ഒമാനിൽ രാസവളം ഉൽപാദിപ്പിക്കാൻ റഷ്യൻ നിക്ഷേപകർ
text_fieldsമസ്കത്ത്: ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും കയറ്റുമതി ചെയ്യുന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഒമാനിലെ രാസവള ഉൽപാദനത്തിൽ കണ്ണുംനട്ട് റഷ്യൻ നിക്ഷേപകർ. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ വാർത്തസമ്മേളനത്തിലാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ഇക്കാര്യം അറിയിച്ചത്. ഒമാനിൽ രാസവളങ്ങളുടെ ഉൽപാദനം വികസിപ്പിക്കുന്നതിലും ജല ഉപഭോഗവുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പിലാക്കുന്നതിലും ചില റഷ്യൻ നിക്ഷേപകരുടെ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞതായി റഷ്യൻ വാർത്ത ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു.
ഒമാൻ വിപണി മാത്രമല്ല, ദക്ഷിണേഷ്യൻ, തെക്കുകിഴക്കൻ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനും റഷ്യൻ കമ്പനികൾ രാസവളങ്ങൾ നിർമിക്കാൻ താൽപര്യപ്പെടുന്നുണ്ടെന്ന് ലാവ്റോവ് ഊന്നിപ്പറഞ്ഞു. റഷ്യയും ഒമാനും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിനുള്ള സാധ്യത നിലവിലെ കണക്കുകൾക്കപ്പുറമാണ്, അത് ഇതിനകം അര ബില്യൺ ഡോളറിലധികം വരും. ഇനിയും വരാനുണ്ട്, സാധ്യത വളരെ വിശാലമാണെന്നും അദ്ദേഹം പറഞ്ഞു.
സഹകരണം വർധിപ്പിക്കുന്നതിനുള്ള സമാന്തര ശ്രമത്തിൽ, ഒമാനും റഷ്യയും പരസ്പര പ്രോത്സാഹനത്തിനും നിക്ഷേപ സംരക്ഷണത്തിനുമുള്ള കരാറിനായി സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് സയ്യിദ് ബദർ പറഞ്ഞു. ഇരട്ട നികുതി ഒഴിവാക്കുന്നതുസംബന്ധിച്ച് ഞങ്ങൾ ഒരു കരാറിൽ ഒപ്പുവെച്ചത് വളരെ മുമ്പാണ്. നിലവിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു കരാറിലും പ്രവർത്തിക്കുകയാണ്. രാജ്യങ്ങളിലേക്ക് നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള സഹകരണം വികസിപ്പിക്കുന്നതിനുള്ള പ്രധാന അടിത്തറയാണ് ഈ രണ്ട് കരാറുകളുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ നിക്ഷേപം ആകർഷിക്കാൻ ഒമാൻ പ്രതിജ്ഞാബദ്ധമാണെന്നും ഈ ലക്ഷ്യത്തിനായി സ്വകാര്യ മേഖലയുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.