കുറഞ്ഞ നിരക്കിൽ തിരുവനന്തപുരത്തേക്ക് സർവിസുമായി സലാം എയർ
text_fieldsമസ്കത്ത്: കുറഞ്ഞ നിരക്കിൽ തിരുവനന്തപുരത്തേക്ക് സർവിസുമായി ഒമാന്റെ ബജറ്റ് എയർ വിമാനമായ സലാം എയർ. പ്രമോഷനൽ കാമ്പയിനിന്റെ ഭാഗമായി ഒക്ടോബർ 30 വരെ ദിവസങ്ങളിൽ 22 റിയാൽ മുതൽതൊട്ട് യാത്ര ചെയ്യാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെകൂടെ 20 കിലോയുടെ ബാഗേജും അനുവദിക്കും. ഓൺലൈൻ ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ചില നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായായിരിക്കും ഓഫർ ലഭ്യമാകുകയെന്ന് സലാം എയർ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
നിലവിൽ മസ്കത്തിൽനിന്ന് കേരള സെക്ടറിൽ തിരുവനന്തപുരത്തേക്ക് മാത്രമാണ് സലാം എയർ സർവിസ് നടത്തുന്നുള്ളൂ. എന്നാൽ, സലാലയിൽനിന്ന് കോഴിക്കോട്ടേക്ക് സർവിസ് നടത്തുന്നുണ്ട്. 31 റിയാലാണ് ടിക്കറ്റ് നിരക്ക്. നിലവിൽ 26 റിയാലാണ് എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്തേക്ക് ഈടാക്കുന്നത്.
പ്രശസ്തമായ യൂറോപ്യൻ ടൂറിസ്റ്റ് കേന്ദ്രവും ചെക്ക് റിപ്പബ്ലിക് തലസ്ഥാനവുമായ പ്രാഗിലേക്കും സമാന രീതിയിൽ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ നിരക്കുകൾ നൽകി യാത്രക്കാരെ ആകർഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നിരക്കുകൾ.
അതേസമയം, വിപുലീകരണ പദ്ധതികളുടെ ഭാഗമായി പുതിയ വിമാനങ്ങൾ വാങ്ങുന്നതിന് സലാം എയർ സെപ്റ്റംബറിൽ ബ്രസീലിയൻ വിമാനനിർമാതാക്കളായ എംബ്രയറുമായി കരാറിൽ ഒപ്പുവെച്ചിരുന്നു. ധാരണ പ്രകാരം എംബ്രയറിൽനിന്ന് സലാം എയർ 12 പുതിയ ഇ195-ഇ2 ജെറ്റുകൾ വാങ്ങും.
ആദ്യഘട്ടത്തിൽ ആറ് ജെറ്റുകൾ വിതരണംചെയ്യും. ഇന്ധനം ഉൾപ്പെടെയുള്ളവയുടെ ചെലവ് കുറക്കാനും ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകൾ വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് കരാറിൽ എത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.