Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറുപേ കാർഡ് ഇനി...

റുപേ കാർഡ് ഇനി ഒമാനിലും ഉപയോഗിക്കാം; കരാർ ഒപ്പുവെച്ചു

text_fields
bookmark_border
റുപേ കാർഡ് ഇനി ഒമാനിലും ഉപയോഗിക്കാം; കരാർ ഒപ്പുവെച്ചു
cancel
camera_alt

റു​പേ കാ​ർ​ഡ്, യു.​പി.​ഐ പ്ലാ​റ്റ്‌​ഫോ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​ന്റ​ർ​നാ​ഷ​ന​ൽ പേ​മെ​ന്റ് ലി​മി​റ്റ​ഡും സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഒ​മാ​നും ക​രാ​റി​ലെ​ത്തി​യ​​പ്പോ​ൾ

മസ്കത്ത്: ഒമാനിലെ ഇന്ത്യക്കാർക്ക് റുപേ കാർഡും യു.പി.ഐ പ്ലാറ്റ്‌ഫോമും ഉപയോഗിക്കാൻ അവസരമൊരുങ്ങുന്നു. ഇതുസംബന്ധിച്ച് നാഷനൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ ഇന്റർനാഷനൽ പേമെന്റ് ലിമിറ്റഡും സെൻട്രൽ ബാങ്ക് ഓഫ് ഒമാനും (സി.ബി.ഒ) കരാറിലെത്തി. ഇന്ത്യൻ വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍റെ ഒമാൻ സന്ദർശനത്തിന്‍റെ ഭാഗമായാണ് കരാറിലെത്തിയത്. സി.ബി.ഒയുടെ എക്‌സിക്യൂട്ടിവ് പ്രസിഡന്റ് താഹിർ ബിൻ സലിം അൽ അമ്രിയും ഇന്റർനാഷനൽ പേമെന്റ് ലിമിറ്റഡിന്റെ സി.ഇ.ഒ റിതേഷ് ശുക്ലയും ധാരണപത്രത്തിൽ ഒപ്പുവെച്ചു. ചടങ്ങിൽ ഇന്ത്യയുടെ വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലുള്ള ഉന്നതതല ഇന്ത്യൻ പ്രതിനിധി സംഘം, ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്, ഇന്ത്യൻ സർക്കാറിന്‍റെയും സി.ബി.ഒയിലെയും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

പദ്ധതി യാഥാർഥ്യമാകുന്നതോടെ എസ്.ബി.ഐ, ഫെഡറൽ ബാങ്ക് തുടങ്ങിയ ഇന്ത്യയിലെ ധനകാര്യസ്ഥാപനങ്ങൾ നൽകുന്ന റുപേ കാർഡ് ഉപയോഗിച്ച് ഒമാനിലെ എ.ടി.എം കൗണ്ടറുകളിൽനിന്ന് പണം പിൻവലിക്കാനും പി.ഒ.എസ്, ഇ-കോമേഴ്സ് സൈറ്റുകളിലൂടെ ഉപയോഗിക്കാനും കഴിയും. സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പ്രാദേശിക ബാങ്കുകൾക്ക് നിർദേശം നൽകുന്നതിനനുസരിച്ച് മസ്കത്ത് ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ വരും മാസങ്ങളിൽ റുപേ കാർഡ് ലഭ്യമാക്കി തുടങ്ങും. ഇത്തരത്തിൽ നൽകുന്ന റുപേ കാർഡ് ഉപയോഗിച്ച് ഇന്ത്യയില്‍ നാഷനല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ നെറ്റ്‌വര്‍ക്കുകളിലും ഉപയോഗിക്കാൻ കഴിയും. പദ്ധതി പ്രാബല്യത്തിൽ വരുന്നതും മറ്റ് സർവിസ് ചാർജുകളെ കുറിച്ചുമൊക്കെയുള്ള വിവരങ്ങൾ വരും ദിവസങ്ങളിലെ അറിയാൻ കഴിയുകയുള്ളൂ. വിസ, മാസ്റ്റർകാർഡ് തുടങ്ങിയ പേമെന്റ് ഗേറ്റ്‌വേ സംവിധാനങ്ങൾക്ക് ബദലായാണ് ഇന്ത്യ സ്വന്തമായി റുപേ കാർഡ് പുറത്തിറക്കിയിരിക്കുന്നത്. റുപേ കാര്‍ഡ് ഇരു രാഷ്ട്രങ്ങളിലും സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികള്‍ക്കും ഏറെ ഉപകാരപ്രദമാകും.

ഒമാനും ഇന്ത്യയും തമ്മിലുള്ള പേമെന്റ് സംവിധാനങ്ങളും സേവനങ്ങളും ബന്ധിപ്പിക്കുന്നതിനാണ് ഈ സഹകരണം ലക്ഷ്യമിടുന്നതെന്നും ഇത് ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് പ്രയോജനപ്പെടുമെന്നും അമ്രി പറഞ്ഞു. നാഷനൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച തൽക്ഷണ പേമെന്റ് സംവിധാനമാണ്‌ യുനിഫൈഡ് പേമെന്റ്സ് ഇന്റർഫേസ് (യു.പി.ഐ). ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈൽ ആപ്ലിക്കേഷനിലേക്ക് കൊണ്ടുവരുന്ന സംവിധാനമാണിത്. പരമ്പരാഗത മൊബൈൽ വാലറ്റുകളിൽനിന്ന് വ്യത്യസ്തമായി ഒരു ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ച് മറ്റൊരു ബാങ്ക് അക്കൗണ്ടിൽ ഉടൻ നിക്ഷേപിക്കുകയാണ് ഈ സംവിധാനം ചെയ്യുന്നത്. ഒമാനില്‍നിന്ന് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് യു.പി.ഐ സംവിധാനം ഗുണകരമാകുമെന്നാണ് കരുതുന്നത്. ഈ വർഷം സെപ്റ്റംബര്‍ വരെ 6.78 ശതകോടി ഇടപാടുകള്‍ യു.പി.ഐ പ്ലാറ്റ്‌ഫോം വഴി നടന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RuPay card
News Summary - RuPay card can now be used in Oman; The contract was signed
Next Story