ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം; ട്രാക്ക് ചെയ്യാൻ എ.ഐ കാമറയുമായി റോയൽ ഒമാൻ പൊലീസ്
text_fieldsമസ്കത്തിലെ റോഡുകളിൽനിന്നുള്ള കാഴ്ച
മസ്കത്ത്: വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കണ്ടുപിടിക്കാൻ എ.ഐ കാമറയുമായി റോയൽ ഒമാൻ പൊലീസ്. സുൽത്താനേറ്റിലെ വാഹനാപകടങ്ങളിൽ പ്രധാന കാരണങ്ങളിലൊന്നാണ് ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കൽ.
ഇതിനെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നൂതന സംവിധാനം ഒരുക്കിയത്. ഒമാനി റോഡുകളിൽ നിർമിത ബുദ്ധി അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങൾ ഇപ്പോൾ സജീവമാണെന്ന് റോയൽ ഒമാൻ പൊലീസിലെ ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ എൻജിനീയർ അലി ബിൻ ഹമൗദ് അൽ ഫലാഹി അറിയിച്ചു.
ഫോണുകൾ ഉപയോഗിക്കുന്ന ഡ്രൈവർമാരെ കണ്ടെത്താൻ ഈ നൂതന കാമറകൾക്ക് കഴിയും. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് പുറമേ, ഗതാഗതക്കുരുക്ക് നിരീക്ഷിക്കാനും തിരക്കേറിയ സ്ഥലങ്ങൾ കണ്ടെത്താനും മറ്റും കഴിയും. ഈ സാങ്കേതികവിദ്യയുടെ ഫലപ്രാപ്തി ഉറപ്പാക്കാൻ വിപുലമായ പരീക്ഷണങ്ങൾ ഇതിനകം നടത്തിയിട്ടുണ്ട്.
സ്മാർട്ട് സംവിധാനങ്ങൾ നിയമലംഘനങ്ങളും റോഡ് അപകടങ്ങളും ഗണ്യമായി കുറക്കുമെന്ന് ബ്രിഗേഡിയർ ഫലാഹി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഗതാഗത അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് ബ്രിഗേഡിയർ ഫലാഹി ചൂണ്ടിക്കാട്ടി. ശ്രദ്ധ മാറാനും ഏകാഗ്രത കുറയാനും ആത്യന്തികമായി ഗുരുതരമായ അപകടങ്ങൾക്കും ഇത് കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിവർഷം ആഗോളതലത്തിൽ ഉണ്ടാകുന്ന വാഹനാപകടങ്ങളിൽ 25 ശതമാനവും മൊബൈൽ ഫോൺ ഉപയോഗം മൂലമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഡ്രൈവർമാരുടെ മൊബൈൽഫോൺ ഉപയോഗം മറ്റു വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.