ഗതാഗത അപകടങ്ങൾ കുറക്കാൻ റോഡ് സുരക്ഷ പുസ്തകങ്ങളുമായി ആർ.ഒ.പി
text_fieldsമസ്കത്ത്: ഗതാഗത അപകടങ്ങൾ കുറക്കുന്നതിനും റോഡുകളിലെ സുരക്ഷ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) ഹെവി, ലൈറ്റ് വാഹനങ്ങൾക്കായി ഒമാൻ ഹൈവേ കോഡ് സംബന്ധിച്ച കൈപ്പുസ്തകങ്ങൾ പുറത്തിറക്കി. ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിനും രാജ്യത്തുടനീളം സുരക്ഷിതമായ ഡ്രൈവിങ് രീതികളെക്കുറിച്ചുള്ള നിർണായക അറിവ് പ്രചരിപ്പിക്കുന്നതിനുമുള്ള ആർ.ഒ.പിയുടെ തന്ത്രപരമായ പദ്ധതിയുടെ ഭാഗമായാണിത്.
ട്രാഫിക് അപകടങ്ങളും അവയുടെ അനന്തരഫലങ്ങളും കുറക്കുന്നതിനുള്ള നിരന്തരമായ പ്രതിബദ്ധതയാണ് ഈ കൈപ്പുസ്തകങ്ങളുടെ പ്രസിദ്ധീകരണം പ്രതിഫലിപ്പിക്കുന്നതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക്കിലെ അസിസ്റ്റൻറ് ഡയറക്ടർ ഓഫ് ട്രാഫിക് എൻജിനീയറിങ് ആൻഡ് ടെക്നിക്കൽ അഡ്വൈസർ എൻജിനീയർ ഫാത്തിമ ബിൻത് അബ്ദുല്ല അൽ റിയാമിയ പറഞ്ഞു. ട്രാഫിക് സുരക്ഷ അവബോധം വർധിക്കുകയും സുരക്ഷിതമായ ഡ്രൈവിങ് രീതികളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയുമാണ് ലക്ഷ്യമിടുന്നത്. റോഡ് ഉപയോക്താക്കളിലേക്ക് പുസ്തകം എത്തിക്കുന്നതിനായി വിവിധങ്ങളായ മാർഗങ്ങളാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. ഗൾഫ് ട്രാഫിക് വാരത്തിലെ ട്രാഫിക് സുരക്ഷാ എക്സിബിഷനുകളിലും ഗവർണറേറ്റുകളിലുടനീളമുള്ള ട്രാഫിക് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ടുകൾ വഴിയും ഹാൻഡ്ബുക്കുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് ഫാത്തിമ പറഞ്ഞു.
ഹാൻഡ്ബുക്കുകൾ ഞങ്ങളുടെ വെബ്സൈറ്റിൽനിന്ന് പി.ഡി.എഫ് ഫോർമാറ്റിലും ഡൗൺലോഡ് ചെയ്യാം. എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ക്യു.ആർ കോഡുകളുമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഡ്രൈവിങ് ലൈസൻസ് എങ്ങനെ നേടാം, പൊതുസുരക്ഷാ നടപടികൾ, സുരക്ഷിതമായ ഡ്രൈവിങ് എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങളാണ് ലൈറ്റ് വെഹിക്കിളുകൾക്കായുള്ള ഒമാൻ ഹൈവേ കോഡിന്റെ ഉള്ളടക്കത്തിലുള്ളത്. ഇത് പ്രത്യേകിച്ചും ഒമാനിൽ ആദ്യമായി വാഹനമോടിക്കുന്ന സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ഏറെ ഉപകാരപ്പെടുന്നതാണ്. രാജ്യത്തിന്റെ ട്രാഫിക് നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും നൽകുന്നുണ്ട്. ഹെവി വെഹിക്കിൾ ഡ്രൈവർമാർ, ഗതാഗതക്കമ്പനികൾ, സുരക്ഷിതമായ ഡ്രൈവിങ് ടെക്നിക്കുകൾ, തൊഴിൽ, ആരോഗ്യം, സുരക്ഷ നിയമങ്ങൾ പാലിക്കൽ, നൂതന റോഡ് സുരക്ഷ പരിഹാരങ്ങൾ സ്വീകരിക്കൽ എന്നിവയിൽ ഊന്നൽ നൽകുന്ന കാര്യങ്ങളാണ് ഹെവി വെഹിക്കിൾ പതിപ്പിൽ വരുന്നത്.
റമദാനിലെ അപകടകരമായ ഡ്രൈവിങ്; മുന്നറിയിപ്പുമായി ആർ.ഒ.പി
മസ്കത്ത്: റമദാനിലെ അപകടകരമായ ഡ്രൈവിങ് ശീലങ്ങൾക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസിന്റെ ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റിലെ ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ എൻജിനീയർ അലി ബിൻ സുലായം അൽ ഫലാഹി. റോഡ് സുരക്ഷയെയും നിർദേശങ്ങളെയും അപകടത്തിലാക്കുന്ന ഡ്രൈവിങ് രീതികൾ റമദാനിൽ വർധിച്ചതായി അധികൃതർ കണ്ടെത്തി.
അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് റമദാനിലെ ആദ്യ പത്ത് ദിനങ്ങളിൽ നിരീക്ഷിച്ചത്. വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നതായുള്ള കാര്യങ്ങളും കണ്ടെത്തി. ഇത് റോഡിലേക്ക് തെറ്റായ പ്രവേശനത്തിന് പുറമെ ഡ്രൈവറുടെ ശ്രദ്ധ തിരിക്കുകയും അപകടങ്ങൾക്ക് ഇടയാക്കുകയും ചെയ്യും. തെറ്റായ ഓവർടേക്കിങ്ങും വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ എൻജിനീയർ അലി ബിൻ സലിം അൽ ഫലാഹി പറഞ്ഞു.
റമദാനിൽ റോഡ് സുരക്ഷ ഉറപ്പാക്കാൻ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള യോജിച്ച ശ്രമങ്ങൾ ആവശ്യമാണ്. സമൂഹത്തിനും രക്ഷിതാക്കൾക്കും സ്കൂളുകൾക്കും കുട്ടികളെ ബോധവത്കരിക്കാനും എല്ലാത്തരം സൈക്കിളുകൾ ഓടിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അവരെ ഉപദേശിക്കാനും വഴികാട്ടാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.