റോഡിൽ മണൽകൂന: ദോഫാറിലേക്കുള്ള യാത്രികർ ജാഗ്രത പാലിക്കണം
text_fieldsമസ്കത്ത്: ദോഫാർ ഗവർണറേറ്റിലേക്കുള്ള റോഡുകളിൽ ശക്തമായ കാറ്റിെൻറ ഫലമായി മണൽകൂനകൾ രൂപപ്പെട്ടതിനാൽ വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. കാറ്റിെൻറ ഫലമായി അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ വർധിക്കുകയും ദൂരക്കാഴ്ച കുറയുകയും ചെയ്തിട്ടുണ്ട്.
റോഡുകളിൽ കുമിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്ന് ഗതാഗത-വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. ആദം-ഹൈമ-തുംറൈത്ത് റോഡിലെ തടസ്സങ്ങൾ നീക്കുന്ന ജോലികൾ വ്യാഴാഴ്ച രാത്രി മുതൽ നടന്നുവരുകയാണ്.
അൽ ഗഫ്തൈൻ, മാക്കിഷ്, ഖത്ബിത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് മണൽകൂനകൾ രൂപപ്പെട്ടത്. ലോക്ഡൗൺ ഇളവിനെത്തുടർന്ന് ഖരീഫ് സീസൺ ആസ്വദിക്കാനായി സലാലയിലേക്ക് പോകുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. കുറഞ്ഞത് ഒരു വാക്സിനെങ്കിലുമെടുത്ത 18ന് മുകളിൽ പ്രായമുള്ളവർക്കാണ് ദോഫാറിലേക്ക് പ്രവേശനം അനുവദിക്കുക. ലോക്ഡൗൺ സമയം രാത്രി പത്തു മുതലാക്കിയതും സൗകര്യപ്രദമായിട്ടുണ്ട്. നിസ്വ-തുംറൈത്ത് റോഡിലെ പെട്രോൾ സ്റ്റേഷനുകളിൽ വാരാന്ത്യമായ വെള്ളിയാഴ്ച വാഹനങ്ങളുടെ നീണ്ടനിരയാണുണ്ടായത്. ഭൂരിപക്ഷം പേരും സലാലയിലേക്കുള്ള യാത്രികരായിരുന്നു.
റോഡിലും തിരക്ക് അനുഭവപ്പെട്ടു. പൊടിക്കാറ്റള ഉണ്ടായിരുന്നതിനാൽ വാഹനങ്ങൾ പതിവിലും വേഗം കുറച്ചാണ് പോയിരുന്നത്. വിവിധ ജി.സി.സി രാഷ്ട്രങ്ങളിൽ നിന്നുള്ള സന്ദർഷകരും സലാലയിൽ എത്തി തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.