യാത്രികർക്ക് വഴികാട്ടിയായി സലാല ട്രാവലേഴ്സ് ക്ലബ്
text_fieldsസലാല: സലാല യാത്രികർക്ക് വഴികാട്ടിയാവുന്ന സലാല ട്രാവലേഴ്സ് ക്ലബ് എന്ന വാട്സ്ആപ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാവുന്നു. സലാല കാണാൻ വരുന്ന പ്രവാസികൾക്ക് അവർക്ക് സൗകര്യപ്പെടുന്ന ദിവസത്തേക്ക് ആവശ്യമായ ട്രാവൽ പ്ലാൻ ഒരുക്കിനൽകും. കൂടാതെ വിവിധ ടൂറിസ്റ്റ് പ്ലോട്ടുകളുടെ ലൊക്കേഷനും ഓരോ ടൂറിസ്റ്റ് പ്ലോട്ടുകളെ സംബന്ധിച്ച വിശദ വിവിരണം നൽകുകയും ചെയ്യും.
2500 ഓളം വരുന്ന അംഗങ്ങൾ ഉൾക്കൊള്ളുന്ന വാട്സ് ആപ് ഗ്രൂപ്പാണ് ഇവർക്കുള്ളത്. കൂടാതെ ഇൻസ്റ്റ പേജുകളുമുണ്ട്. സിറാജ് സിദാൻ, സിദ്ദീഖ് ബാബു, ഷിഹാബ് ആലടി, ഫാറൂഖ് സലാല, അനസ് പോപ്സ്, ഉസ്മാൻ സായ് വൻ എന്നിവരാണ് ഗ്രൂപ്പിനെ നയിക്കുന്നത്. ടീമിന്റെ പ്രധാന പ്രവർത്തന മേഖല ആസ്വദിക്കാൻ കഴിയുന്ന പുതിയ പ്രദേശങ്ങൾ കണ്ടെത്തി പരിചയപ്പെടുത്തുക എന്നതാണ്.
വെള്ളിയാഴ്ചകളിൽ അതിരാവിലെ താൽപര്യമുള്ള ഗ്രൂപ് അംഗങ്ങളേയും കൂട്ടി പുറപ്പെടുന്ന സംഘം കിലോമീറ്ററുകളോളം നടന്നാണ് പുതിയ പ്രദേശങ്ങൾ കണ്ടെത്തുന്നത്. അതിന്റെ വിഡിയോ തയാറാക്കി ഗ്രൂപ്പിലും സലാല ട്രാവലേഴ്സ് ക്ലബ് എന്ന ഇൻസ്റ്റഗ്രാം പേജിലും പോസ്റ്റ് ചെയ്യും.
കാടുകളിലേക്കും മലകളിലേക്കുമുള്ള യാത്രക്കാവശ്യമായ മുന്നൊരുക്കത്തോടെയാണ് ഓരോ യാത്രയും. ചിലപ്പോഴെങ്കിലും പാമ്പിന്റെയും മറ്റും മുമ്പിൽ പെട്ടിട്ടുള്ളതായി സിദ്ദീഖ് ബാബു പറഞ്ഞു.
ഈ ഖരീഫ് കാലത്ത് ഐൻ ഗൈദ്, വാദി ഐൻ, ഐൻ ഹഷീർ ,ഐൻ ഹൂത്ത, ഐൻ നക്ബ, ഐൻ റൂബ്, ഐൻ ഹഷൂർ തുടങ്ങിയ അപരിചിത സ്ഥലങ്ങളും വാദി ദർബാത്ത്, ഐൻ ഹമ്രാൻ, ഐൻ അതൂം, ഐൻ അർസാത് തുടങ്ങിയ പരിചിത സ്ഥലങ്ങളും ഈ സംഘം സന്ദർശിച്ചിരുന്നു.
ഉൾക്കാടുകളിൽ ആളുകൾ ഉപേക്ഷിച്ച് പോരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാനും ടീമംഗങ്ങൾ ജാഗ്രത കാണിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഐൻ ഗൈദിൽനിന്ന് നിരവധി ബാഗ് പ്ലാസ്റ്റിക് മാലിന്യമാണ് നീക്കം ചെയ്തത്. യാത്രയെ പ്രോത്സാഹിപ്പിക്കുന്ന വിവിധ മത്സരങ്ങളും ഗ്രൂപ് അംഗങ്ങൾക്കായി ഒരുക്കാറുണ്ട്.
ഖരീഫ് കാലത്ത് എല്ലാ ദിവസവും സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിലൂടെ വിജയികൾക്ക് ഓരോ ദിവസവും സമ്മാനവും നൽകിയിരുന്നു. സലാലയിൽ എത്തുന്ന പ്രമുഖരായ യാത്രികർക്ക് സലാല ട്രാവൽ ക്ലബിന്റെ പേരിൽ സ്വീകരണവും ഒരുക്കാറുണ്ട്. യാത്രയെ ഇഷ്ടപ്പെടുന്നവർക്കാവശ്യമായ വിഭവങ്ങൾ സമയാ സമയങ്ങളിൽ എത്തിച്ച് കൊടുക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.