‘റുമ്മാന’ ഫെസ്റ്റിവലിന് ഇന്ന് തിരശ്ശീല വീഴും
text_fieldsമസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ ജബൽ അഖ്ദർ വിലായത്തിൽ നടക്കുന്ന നൂതന അഗ്രിടൂറിസം പരിപാടിയായ ‘റുമ്മാന’ ഫെസ്റ്റിവലിന് ശനിയാഴ്ച തിരശ്ശീല വീഴും. ജൂലൈ നാലിന് ആരംഭിച്ചത് മുതൽ ഇതുവരെയായിട്ട് 'റുമ്മാന' ഫെസ്റ്റിവലിലേക്ക് 45,000ത്തിന് മുകളിൽ ആളുകൾ എത്തിയെന്നാണ് കണക്കാക്കുന്നത്.
മാതളനാരങ്ങ വിളവെടുപ്പ് സീസൺ തുടങ്ങിയതോടെ സന്ദർശകരുടെ വരവിൽ ഗണ്യമായ വർധനവാണുണ്ടായത്ത്. ഈ വർഷം 667 മാതള മരങ്ങളിൽനിന്നായി 8.5 ടണ്ണിലധികം വിളവാണ് പ്രതീക്ഷിക്കുന്നത്.
ജബൽ അഖ്ദറിന്റെ കാർഷിക വിനോദസഞ്ചാരത്തെ ഉയർത്തിക്കാട്ടുന്നതാണ് റുമ്മാന ഫെസ്റ്റിവൽ. സന്ദർശകർക്ക് പരിസ്ഥിതി സൗഹൃദ രീതികൾ പ്രദർശിപ്പിക്കുകയും അതുല്യമായ അനുഭവങ്ങൾ നൽകുകയും ചെയ്യുന്നു.
വിനോദസഞ്ചാരികളെ ആകർഷിക്കുകയും പരിസ്ഥിതി സൗഹൃദ കാർഷിക ടൂറിസം പ്രോത്സാഹിപ്പിക്കുകയുമാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. ഒമാൻ ടൂറിസം ഡെവലപ്മെന്റ് കമ്പനി (ഒമ്രാൻ ഗ്രൂപ്), ഒമാൻ ഫുഡ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ് കമ്പനി (നിതാജ്) എന്നിവയുടെ സംയുക്ത സംരംഭമായ ടീപ്പിയും അഗ്രിടൂറിസം ഡെവലപ്മെന്റ് കമ്പനിയും (ജനേൻ) സഹകരിച്ചാണ് പരിപാടി നടത്തുന്നത്.
പൈതൃക, ടൂറിസം മന്ത്രാലയവും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയവുമാണ് തന്ത്രപ്രധാന പങ്കാളികളായി കൈകോർക്കുന്നത്. ഒമാൻ വിശാലവും വൈവിധ്യപൂർണവുമായ പ്രകൃതിവിഭവങ്ങളാൽ സമ്പന്നമാണ്.
ജബൽ അഖ്ദറിലെ സന്ദർശകർക്ക് കാർഷിക ടൂറിസം അനുഭവം വർധിപ്പിക്കുന്നതിലും പ്രാദേശിക കർഷകർക്ക് അവരുടെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിൽ പിന്തുണ നൽകാനും ഇവന്റിന്റെ രണ്ടാം പതിപ്പിലൂടെ ലക്ഷ്യമിടുന്നുണ്ട്.
വ്യക്തികൾ മുതൽ കുടുംബങ്ങൾ വരെയുള്ള എല്ലാ സന്ദർശകർക്കും അനുയോജ്യമായ വൈവിധ്യമാർന്ന പ്രവർത്തനങ്ങളും അനുഭവങ്ങളുമാണ് ഇവന്റ് പ്രദാനം ചെയ്യുന്നത്. വിനോദം, മാതളനാരങ്ങ വിൽപന, ഭക്ഷണ പാനീയങ്ങൾ എന്നിവയും വിപുലമായ പ്രവർത്തനങ്ങൾക്കായി സമർപ്പിത കോണുകളും ഒരുക്കിയിട്ടുണ്ട്. സവിശേഷമായ ടൂറിസം അനുഭവം ആഗ്രഹിക്കുന്ന സന്ദർശകർക്ക് ജബൽ അഖ്ദറിലെ സീഹ് കിത്ന ഗ്രാമത്തിലെ ജനേൻ ഫാമിൽ റുമ്മാന പരിപാടി ആസ്വാദിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.