സഫേല വിളവെടുപ്പിന് നിയന്ത്രണം
text_fieldsമസ്കത്ത്: 2022 -2023 സീസണിൽ സഫേല വിളവെടുപ്പ് നടത്തുന്നതിന് കൃഷി, മത്സ്യ, ജല വിഭവ മന്ത്രാലയം നിരോധനം ഏർപ്പെടുത്തി. ഇത് സംബന്ധമായ മന്ത്രാലയം ഉത്തരവ് ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. മുൻ സീസണിൽ ശേഖരിച്ച രജിസ്റ്റർ ചെയ്ത അളവിൽ സഫേല കൈവശം വെക്കുന്നതും വിൽപന നടത്തുന്നതും കുറ്റകരമല്ല. അല്ലാത്തവ കൈവശം വെക്കുന്നതും വിൽപന നടത്തുന്നതും വാങ്ങുന്നതും വിതരണം നടത്തുന്നതും വാഹനത്തിൽ കൊണ്ട് പോവുന്നതും സൂക്ഷിച്ച് വെക്കുന്നതും കയറ്റി അയക്കുന്നതുമെല്ലാം നിരോധിച്ചിട്ടുണ്ട്.
സഫേലയുടെ വംശനാശം തടയാനും ഉൽപാദനം കുറയുന്നത് നിയന്ത്രിക്കാനും കാലങ്ങളിൽ അധികൃതർ വിളവെടുപ്പിന് അധികൃതർ നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. 2020 -2021 സീസണിൽ അധികൃതർ വിളവെടുപ്പിനും ശേഖരണത്തിനും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രണ്ട് വർഷത്തെ നിയന്ത്രണത്തിന് ശേഷമാണ് 2019 ൽ അധികൃതർ വിളവെടുപ്പിന് അനുവാദം നൽകിയത്. ഒമാൻ കടലിൽ ലഭിക്കുന്ന സഫേല ഒമാന് വൻ സാമ്പത്തികനേട്ടം ഉണ്ടാക്കി കൊടുക്കുന്നത്.
കിലോക്ക് 30 മുതൽ 50 റിയാൽ വരെ വിലയുള്ളതാണ് ഒമാൻ സഫേല. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സഫേല ഒമാനിലേതാണ്. അതിനാൽ ഒമാൻ സഫേലക്ക് അന്താരാഷ്ട്ര മാർക്കറ്റിൽ വൻ ഡിമാൻഡാണ്. ഒമാനിൽ 50 മുതൽ 55 ടൺ വരെയാണ് ഓരോ സീസണിലും വിളവെടുക്കുന്നത്. എന്നാൽ 2011ൽ 149 ടൺ സഫേലയാണ് വിളവെടുത്തത്. സീസണല്ലാത്ത കാലത്തും നിയമ വിരുദ്ധമായും സഫേല വിളവെടുപ്പ് നടത്തിയത് കാരണം ഇവയുടെ ഉൽപാദനം കുറഞ്ഞതായി അധികൃതർ കണ്ടെത്തിയിരുന്നു. ദോഫാർ ഗവർണറേറ്റിലെ മിർബാത്ത്, സാദാ, ഹദ്ബീൻ, ഹാസിക് എന്നിവിടങ്ങളിലെ കടലിലാണ് സഫേല കൂടുതൽ ലഭിക്കുന്നത്. ഇവിടങ്ങളിൽ അധികൃതർ സർവേ നടത്തിയിരുന്നു. ഇതിൽ സഫേലയുടെ വ്യാപനം കാര്യമായി കുറഞ്ഞതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിളവെടുപ്പ് നിരോധം ഏർപ്പെടുത്തുന്നത്.
അബലോൻ എന്ന കടൽ ഉൽപന്ന പ്രാദേശിക ഭാഷയിൽ സഫേല എന്നാണ് അറിയപ്പെടുന്നത്. ലോകത്ത് 120 ഇനം സഫേലകളുണ്ട്. ഒമാന് പുറമെ ആസ്ട്രേലിയ, ജാപ്പാൻ, മെക്സികോ ,ന്യൂസിലൻഡ് , സൗത്ത് ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലാണ് കണ്ടുവരുന്നത്. എന്നാൽ ഇതിൽ മികച്ചത് ഒമാൻ സഫേലയാണ്.
സീസണിൽ അതിരാവിലെ കത്തിപോലെ ചെറിയ ഉപകരണങ്ങൾ ഉപയോഗിച്ച് കടൽ വെള്ളത്തിൽ മുങ്ങിയാണ് സഫേല ശേഖരിക്കുന്നത്. ഇവ ശേഖരിക്കുന്നത് വൻ സാമ്പത്തിക ലാഭമുണ്ടാക്കുന്നതിനാൽ സഫേല സീസൺ ഈ മേഖലകളിൽ ഉത്സവക്കാലമായിരിക്കും. ഒമാൻ സഫേലക്ക് ഏറ്റവും ആവശ്യക്കാരുള്ളത് ഹോങ്കോങ്ങിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.