ഇന്ത്യൻ സെക്ടറിലേക്ക് നാല് സർവിസുകളുമായി സലാം എയർ
text_fieldsമസ്കത്ത്: ഇന്ത്യൻ സെക്ടറിലേക്ക് കൂടുതൽ സർവിസുകളുമായി സലാം എയർ. മസ്കത്തിൽനിന്ന് ലഖ്നോ, ജയ്പൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും കോഴിക്കോട്ടേക്ക് സലാലയിൽനിന്നും സർവിസ് നടത്തും. ഏപ്രിൽ ആദ്യ വാരത്തോടെയാണ് എല്ലാ സെക്ടറിലേക്കും സലാം എയർ പറക്കുക. മസ്കത്തിൽനിന്ന് ലഖ്നോവിലേക്ക് എല്ലാ ദിവസവും സലാം എയറിന്റെ സേവനമുണ്ടാകും. ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ ജയ്പൂരിലേക്കും തിങ്കൾ ഒഴികെ ദിവസങ്ങളിൽ തിരുവനന്തപുരത്തേക്കും സലാം എയർ സർവിസ് നടത്തും. വെള്ളി, ഞായർ ദിവസങ്ങളിലാണ് സലാല-കോഴിക്കോട് സർവിസ്. കോവിഡ് സാഹചര്യത്തിൽ നടത്തുന്ന സർവിസുകൾ ആയതിനാൽ സിവിൽ ഏവിയേഷൻ മന്ത്രാലയം നിരവധി മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. രാത്രി 10.30നാണ് സലാം എയറിന്റെ തിരുവനന്തപുരം വിമാനം മസ്കത്തിൽനിന്ന് പുറപ്പെടുക. പുലർച്ച 3.30ന് തിരുവനന്തപുരത്തെത്തും. മസ്കത്തിൽനിന്ന് 74 റിയാലാണ് ഈടാക്കുന്നത്. മസ്കത്ത്-കേരള സെക്ടറിൽ കൂടുതൽ വിമാനങ്ങൾ സർവിസ് നടത്താൻ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇൻഡിഗോ അടക്കമുള്ള വിമാനങ്ങളാണ് കേരളത്തിലേക്ക് സർവിസുകൾ നടത്താൻ ശ്രമങ്ങൾ നടത്തുന്നത്. കൂടുതൽ വിമാനങ്ങൾ എത്തുന്നതോടെ നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. ഗോ എയർ
കണ്ണൂർ സെക്ടറിലേക്ക് സർവിസ് ആരംഭിച്ചതോടെ കണ്ണൂരിൽനിന്ന് മസ്കത്തിലേക്കുള്ള നിരക്കുകൾ 97 റിയാലായി കുറഞ്ഞിട്ടുണ്ട്. ഗോ എയർ നിരക്കുകൾ കുറച്ചതോടെ എയർ ഇന്ത്യ എക്പ്രസും കണ്ണൂരിൽനിന്നുള്ള നിരക്കുകൾ ഞായറാഴ്ച മുതൽ കുറച്ചിട്ടുണ്ട്. ഇന്നലെവരെ 113 റിയാലാണ് എയർ ഇന്ത്യ എക്പ്രസ് ഈടാക്കിയിരുന്നത്. ഇന്നു മുതൽ നിരക്കുകൾ 94 റിയാലായി കുറച്ചിട്ടുണ്ട്. സമാന രീതിയിലുള്ള നിരക്കിളവുകൾ മറ്റ് വിമാനങ്ങൾ സർവിസ് നടത്തുന്ന സെക്ടറിലെല്ലാമുണ്ട്. കോഴിക്കോട്ടേക്ക് 84 റിയാലാണ് ഏപ്രിൽ ഏഴു മുതൽ എയർ ഇന്ത്യ ഈടാക്കുന്നത്. അതിനാൽ, മസ്കത്തിൽനിന്നും കൂടുതൽ വിമാനങ്ങൾ സർവിസ് നടത്തണമെന്നാണ് പ്രവാസികൾ കരുതുന്നത്. സീറ്റുകൾ വർധിപ്പിച്ചാൽ മാത്രമാണ് കൂടുതൽ സ്വകാര്യ വിമാനങ്ങൾക്ക് സർവിസ് നടത്താൻ കഴിയുക. ഓരോ സെക്ടറിലും സീറ്റുകൾ കുറയുന്നതും ഒന്നോ രണ്ടോ വിമാന കമ്പനികൾ മാത്രം സർവിസ് നടത്തുന്നതും ടിക്കറ്റ് നിരക്കുകൾ കുറയാതിരിക്കാൻ കാരണമാവുമെന്ന് ട്രാവൽ മേഖലയിലുള്ളവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.