രൂപ ശക്തി പ്രാപിക്കുന്നു; വിനിമയ നിരക്ക് താഴേക്ക്
text_fieldsമസ്കത്ത്: ഇന്ത്യൻ രൂപ ശക്തി പ്രാപിക്കാൻ തുടങ്ങിയതോടെ റിയാലിന്റെ വിനിമയ നിരക്ക് താഴേക്ക്. ഒരു റിയാലിന് 222.85 രൂപ എന്ന നിരക്കാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നൽകിയത്. ഇന്ത്യൻ രൂപയുടെ വില 86.20 രൂപയിലെത്തി. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിലെ ഏറ്റവും ശക്തമായ വിലയാണിത്.
ഈ വർഷാദ്യം മുതൽ റിയാലിന്റെ വിനിമയ നിരക്ക് കുത്തനെ വർധിച്ചിരുന്നു. കഴിഞ്ഞ മാസം ഒമ്പതിന് വിനിമയ നിരക്ക് ഒരു റിയാലിന് 227 വരെ എത്തിയിരുന്നു. ഇതായിരുന്നു സർവ കാല റിക്കാർഡ്. പിന്നീട് വിനിമയ നിരക്ക് താഴേക്ക് വരികയായിരുന്നു.
ഇന്ത്യയിലേക്കുള്ള ഡോളർ ഒഴുക്ക് വർധിച്ചതാണ് ഇന്ത്യൻ രൂപ ശക്തി പ്രാപിക്കാൻ പ്രധാന കാരണം. ഇന്ത്യൻ ഓഹരി വിപണിയിലെ നിയന്ത്രിക്കുന്ന ഫോറിൻ ഇൻസ്റ്റിറ്റ്യൂഷൻ ഇൻവെസ്റ്റേഴ്സ് ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തിയതും ഇന്ത്യൻ വിപണിയിലേക്ക് ഡോളർ ഒഴുക്കിന് കാരണമാക്കി. എന്തുകൊണ്ടാണ് ഇന്ത്യൻ വിപണിയിലേക്ക് ഡോളർ ഒഴുക്കിന് കാരണം വ്യക്തമല്ല. ചില ബാങ്കുകളും ഡോളർ വിൽപന നടത്തുന്നുണ്ട്. ഇന്ത്യൻ മാർക്കറ്റിൽ അമേരിക്കൻ ഡോളർ സുലഭമായതാണ് രൂപ ശക്തി പ്രാപിക്കാൻ പ്രധാന കാരണം.
അമേരിക്കൻ ഡോളർ തകരുന്നതും രൂപ രൂപ ശക്തി പ്രാപിക്കാൻ പ്രധാനകാരണമാണ്. അമേരിക്കൻ സാമ്പത്തിക വ്യവസ്ഥയും തകർച്ച നേരിടുന്നുണ്ട്. ആറ് പ്രമുഖ കറൻസികളെ അപേക്ഷിച്ച് അമേരിക്കൻ ഡോളറിന്റെ വില കാണക്കാക്കുന്നതാണ് ഡോളർ ഇന്റക്സ്. ഇത് താഴ്ന്ന നിലയിലാണ് ഇപ്പോഴുള്ളത്. ട്രംപിന്റെ താരിഫ് പോളിസിയാണ് അമേരിക്കൻ ഡോളറിന് വിനയായത്.
താരിഫ് നയം നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. അത് അമേരിക്കയിലെ നിക്ഷേപത്തെ താൽക്കാലികമായി ബാധിക്കാനും സാധ്യതയുണ്ട്. എന്നാൽ ഇസ്രായേൽ ഫലസ്തീനുമായുള്ള വെടി നിർത്തൽ ലംഘിച്ചതും യുദ്ധം പുനരാരംഭിച്ചതും എണ്ണ വില വർധിക്കാൻ കാരണമായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും കുടുതൽ എണ്ണ ഉപയോഗിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. അതിനാൽ എണ്ണ വില വർധിക്കുന്നത് ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിക്കും. റിയാലിന്റെ വിനിമയ നിരക്ക് കുറയുന്നത് പ്രവാസികൾ സന്തോഷത്തോടെയല്ല എതിരേൽക്കുന്നത്. വിനിമയ നിരക്ക് ഉയരുന്നത് പ്രവാസികൾക്ക് തങ്ങളുടെ റിയാലിന് കൂടുതൽ രൂപ ഇന്ത്യയിലേക്ക് അയക്കാൻ കഴിയുമായിരുന്നു. തങ്ങളുടെ അധ്വാനത്തിന് കൂടുതൽ വില ലഭിക്കാൻ ഇത് സഹായിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.