ബഗ്ദാദിലേക്ക് സർവിസുമായി സലാം എയർ
text_fieldsമസ്കത്ത്: മസ്കത്തിൽനിന്ന് ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിലേക്ക് സർവിസുമായി ബജറ്റ് എയർലൈനായ സലാം എയർ. ആഴ്ചയിൽ മൂന്ന് വിമാനങ്ങളായിരിക്കും സർവിസ് നടത്തുക. ഇറാഖും ഒമാനും തമ്മിലുള്ള ഉഭയകക്ഷിബന്ധം വികസിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായാണ് ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാന സർവിസ് ആരംഭിക്കുന്നതെന്ന് ഇറാഖ് വിദേശകാര്യ മന്ത്രാലയ വക്താവ് അഹമ്മദ് അൽ-സഹാഫ് പറഞ്ഞു. സലാം എയറിന്റെ മസ്കത്ത്-ബഗ്ദാദ് ഫ്ലൈറ്റുകളിലെ വിമാന നിരക്ക് 97 റിയാൽ മുതലായിരിക്കും.
മസ്കത്തിനെയും ബാഗ്ദാദിനെയും ബന്ധിപ്പിക്കുന്ന നേരിട്ടുള്ള റൂട്ട് തുറന്നതിന് സലാം എയറിനെ ഞാൻ അഭിനന്ദിക്കുകയാണെന്ന് ഒമാനിലെ ഇറാഖ് അംബാസഡർ ഖാഇസ് സാദ് അൽ അമീരി പറഞ്ഞു. രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക, ടൂറിസം മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും കൈമാറ്റവും ഈ നടപടി ശക്തിപ്പെടുത്തും. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയത്തിന്റെയും അടുപ്പത്തിന്റെയും പാലമായിരിക്കുമെന്നും ഭാവിയിൽ സഹകരണത്തിനായി പുതിയ ചക്രവാളങ്ങൾ തുറക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ റൂട്ട് ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സലാം എയറിന്റെ സി.ഇ.ഒ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.