മലയാളികൾക്ക് ആശ്വാസം: സലാം എയർ ഇന്ത്യൻ സെക്ടറിലേക്ക് സർവിസ് പുനഃരാരംഭിക്കുന്നു
text_fieldsമസ്കത്ത്: മലയാളികളടക്കമുള്ള പ്രവാസികൾക്ക് ആശ്വാസം പകർന്ന് ഒമാന്‍റെ ബജറ്റ് എയർ വിമാനമായ സലാം എയർ ഇന്ത്യൻ സെക്ടറിലേക്ക് സർവിസുകൾ പുനരാരംഭിക്കുന്നു. തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ജയ്പുർ, ലഖ്നോ എന്നീ അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് മസ്കത്തിൽനിന്ന് നേരിട്ട് സർവിസുകൾ നടത്തും. കോഴിക്കോട്ടേക്കുള്ള സർവിസുകൾ ഡിസംബർ 16ന് ആരംഭിക്കും. തിരുവനന്തപുരത്തേക്കുള്ള ഷെഡ്യൂൾ പ്രഖ്യാപിട്ടില്ല.
മസ്കത്തിൽനിന്ന് രാത്രി 10.30 പുറപ്പെടുന്ന വിമാനം പുലർച്ചെ 3.20ന് കോഴിക്കോട്ടെത്തും. കോഴിക്കോട്നിന്ന് ഡിസംബർ 17 മുതലാണ് മസ്കത്തിലേക്ക് സർവിസ് ആരംഭിക്കുന്നത്. ആഴ്ചയിൽ എല്ലാ ദിവസവും സർവിസ് നടത്തുന്നുണ്ട്. മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് നിരക്ക് 86.17 റിയാലാണ്. ഈ ടിക്കറ്റ് എടുക്കുന്നവർക്ക് 20 കിലോ ലഗേജും ഏഴ് കിലോ ഹാന്റ് ബാഗുമാണ് കൊണ്ട് പോവാൻ കഴിയുക. എന്നാൽ, 97.17റിയാൽ നിരക്ക് നൽകുകയാണെങ്കിൽ 30 കിലോ ലഗേജും ഏഴ് കിലോ ഹാൻറ് ബാഗും കൊണ്ട് പോവാൻ കഴിയും.
കോഴിക്കോട്ടുനിന്ന് കാലത്ത് 04.05ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം രാവിലെ ആറ് മണിക്ക് മസ്കത്തിൽ എത്തും. കോഴിക്കോട്നിന്ന് മസ്കത്തിലേക്ക് 20 കിലോ ലഗേജും ഏഴ് കിലോ ഹാൻറ് ബാഗും കൊണ്ട് വരുന്നവരിൽനിന്ന് 43.05റിയാലാണ് ഈടാക്കുക. 30 കിലോ കൊണ്ട് വരുന്നവർ 54.60 റിയാലും ടിക്കറ്റിനായി നൽകണം. ഡിസംബർ 30 വരെ ഇതേ നിരക്ക് തന്നെയാണ് സലാം എയർ വെബ് സൈറ്റിൽ കാണിക്കുന്നത്.എന്നാൽ ജനുവരി ഒന്ന് മുതൽ മസ്കത്തിൽനിന്ന് കോഴികോട്ടേക്കുള്ള ടിക്കറ്റ് നിരക്കിൽ കുറവുവരുന്നുണ്ട്. മാർച്ച് വരെ 65.20റിയാൽ ആണ് കാണിക്കുന്നത്. അതേസമയം കോഴിക്കോട്ടുനിന്നുള്ള നിരക്ക് ജനുവരിമുതൽ ഉയർന്നിട്ടുണ്ട്. മാർച്ച്വരെ 52.83 റിയാൽ നൽകണം.
ഒക്ടോബർ ഒന്ന് മുതലായിരുന്നു സലാം എയർ ഇന്ത്യൻ സെക്ടറിൽനിന്ന് പൂർണമായും പിൻവാങ്ങിയത്. ഇന്ത്യയിലേക്ക് വിമാനങ്ങൾ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സർവിസുകൾ നിർത്തുന്നതെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. ഇതാണിപ്പോൾ പുനരാരംഭിക്കാൻ പോകുന്നത്.
ഒമാനിലെ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (സി.എ.എ) പിന്തുണയും ഒമാൻ എയറുമായുള്ള സഹകരണവുമാണ് ഇന്ത്യൻ സെക്ടറിലേക്ക് സർവിസുകൾ പുനരാരംഭിക്കാൻ കഴിഞ്ഞതെന്ന് സലാം എയർ ചെയർമാൻ ഡോ. അൻവർ മുഹമ്മദ് അൽ റവാസ് പ്രസ്താവനയിൽ പറഞ്ഞു.
കോഴിക്കോട്, തിരുവനന്തപുരം അടക്കം കേരളത്തിലെ സെക്ടറുകളിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കഴിയുന്ന സലാം എയറിന്‍റെ ഡിസംബർ മുതലുള്ള കടന്നുവരവ് മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഏറെ ഗുണം ചെയ്യുമെന്ന് ട്രാവൽ മേഖലയിലുള്ളവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.