സലാം എയറിനും എയർ അറേബ്യക്കും സൊഹാറിൽനിന്ന് അധിക സർവിസിന് അനുമതി
text_fieldsമസ്കത്ത്: സൊഹാർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് കൂടുതൽ സർവിസുകൾക്ക് അനുമതി. സലാം എയറിനും എയർ അറേബ്യക്കും ഒാരോ അധിക സർവിസുകൾകൂടി നടത്താനാണ് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അനുമതി നൽകിയത്. നിലവിൽ മൂന്നു പ്രതിവാര സർവിസുകളാണ് ഇരു കമ്പനികളും നടത്തുന്നത്. സലാലയിൽനിന്നും ഷാർജയിൽനിന്നും ഒാരോ പ്രതിവാര സർവീസുകൾ കൂടി നടത്താൻ അനുമതി നൽകിയതായി സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി ട്വിറ്ററിൽ അറിയിച്ചു. സൊഹാർ വിമാനത്താവളത്തിെൻറ വളർച്ചാസാധ്യതകൾ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി സി.ഇ.ഒ നാസർ അൽ സാബി പറഞ്ഞു.
വിമാന സർവിസുകളുടെ വർധന സൊഹാർ വിമാനത്താവളത്തെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിക്കുന്നുവെന്നതിെൻറ സൂചനയാണ്. ഭാവിയിൽ കൂടുതൽ സർവിസുകളോടെ വിമാനത്താവളം സജീവമാകുമെന്നാണ് പ്രതീക്ഷയെന്നും അൽ സാബി പറഞ്ഞു. സലാം എയർ നിലവിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവിസ് നടത്തുന്നത്. യാത്രക്കാരുടെ വർധിച്ച ആവശ്യം പരിഗണിച്ച് ഇൗ മാസം 16ന് നാലാമത്തെ പ്രതിവാര സർവിസിന് തുടക്കമാകുമെന്ന് സലാം എയർ ട്വിറ്ററിൽ അറിയിച്ചു.
എല്ലാ ഞായറാഴ്ചയുമാകും പുതിയ സർവിസ്. കഴിഞ്ഞ മാസം 28 മുതലാണ് സലാം എയർ സൊഹാർ-സലാല റൂട്ടിൽ സർവിസ് ആരംഭിച്ചത്. എയർ അറേബ്യക്ക് നാലാമത്തെ സർവിസിന് അനുമതി ലഭിച്ചെങ്കിലും എന്നുമുതൽ ആരംഭിക്കുമെന്ന് അറിയിച്ചിട്ടില്ല. ഖരീഫ് സീസൺ മുൻനിർത്തിയാണ് സലാം എയർ സലാല-സൊഹാർ റൂട്ടിൽ സർവിസ് ആരംഭിച്ചത്. ഇത് സ്ഥിരം സർവിസ് ആക്കുന്നതിനെ കുറിച്ച പൊതുജനങ്ങളുടെ അഭിപ്രായ സ്വരൂപണം കമ്പനി സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിവരുന്നുണ്ട്. ഖത്തർ എയർവേസ് അടുത്ത മാസം എട്ടുമുതൽ സൊഹാറിൽനിന്ന് സർവിസ് ആരംഭിക്കുന്നുണ്ട്. സൊഹാറിലേക്ക് അധിക വിമാന സർവിസുകൾ വരുന്നത് രാജ്യത്തിെൻറ സമ്പദ്ഘടനക്കും വികസനത്തിനും ഏറെ ഗുണപ്രദമാകുമെന്ന് ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവരും ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.