സുരക്ഷാകാരണങ്ങളാൽ ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണെന്നും വിവരങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടണമെന്നും പറഞ്ഞാണ് പുതിയ രീതിയിൽ നടക്കുന്ന തട്ടിപ്പുകളിലൊന്ന്. ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതർക്ക് കാർഡ് വിവരങ്ങൾ കൈമാറരുതെന്ന് റോയൽ ഒമാൻ പൊലീസ് നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. സ്വദേശികൾക്കും വിദേശികൾക്കുമായി നൽകിയ നിർദേശങ്ങളിലാണ് ബാങ്ക് കാർഡിന്റെ വിശദാംശങ്ങൾ, സി.വി.വി കോഡ്, ഒ.ടി.പി എന്നിവ കൈമാറരുതെന്ന് ആർ.ഒ.പി നിർദേശിച്ചിരിക്കുന്നത്. വ്യക്തിഗത ബാങ്ക് അക്കൗണ്ട്, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒ.ടി.പി (വണ്‍ ടൈം പാസ്വേഡ്) തുടങ്ങിയവ ആവശ്യപ്പെടുന്ന ഫോൺകാളുകളെയും മെസേജുകളെയുംകുറിച്ച് ജാഗ്രത തുടരണമെന്നാണ് ബാങ്കിങ് മേഖലയിലുള്ളവർ പറയുന്നത്. വിവരങ്ങൾ പങ്കുവെച്ചുകഴിഞ്ഞാല്‍ അക്കൗണ്ടിൽനിന്ന് പണംതട്ടുന്ന രീതിയാണ് വ്യാപകമായി നടക്കുന്നത്. എന്നാൽ, ഓൺലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നതിനും തട്ടിപ്പുസംഘം ഇത്തരം രീതി ഉപയോഗിക്കുന്നുണ്ട്. ഫോൺകാള്‍, ടെക്സ്റ്റ് മെസേജ്, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാതിരിക്കുക എന്നതുതന്നെയാണ് ഇത്തരം തട്ടിപ്പുരീതികളെ പ്രതിരോധിക്കാനുള്ള മികച്ച മാർഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.