റൂവി ക്ലോക്ക് ടവർ മുഖം മിനുക്കുന്നു
text_fieldsമസ്കത്ത്: വിനോദ സഞ്ചാരികളുടെ റുവിയിലെ പ്രധാന ആകർഷണമായ റൂവി ക്ലോക്ക് ടവർ മുഖം മിനുക്കി കൂടുതൽ സുന്ദരിയാവുന്നു. വാട്ടർ ഫൗണ്ടൻ അടക്കമുള്ളവ നവീകരിക്കാനായി ക്ലോക്ക് ടവർ മസ്കത്ത് മുനിസിപ്പാലിറ്റി നിലവിൽ അടച്ചിട്ടിരിക്കുകയാണ്. കൂടുതൽ ചെടികൾ വെച്ചു പിടിപ്പിച്ചും മറ്റും പുന്തോട്ടത്തെ മനോഹരമാക്കും.
റുവിയിലെ എം.ബി.ഡി എരിയിൽ ഒമാൻ സെക്യൂരിറ്റി മാർക്കറ്റിനോട് ചേർന്ന് നിൽക്കുന്ന ക്ലോക്ക് ടവറും ചെറിയ പൂന്തോട്ടവും റൂവി മേഖലയിലുള്ളവരുടെ പ്രധാന വിനോദ കേന്ദ്രമാണ്. നിരവധി പേരാണ് ഇപ്പോഴും ഇവിടെ വിശ്രമിക്കാനും വിനോദത്തിനും എത്തുന്നത്.
റൂവിയിലെ പ്രധാന ഐക്കണായ ക്ലോക്ക്, നഗരത്തിന്റെ കണ്ണായ സ്ഥലത്ത് 1991ലാണ് നിർമിക്കുന്നത്. ഒമാനിലെ പ്രധാന നിർമാണ കമ്പനിയായ ഗൾഫാർ എൻജിനീയറിങ് ആൻഡ് കാൺസട്രക്റ്റിങ് കമ്പനിക്കായിരുന്നു ഇതിന്റെ ചുമതല. മസ്കത്ത് മുനിസിപ്പാലിറ്റി 120 ദിവസമായിരുന്നു നിർമാണ സമയം അനുവദിച്ചിരുന്നത്. രാവും പകലുമായി മൂന്ന് ഷിഫ്റ്റുകളായി ജോലി ചെയ്ത് 105 ദിവസം കൊണ്ട് നിർമാണം പൂർത്തിയാക്കി. ആധുനിക ഒമാന്റെ പഴയ സ്മാരകം എന്നാണ് ക്ലോക്ക് ടവർ അറിയപ്പെടുന്നത്.
43.8 മീറ്റർ ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഈ വൻ ക്ലോക്ക് നഗരത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും കാണാൻ കഴിയുന്നതാണ്. ആദ്യകാലങ്ങളിൽ ഇവ മണി മുഴക്കാറുമുണ്ടായിരുന്നു. അടിഭാഗത്ത് സ്ഥാപിച്ച വലിയ ടെലിവിഷൻ സ്ക്രീനിൽ 24 മണിക്കൂർ ഒമാൻ ടി.വി ലഭ്യമായിരുന്നു. ഇത് കാണാനും നിരവധി പേർ ടവറിന് ചൂറ്റും ഒത്ത് കൂടിയിരുന്നു.
അറേബ്യൻ വാസ്തു ശിൽപ രീതിയിൽ നിർമിച്ച ഒമാനിലെ ഏറ്റവും വലിയ ടവറാണ് റൂവി ക്ലോക്ക് ടവർ. നാല് ഭാഗത്തുനിന്നും കാണാൻ കഴിയുന്ന രീതിയയിൽ നാല് ഭീമൻ ക്ലോക്കുകളാണ് ടവറിലുള്ളത്. അക്കാലത്ത് മൊബൈൽ ഫോൺ അടക്കമുള്ള മറ്റ് സൗകര്യങ്ങൾ ഇല്ലാത്തതിനാൽ റുവിയിലും പരിസര പ്രദേശത്തുമുള്ള സാധാരണക്കാർ വാച്ചിലെ സമയം ശരിയാക്കിയിരുന്നത് ക്ലോക്ക് ടവറിൽ നോക്കിയായിരുന്നു. പലരും വാരാന്ത്യങ്ങളിലെങ്കിലും ടവർ സന്ദർശിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് മലയാളികൾ അടക്കമുള്ളവരുടെ നിരവധി കഫ്തീരിയകളും പ്രവർത്തിച്ചിരുന്നു. ഇവിടുത്തെ ചെമ്പക പൂക്കളുടെയും മറ്റ് പൂക്കളുടെയും സുഗന്ധം സന്ദർശകർക്ക് ഏറെ ആനന്ദം പകരുന്നതാണ്. ടവറിനോടനുബന്ധിച്ചുള്ള ചെറിയ പുന്തോട്ടവും പുൽ തകിടുമെല്ലാം അക്കാലത്തെ സാധാരണക്കാരായ പ്രവാസികളടക്കമുള്ളവർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.
റുവി മേഖലയിലെ കുടുംബങ്ങളുടെ ഒരു കാലത്തെ പ്രധാന സംഗമം കേന്ദ്രം കൂടിയായിരുന്നു ഇത്. മാതാപിതാക്കൾക്ക് വിശ്രമിക്കാനും കുട്ടികൾക്ക് കളിക്കാനും ഇവിടെ സൗകര്യമുണ്ടായിരുന്നു. അക്കാലത്തെ പ്രധാന ആകർഷണം വാട്ടർ ഫൗണ്ടനുകളായിരുന്നു. ക്ലോക്ക് ടവറിന് ചുറ്റും നിരവധി വാട്ടർ ഫൗണ്ടനുകളാണുള്ളത്. ഇവയിൽ പലതും വർഷങ്ങളായി പ്രവർത്തന രഹിതമാണ്. ഈ ഫൗണ്ടനുകൾ കുടുതൽ മനോഹരമായി പ്രവർത്തിപ്പിക്കാനാണ് മസ്കത്ത് മുനിസിപ്പാലിറ്റി പദ്ധതിയിടുന്നത്. ഇതോടെ കൂടുതൽ സന്ദർശകർ ഇവിടെയെത്തും.
രാവിലെയും വൈകുന്നേരവുമായി നിരവധി പേരാണ് ഇവിടെ നടക്കാനെത്തുന്നത്. വൈകുന്നേരത്തോടെ കുട്ടികളും വിവിധ കളികളുമായി എത്തും. ഫുട്ബാൾ, ബാഡ്മിന്റൺ തുടങ്ങിയ കളികളും ഇവിടെ നടക്കാറുണ്ട്. ക്ലോക്ക് ടവറിന്റെ തിണ്ണയിൽ അർധ രാത്രി വരെ സംസാരിച്ചിരിക്കുന്നവരെയും വിശ്രമിക്കുന്നവരെയും ഒക്കെ കാണാം.
ഒമാനിൽ നിരവധി ക്ലോക്ക് ടവറുകൾ ഉണ്ട്. 1986ൽ സലാലയിലാണ് ആദ്യത്തെ ക്ലോക്ക് ടവർ നിർമിക്കുന്നത്. ബുർജ് അൽ നഹ്ദ എന്ന പേരിൽ അറിയപ്പെടുന്ന ഈ ക്ലോക്ക് ടവർ സലാലയിലെ പ്രധാന ഐക്കണാണ്.
റൂസൈലിലെ പ്രധാന ജങ്ഷനിലെ ബുർജ് അൽ സഹ്വ, സൂറിലെ ക്ലോക്ക് ടവർ, സൂർ ക്ലോക്ക് ടവർ, അൽ ഖൂദിലെ സുൽത്താൻ ഖാബുസ് യൂനിവേഴ്സിറ്റി ക്ലോക്ക് ടവർ എന്നിവയും ഒമാനിലെ പ്രധാന ക്ലോക്ക് ടവറുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.