സലാല കെ.എം.സി.സിയുടെ ഇഫ്താർ കിറ്റ് വിതരണം 10 ദിവസം പിന്നിടുന്നു
text_fieldsസലാല: കോവിഡ് ഭീതിയിലായ പ്രവാസികൾക്ക് ആശ്വാസമാകുകയാണ് സലാല കെ.എം.സി.സി. ഒമാനിൽ ഭാഗിക ലോക്ഡൗൺ തുടങ്ങിയപ്പോൾ തന്നെ കെ.എം.സി.സി ഹെൽപ് െഡസ്ക് സ്ഥാപിച്ച് സഹായഹസ്തവുമായി മുന്നോട്ടുവന്നിരുന്നു. കടകളും സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നതിനാൽ വരുമാനമില്ലാതെ ദുരിതത്തിലായവർക്ക് ഭക്ഷണവും മരുന്നും മറ്റും എത്തിച്ചുനൽകാൻ സലാല കെ.എം.സി.സി തയാറായി. കോഴിക്കോട് ജില്ല കമ്മിറ്റിയാണ് ദൗത്യം ഏറ്റെടുത്തത്. ഒരു കുടുംബത്തിലേക്ക് ഒരു മാസത്തിൽ അധികം കഴിയാവുന്ന അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകളാണ് എത്തിച്ചുനൽകുന്നത്. ഇതിനകം 400ഓളം കിറ്റുകൾ മത, ജാതി, ദേശ ഭേദമന്യേ വിതരണം ചെയ്തുകഴിഞ്ഞു.
റമദാൻ ആയതോടെ ഇഫ്താർ കിറ്റ് വിതരണവും ആരംഭിച്ചു. റമദാനിൽ നോമ്പ് തുറക്കുന്നതിന് വിദേശികൾ പള്ളികളെയാണ് ആശ്രയിച്ചിരുന്നത്. അതിനാലാണ് അത്യാവശ്യക്കാർക്ക് ഭക്ഷണം എത്തിച്ചുനൽകാൻ തീരുമാനിച്ചതെന്ന് പ്രസിഡൻറ് നാസർ പെരിങ്ങത്തൂർ, ജനറൽ സെക്രട്ടറി റഷീദ് കൽപറ്റ എന്നിവർ അറിയിച്ചു.റമദാനിലെ ആദ്യ ദിനങ്ങളിൽ 650 ഇഫ്താർ കിറ്റുകളാണ് നൽകിയിരുന്നത്. എന്നാൽ, ഇപ്പോൾ ആവശ്യക്കാർ വർധിച്ചു. ഇപ്പോൾ ആയിരത്തിലധികം കിറ്റുകളാണ് സലാലയിലെ വിവിധ മേഖലകളിൽ വിതരണം ചെയ്യുന്നതെന്ന് ഇഫ്താർ കമ്മിറ്റി ചെയർമാൻ ഷബീർ കാലടി, മഹ്മൂദ് ഹാജി എടച്ചേരി എന്നിവർ പറഞ്ഞു.
റമദാൻ മാസം മുഴുവൻ തുടരുമെന്നും കോഒാഡിനേറ്റർ സലാം ഹാജി, ആർ.കെ. അഹമ്മദ് എന്നിവർ അറിയിച്ചു.
വി.സി. മുനീർ, ജാബിർ ശരീഫ് എന്നിവരുടെ നേതൃത്വത്തിലുള്ള100ഓളം വരുന്ന വളൻറിയർമാരാണ് ഭക്ഷണ കിറ്റുകൾ തയാറാക്കുന്നതിനും വിതരണത്തിനും രംഗത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.