റോയൽ ഒമാൻ നേവിയുടെ കപ്പലിന് കൊച്ചിയിൽ ഉജ്ജ്വല വരവേൽപ്
text_fieldsമസ്കത്ത്: റോയൽ ഒമാൻ നേവിയുടെ കപ്പൽ അൽ സീബ് കൊച്ചി സന്ദർശനത്തിൽ. ചൊവ്വാഴ്ച ആരംഭിച്ച സന്ദർശനം ശനിയാഴ്ചവരെ നീണ്ടു നിൽക്കും. കപ്പൽ കൊച്ചി തുറമഖത്തെത്തിയപ്പോൾ ദക്ഷിണ നാവിക കമാൻഡിലെ ഉദ്യോഗസ്ഥർ ബാൻഡ്മേളത്തിന്റെ അകമ്പടിയോടെ വരവേറ്റു.
ഗോവയിൽ നടക്കുന്ന ഇന്തോ-ഒമാൻ ഉഭയകക്ഷി നാവിക അഭ്യാസത്തിൽ റോയൽ ഒമാൻ നേവിയുടെ കപ്പൽ പങ്കെടുക്കും. പരിശീലനത്തിനായി ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ മസ്കത്തിലെത്തിയിരുന്നു. ഇന്ത്യൻ നാവികസേനയുടെ ഫസ്റ്റ് ട്രെയ്നിങ് സ്ക്വാഡ്രന്റെ (1ടി.എസ്) ഭാഗമായ ടിർ, ഷാർദുൽ, ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഷിപ്പ് വീര എന്നീ കപ്പലുകളാണ് മസ്കത്തിലുള്ളത്. ഒമാനിലെ റോയൽ നേവിയുമായി വിവിധ പരിശീലന പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.
കടൽ സുരക്ഷയുടെയും പരസ്പര പ്രവർത്തനക്ഷമതയുടെയും വിവിധ വശങ്ങൾ, തുറമുഖ ഇടപെടലുകളും സംയുക്ത അഭ്യാസങ്ങൾ, ഇരു നാവികസേനകളും തമ്മിലുള്ള പരിശീലന കൈമാറ്റങ്ങൾ, പ്രഫഷണൽ ഇടപെടലുകൾ, സൗഹൃദ കായിക മത്സരങ്ങൾ എന്നിവ പരിശീലന ഭാഗമായി നടന്നു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ മസ്കത്തിലേക്ക് 1ടി.എസ് നടത്തുന്ന മൂന്നാമത്തെ സന്ദർശനമാണിത്. നാവിക സഹകരണത്തിലെ നേട്ടങ്ങൾ ഏകീകരിക്കുന്നതിലും ഇരു നാവികസേനകൾക്കിടയിലും നിലവിലുള്ള പങ്കാളിത്തം നിലനിർത്തുന്നതിലും സന്ദർശനം പ്രധാന പങ്കാണ് വഹിക്കുന്നത്.
പരിശീലനത്തിന്റെ ഭാഗമായി, ദക്ഷിണ നേവൽ കമാൻഡിലെ ഫ്ലാഗ് ഓഫിസർ കമാൻഡിങ് ഇൻചീഫ് വൈസ് അഡ്മിറൽ വി. ശ്രീനിവാസ് സുൽത്താൻ ആംഡ്ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് വൈസ് അഡ്മിറൽ അബ്ദുല്ല ബിൻ ഖമീസ് ബിൻ അബ്ദുല്ല അൽ റൈസി, ഒമാൻ റോയൽ നേവി കമാൻഡർ റിയർ അഡ്മിറൽ സെയ്ഫ് ബിൻ നാസർ ബിൻ മുഹ്സിൻ അൽ റഹ്ബി എന്നിവരുമായി ഉഭയകക്ഷി ചർച്ചകളും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.