മാനദണ്ഡങ്ങൾ വീണ്ടും കർശനമാക്കി; സന്ദർശക വിസയിൽ ദുബൈയിലെത്തുക ഇനി എളുപ്പമാവില്ല
text_fieldsമസ്കത്ത്: മാനദണ്ഡങ്ങൾ വീണ്ടും കർശനമാക്കിയതോടെ ഒമാനടക്കമുള്ള രാജ്യങ്ങളിൽനിന്ന് ടൂറിസ്റ്റ്, സന്ദർശക വിസയിൽ ദുബൈയിലെത്തൽ ഇനി എളുപ്പമാവില്ല. ഒമാനിൽ സന്ദർശക വിസയിലെത്തി തൊഴിൽ വിസയിലേക്ക് മാറാൻ ആഗ്രഹിക്കുന്ന മലയാളികളടക്കമുള്ള പ്രവാസികളെയാണ് പുതിയ തീരുമാനം ഏറെ പ്രയാസത്തിലാക്കുകയെന്ന് ട്രാവൽ മേഖലയിലുള്ളവർ പറയുന്നു. ഒമാനിൽ സന്ദർശക വിസയിൽനിന്ന് തൊഴിൽ വിസയിലേക്ക് മാറണമെങ്കിൽ രാജ്യത്തിന് പുറത്തേക്ക് പോകണം.
കുറഞ്ഞ ചെലവും ബസ് അടക്കമുള്ള യാത്ര സൗകര്യവും കണക്കിലെടുത്ത് വിസ മാറാനായി പലരും ദുബൈ ആയിരുന്നു തെരഞ്ഞെടുത്തിരുന്നത്. പുതിയ തീരുമാനം ഇത്തരക്കാർക്ക് തിരിച്ചടിയാണെന്നാണ് ട്രാവൽ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നത്.
ടൂറിസ്റ്റ്, സന്ദർശക വിസക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ ഹോട്ടൽ ബുക്കിങ് രേഖകളും റിട്ടേൺ ടിക്കറ്റും അപ്ലോഡ് ചെയ്യണമെന്നാണ് ദുബൈ ഇമിഗ്രേഷൻ അധികൃതരുടെ നിർദേശം. ക്യു.ആർ കോഡുള്ള ഹോട്ടൽ ബുക്കിങ് രേഖയോ താമസിക്കാൻ പോകുന്ന സ്ഥലത്തിന്റെ രേഖകളോ ആണ് നൽകേണ്ടത്. കൂടാതെ മടക്ക യാത്രക്കുള്ള ടിക്കറ്റിന്റെ പകർപ്പും സമർപ്പിക്കണം.
ട്രാവൽ ഏജൻസികൾക്കാണ് ഇതുസംബന്ധിച്ച് ദുബൈ ഇമിഗ്രേഷൻ അറിയിപ്പ് നൽകിയിരിക്കുന്നത്. മതിയായ രേഖകൾ സമർപ്പിച്ചില്ലെങ്കിൽ വിസക്കായുള്ള അപേക്ഷ നിരസിക്കപ്പെടുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഒമാനിൽ വിസ അപേക്ഷിച്ച പലർക്കും കാലതാമസം നേരിടുന്നുണ്ടെന്നും ട്രാവൽ ഏജൻസികൾ പറഞ്ഞു.
ഓൺലൈനിൽ വിസക്ക് അപേക്ഷിക്കുമ്പോൾ തന്നെ ഇമിഗ്രേഷൻ വെബ്സൈറ്റിൽ ഹോട്ടൽ ബുക്കിങ്, റിട്ടേണ് ടിക്കറ്റ് രേഖകൾ എന്നിവ അപ് ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നതായി ട്രാവൽ ഏജൻസികളും അറിയിച്ചു. എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും വിസ നിബന്ധനകൾ ബാധകമാണെന്നും ഏതെങ്കിലും പ്രത്യേക രാജ്യത്തിനായുള്ള നിബന്ധനകൾ അല്ലെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ജി.ഡി.ആർ.എഫ്.എ വെബ്സൈറ്റിൽ മുഴുവൻ രേഖകളും സമർപ്പിച്ചിട്ടും വിസ അപ്രൂവൽ ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കൃത്യമായ നിർദേശം ഇക്കാര്യത്തിൽ ലഭിക്കാത്തതാണ് ആശയക്കുഴപ്പത്തിന് കാരണമെന്നാണ് ട്രാവൽ ഏജൻസികൾ പറയുന്നത്.
സന്ദർശക വിസയിൽ എത്തുന്നവർക്ക് ബാങ്ക് അക്കൗണ്ടിൽ മതിയായ ബാലൻസ് ഉണ്ടാവണമെന്ന നിബന്ധന നേരത്തെ അധികൃതർ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, റസിഡൻസ് വിസയുള്ളവരുടെ ബന്ധുക്കൾക്ക് ഇതിൽ ഇളവുണ്ട്. ശീതകാലം ആരംഭിച്ചതോടെ ദുബൈയിലേക്ക് സന്ദർശകരുടെ ഒഴുക്ക് വർധിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.