സലാലയെ കുളിരണിയിച്ച് ഖരീഫ് മഴ പെയ്തുതുടങ്ങി
text_fieldsസലാല: സലാലയിൽ ഖരീഫ് സീസണിലെ ആദ്യ മഴ പെയ്തു. കാർമേഘങ്ങൾ കുറച്ചുദിവസങ്ങളായി വാനിലുണ്ടെങ്കിലും വ്യാഴാഴ്ച രാത്രി മുതലാണ് മഴക്ക് തുടക്കമായത്. വെള്ളിയാഴ്ച വൈകീട്ട് വരെ മഴ തുടർന്നു. സലാല ടൂറിസം ഫെസ്റ്റിവലിനും വെള്ളിയാഴ്ച തുടക്കമായി. ഇത്തീനിലെ മുനിസിപ്പാലിറ്റി റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന പരിപാടിക്ക് മുേമ്പയെത്തിയ മഴ പെരുന്നാൾ അവധി ചെലവഴിക്കാൻ എത്തിയ സഞ്ചാരികൾ ഏറെ ആസ്വദിച്ചു. മഴയാസ്വദിക്കാനെത്തിയ പലരും മഴ വൈകിയെത്തിയതിൽ പരിഭവം പങ്കുവെച്ചു.
ഇന്നലെ രാത്രി സലാലയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും മഴ പെയ്തു. ജബലുകളിലും അത്യാവശ്യം മഴ ലഭിച്ചു. ഔദ്യോഗികമായി ഖരീഫ് കാലം ജൂൺ 22 ന് ആരംഭിച്ചെങ്കിലും അങ്ങിങ് വളരെ ചെറിയ അളവിൽ ചാറ്റൽമഴ മാത്രമാണ് ലഭിച്ചത്. റമദാനിലും കഴിഞ്ഞ ദിവസങ്ങളിലും നല്ല ചൂടും നല്ല ഇൗർപ്പവുമാണ് അനുഭവപ്പെട്ടിരുന്നത്. തുടർ ദിവസങ്ങളിലും മഴ ലഭിക്കുമെന്നുതന്നെയാണ് കരുതുന്നത്. അങ്ങനെയെങ്കിൽ ജബലുകൾ പത്തു ദിവസത്തിനകം പച്ചയണിയും. അരുവികൾ നിറഞ്ഞൊഴുകും. വെള്ളിയാഴ്ച പർവത പ്രദേശങ്ങളിൽ 20നും 21 ഡിഗ്രിക്കുമിടയിൽ ചൂടാണ് അനുഭവപ്പെട്ടത്. നൂൽ മഴ തുടർന്നാൽ എല്ലായിടത്തും വെള്ളക്കെട്ടും ചളിയും രൂപപ്പെട്ട് മലയാളിക്ക് നാട്ടിലെ വർഷകാലത്തെ ഓർമിക്കുന്ന കാഴ്ചകളിലേക്ക് സലാലയും പരിസരവും മാറും. പെരുന്നാൾ അവധിക്കാലത്ത് സ്വദേശികൾക്കുപുറമെ ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാരടക്കം വിദേശികളാണ് കൂടുതലായി എത്തിയത്. അവധിയവസാനിച്ചതോടെ പലരും സലാലയിൽനിന്ന് മടങ്ങിത്തുടങ്ങിയിട്ടുണ്ട്. ടൂറിസം ഫെസ്റ്റിവലിന് തുടക്കമാകുന്നതോടെ ജി.സി.സി രാഷ്ട്രങ്ങളിൽനിന്നുള്ള ടൂറിസ്റ്റുകൾ സലാലയിലേക്ക് ഒഴുകിയെത്തും. ഇക്കുറി ഖത്തറിൽനിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വർധനവുണ്ടായേക്കാൻ സാധ്യതയുള്ളതായി ഈ മേഖലയിലുള്ളവർ വിലയിരുത്തുന്നു. ഫെസ്റ്റിവൽ ഉദ്ഘാടനത്തിെൻറ ഭാഗമായി കാണികളുടെ കണ്ണിന് മിഴിവേകി കരിമരുന്ന് പ്രയോഗവും നടന്നു.
കലാസാംസ്കാരിക പരിപാടികളും വിപണന മേളയുമുൾപ്പെടെ ഫെസ്റ്റിവൽ നഗരിക്ക് സെപ്റ്റംബർ ആറുവരെയുള്ള 63 ദിവസങ്ങൾ തിരക്കൊഴിയാത്ത ദിവസങ്ങളായിരിക്കും. ‘ഒമാൻ സമൃദ്ധിയും വികസനവും’ എന്ന മുദ്രാവാക്യവുമായാണ് ഇക്കുറി ഫെസ്റ്റിവൽ നടക്കുന്നത്. 35 രാഷ്ട്രങ്ങളിൽനിന്നുള്ളവരുടെ പങ്കാളിത്തമുള്ള കലാ, കരകൗശല പ്രദർശനമാണ് ഇൗ വർഷത്തെ ഫെസ്റ്റിവലിെൻറ ആകർഷണം. വിവിധ വിലായത്തുകളിൽ ഉള്ളവർക്കായി ഫെസ്റ്റിവലിെൻറ ഭാഗമായി വിവിധ കലാ, കായിക മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. മികവ് പ്രകടിപ്പിക്കുന്ന കലാകാരന്മാര്ക്കും കൂടുതല്‍ പോയൻറ് നേടുന്ന വിലായത്തിനും ഫെസ്റ്റിവലിെൻറ സമാപനത്തോടനുബന്ധിച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഇൗ വർഷം ജൂൺ 29 വരെയുള്ള കണക്കനുസരിച്ച് 27,654 പേരാണ് ഖരീഫ് സീസൺ ആരംഭിച്ച ശേഷം ദോഫാറിൽ എത്തിയത്. കഴിഞ്ഞ വർഷം സമാന കാലയളവിൽ 10,604 പേർ മാത്രമാണ് എത്തിയത്. സലാം എയർ കൂടി സർവിസ് ആരംഭിച്ചതോടെ വിമാനമാർഗം എത്തുന്ന സഞ്ചാരികളുടെ എണ്ണം ഉയരുമെന്നാണ് കരുതുന്നത്. പെരുന്നാൾ അവധിക്കാലത്ത് ബസുകളിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. മുവാസലാത്ത് നാലു സർവിസുകൾ വീതം നടത്തിയെങ്കിലും നിരവധി പേർക്ക് സീറ്റ് ലഭിക്കാത്ത അവസ്ഥയുണ്ടായി. സ്വകാര്യ ബസ് ഒാപറേറ്റർമാരും തിരക്ക് നേരിടാൻ അധിക ബസുകൾ സർവിസിന് ഇട്ടിരുന്നു. ഖരീഫ് സഞ്ചാരികളെ സ്വാഗതം ചെയ്ത് ഇൻറര്‍നെറ്റ്, എസ്.എം.എസ്, വോയ്സ് കാള്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തി രാജ്യത്തെ പ്രമുഖ ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.