കരുതലിെൻറ കട്ടൻകാപ്പിയുമായി സാലാഹ്
text_fieldsആയുസ്സിെൻറ പകുതിയിലധികവും ചെലവഴിച്ചത് ഒമാനിലാണ്. കൃത്യമായി പറഞ്ഞാൽ 38 വർഷം 5 മാസം 13 ദിവസം! ഇക്കാലത്തിനിടെ അനേകം ഒമാനികളുമായി പരിചയപ്പെടാൻ അവസരം ലഭിച്ചു. അവയിൽ ഏറ്റവും ഒടുവിലെ അനുഭവം ഈ അവസരത്തിൽ പറയാതെ വയ്യ.
'2021 നവംബർ 13' -ഈ ദിവസത്തിന് പലതരത്തിൽ പ്രത്യേകതകളുണ്ട്. എെൻറ ഔദ്യോഗിക ജീവിതത്തിെൻറ അവസാന ദിവസം. 1978 ഏപ്രിൽ 17ന് ഹരിയാനയിലെ ഭിവാനി ജില്ലയിലെ കമ്പനിയിൽനിന്ന് ആരംഭിച്ച ഔദ്യോഗിക ജീവിതം പല കൈവഴികളിലൂടെ കടന്നുപോയി ഒമാനിലെ സൂറിൽ അവസാനിക്കുന്നു.
ഓഫിസിൽ ഉത്തരവാദിത്തം കൈമാറി കഴിഞ്ഞിട്ടില്ല. ഉച്ചഭക്ഷണത്തിന് പലരും ക്ഷണിച്ചിരുന്നെങ്കിലും ബന്ധുവും സഹപ്രവർത്തകനുമായ അജിയുടെ ഫ്ലാറ്റിൽ അടുത്ത സുഹൃത്തുക്കളോടൊപ്പം ആവാം എന്ന് തീരുമാനിക്കുകയായിരുന്നു. രാത്രി 10നാണ് ഫ്ലൈറ്റ്. ഉച്ചയോടെ ഓരോന്നായി ശരിയാക്കിത്തുടങ്ങി. നാലുമണിയോടെ മറ്റു സുഹൃത്തുക്കൾ ഓരോരുത്തരായി ഫ്ലാറ്റിൽ എത്തിക്കൊണ്ടിരുന്നു. കൂട്ടത്തിൽ എത്തിയ ഒരാൾ എന്നെ അത്ഭുതപ്പെടുത്തി. 'സാലു' എന്ന സാലാഹ് എന്ന ഒമാനി സ്വദേശി. അദ്ദേഹം ജനിച്ചതും വളർന്നതും കോഴിക്കോട് ജില്ലയിലായിരുന്നു. പിന്നീട് പിതാവിെൻറ നാടായ ഒമാനിലെത്തി പൗരത്വം എടുക്കുകയായിരുന്നു.
സാലുവിനെ കുറിച്ച് ഞാൻ മുമ്പേ കേട്ടിരുന്നെങ്കിലും പരിചയപ്പെട്ടിരുന്നില്ല. ഒരുമാസം മുമ്പ് പ്രധാനപ്പെട്ട ഒരു രേഖ തയാറാക്കാനാണ് എന്നെ ബന്ധപ്പെടുന്നത്. അന്നു മുതൽ ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി.
ഞാൻ ജോലി മതിയാക്കി നാട്ടിൽ പോവുകയാണെന്ന് അറിഞ്ഞപ്പോൾ ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം എന്നെയും സുഹൃത്തുക്കളെയും വിരുന്നിന് ക്ഷണിച്ചിരുന്നു. ആ ക്ഷണം നിരസിക്കാൻ സാധിച്ചില്ല. ഹൃദ്യമായ സ്വീകരണമായിരുന്നു ഞങ്ങൾക്ക് സാലുവിെൻറ വീട്ടിൽനിന്ന് ലഭിച്ചത്. ഓർമയിൽ തങ്ങുന്ന അനുഭവങ്ങളോടെയാണ് ഞങ്ങൾ അവിടുന്ന് പിരിഞ്ഞത്.
എങ്കിലും ഞാൻ നാട്ടിലേക്ക് തിരിച്ചുപോരാൻ നേരത്ത് അദ്ദേഹം ഫ്ലാറ്റിൽ വരുമെന്ന് കരുതിയില്ല. ഫ്ലാറ്റിലും പുറത്തുമായി ഒത്തുകൂടിയ സുഹൃത്തുക്കളോട് യാത്ര പറഞ്ഞ് വണ്ടിയിൽ കയറുമ്പോൾ സാലു എെൻറ കൈയിൽ ഒരു കവർ തന്നുകൊണ്ട് പറഞ്ഞു, ''എയർപോർട്ടിൽ നിന്നോ ഫ്ലൈറ്റിൽ നിന്നോ കഴിക്കാം...''
ബോഡിങ്ങിനായി കാത്തിരിക്കുമ്പോഴായിരുന്നു സാലു തന്ന കവർ തുറന്നുനോക്കിയത്. സ്റ്റീലിെൻറ വാട്ടർ ബോട്ടിൽ നിറയെ കാപ്പി, ചൂട് പോകാതിരിക്കാൻ സ്റ്റീൽ ബോഡിക്ക് ചുറ്റും കട്ടി യിൽ അലുമിനിയം ഫോയിൽ ചുറ്റിയിരിക്കുന്നു. ഏതാനും ചെറിയ പേപ്പർ ഗ്ലാസുകൾ, കുറെ ചെറിയ കപ്പ് കേക്കുകൾ! സന്തോഷത്തോടെ ചൂട് കുറഞ്ഞുകൊണ്ടിരുന്ന കാപ്പിയിൽനിന്ന് രണ്ടു ഗ്ലാസ് കുടിച്ചു, രണ്ടു കേക്കും മേമ്പൊടിയായി തിന്നു. ബാക്കി അതുപോലെ പൊതിഞ്ഞുവെച്ചു. അങ്ങനെ എത്രയെത്ര സ്നേഹത്തിെൻറ കരുതലുകളാണ് ആ മണ്ണിൽനിന്ന് ലഭിച്ചത്.
മധു നമ്പ്യാർ കണ്ണൂർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.