ജബൽ അഖ്ദറിൽ ഇനി റോസാപ്പൂകാലം...
text_fieldsജബൽ അഖ്ദറിൽ പൂത്തുനിൽക്കുന്ന റോസാപ്പൂക്കൾ
മസ്കത്ത്: രാജ്യത്തെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്നായ ജബൽ അഖ്ദറിൽ റോസാപ്പൂ വിളവെടുപ്പ് തുടങ്ങി. വിവിധ ഗ്രാമങ്ങളിലായി ഏക്കർ കണക്കിന് സ്ഥലങ്ങളിൽ പൂത്തുലഞ്ഞു നിൽക്കുന്ന റോസാപ്പൂക്കൾ സുന്ദരകാഴ്ചയാണ് സഞ്ചാരികൾക്ക് സമ്മാനിക്കുക. ഈ വിളവെടുപ്പ് സീസൺ അടുത്തറിയാനും മനസ്സിലാക്കാനുമായി സഞ്ചാരികളെ പൈതൃക, ടൂറിസം മന്ത്രാലയം ക്ഷണിച്ചു. പെരുന്നാൾ അവധികൂടി ആരംഭിച്ചതോടെ ഈ നയന മനോഹര കാഴ്ചകൾ തേടി സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്. മാർച്ച് മുതൽ ആരംഭിക്കുന്ന പൂക്കാലം ഏപ്രിലിലാണ് ഉയർന്ന ഉൽപാദനത്തിലെത്തുന്നത്. മേയ് ആദ്യത്തോടെ സീസൺ അവസാനിക്കുകയും ചെയ്യും. ഏഴ് ഏക്കറിലായി 5,000ത്തില്‍ പരം പനിനീര് ചെടികളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. പനിനീർപ്പൂക്കളുടെ തനിയമയും ഗുണമേന്മയും ലഭിക്കാനായി രാവിലെയും വൈകുന്നേരവുമാണ് പനിനീർപ്പൂക്കൾ ശേഖരിക്കുന്നത്. രാവിലെ സൂര്യൻ ഉദിച്ചുയരുന്നതിന് മുമ്പും വൈകുന്നേരം നാലര മുതൽ ആറുവരെയുമാണ് പൂക്കൾ ശേഖരിക്കുന്നത്.
ജബൽ അഖ്ദറിലെ കർഷകർ പലരും പരമ്പരാഗതമായി പനിനീർ കൃഷി നടത്തുന്നവരാണ്. വർഷങ്ങളിൽ ഈ കൃഷി നടത്തുന്നവരും പിതാക്കളിൽനിന്നും പിതാമഹൻമാരിൽനിന്നും കൃഷി പഠിച്ചവരും നിരവധിയാണ്. ചെറുതും വലുതുമായി തോട്ടങ്ങളിൽനിന്ന് പൂക്കൾ ശേഖരിച്ച് ഫാക്ടറികളിലെത്തിക്കുന്നവരും നിരവധിയാണ്. പുതിയ തലമുറയിലെ ചിലർ പനീനീർ കൃഷി ടൂറിസത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നുണ്ട്. വിനോദ സഞ്ചാരികളെ ദിവസങ്ങളോളം ഒപ്പം ചേർത്ത് പനിനീർ പ്പൂ പറിക്കലും അനുബന്ധ കാര്യങ്ങളും ടൂറിസത്തിനായി ഉപയോഗിക്കുന്നവരാണിവർ.
ചിലപ്പോൾ ഏഴ് ദിവസമോ മൂന്നാഴ്ചയോ ഒക്കെയായി തങ്ങി തോട്ടത്തിൽപോയി പൂക്കൾ ശേഖരിക്കുന്നതിലും അനുബന്ധ കാര്യങ്ങളിലും ഭാഗമാക്കാവുന്ന പരിപാടിയാണിത്. പൂ പറിക്കുന്നതിന് പ്രത്യേക രീതിയുണ്ട്. നടുവിരളും തള്ള വിരളം ഉപയോഗിച്ചാണ് പൂക്കൾ പറിച്ചെടുക്കുന്നത്. ഏതായാലും ഇവിടെനിന്നും ഉത്പാദിപ്പിക്കുന്ന റോസ് വാട്ടര്‍ അന്താരാഷ്ട്ര വിപണിയിലടക്കം ഏറെ ആവശ്യക്കാരുള്ളവയാണ്. പനിനീർ നട്ടു വളർത്തലും പൂക്കളിൽ റോസ് വാട്ടർ ഉൽപാദിപ്പിക്കലുമൊക്കെ ജബൽ അഖ്ദറിലെ കർഷകരുടെ പ്രധാന വരുമാന മാർഗ്ഗമാണ്.
അൽ ഐൻ, അൽ ശുറൈജ, സൈഖ്, അൽ ഖാഷാ എന്നീ ഗ്രാമങ്ങളിലാണ് ഏറ്റവും കൂടുതൽ പനിനീർ കൃഷി നടക്കുന്നത്. ഇവിടെ ഏഴ് ഏക്കറിൽ അയ്യായിരത്തിൽ പരം പനിനീർ ചെടികളുണ്ട്. ഒരു ഏക്കറിൽനിന്ന് നാലായിരം ലിറ്റർ റോസ് വാട്ടർ ഉൽപാദിപ്പിക്കാനാവും. മൊത്തം 28,000 ലിറ്റർ റോസ് വാട്ടറാണ് ജബൽ അഖ്ദറിൽ ഒരു സീസണിൽനിന്ന് ഉൽപാദിപ്പിക്കാൻ കഴിയുന്നത്.
ഭക്ഷണത്തിനും പാനീയങ്ങൾക്കും സുഗന്ധദ്രവ്യമായി റോസ് വാട്ടർ ഉപയോഗിക്കുന്നു. കൂടാതെ അടുത്തിടെ ക്രീമുകളും സുഗന്ധദ്രവ്യ സോപ്പുകളും ഉൾപ്പെടെയുള്ള സൗന്ദര്യവർധക വ്യവസായത്തിലും ഇത് അവതരിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, വിലായത്തിലെ താമസക്കാർ പറയുന്നതനുസരിച്ച്, നീരെടുത്ത ശേഷമുള്ള റോസാപ്പൂക്കൾ സോപ്പ്, വളം നിർമാണത്തിലും ഉപയോഗിക്കുന്നു.
അതേസമയം, ഗവർണറേറ്റിലെ ജബൽ അഖ്ദറിൽ റോസ പൂ കൃഷി വ്യാപിപ്പിക്കാൻ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. റോസാ പൂ കൃഷിയുടെ അധിക മൂല്യം ഉയർത്തുന്ന പദ്ധതിക്കായി അഗ്രികൾച്ചറൽ ആൻഡ് ഫിഷറീസ് ഡെവലപ്മെന്റ് ഫണ്ടിൽനിന്ന് 150,000 റിയാൽ ആണ് അനുവദിച്ചിട്ടുള്ളത്. 15 കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പനിനീർ ഉൽപന്നങ്ങളുടെ നിർമാണ മേഖലയിലും അനുബന്ധ വ്യവസായങ്ങളിലും 15 ഗുണഭോക്താക്കൾക്ക് പരിശീലനം
നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജബൽ അഖ്ദറിലെ റോസ് കൃഷിയെയും അനുബന്ധ വ്യവസായങ്ങളെയും കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ ശേഖരിക്കുക, മേഖലയിലെ റോസാപ്പൂക്കളുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലെ ചില ചെറുകിട ഇടത്തരം സംരംഭങ്ങളുമായി സഹകരിച്ച് അഞ്ച് ഏക്കറിൽ റോസാപ്പൂകൃഷിയെ പിന്തുണക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.