സർബ് സീസണിന് തുടക്കം; സഞ്ചാരികളെ കാത്ത് സലാല
text_fieldsമസ്കത്ത്: സർബ് സീസണിന് തുടക്കമായതോടെ സഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങി സലാല. വസന്തകാലത്തിന് പ്രാദേശികമായി അറിയിപ്പെടുന്ന പേരാണ് സർബ്. ‘സർബ്’ സീസണിനോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ പരിപാടികളാണ് അണിയറയിൽ അധികൃതർ ആസൂത്രണം ചെയ്തിട്ടുള്ളത്.
സെപ്റ്റംബർ 21 മുതൽ ഡിസംബർ 21 വരെയുള്ള കാലംവരേയാണ് സർബ് സീസൺ. ഈ ദിനങ്ങളിൽ വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയമുള്ള കാലാവസ്ഥയായിരിക്കും ഇവിടത്തേത്. ഖരീഫ് സീസണിന് ശേഷവും ദോഫാറിനെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കി നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അധികൃതർ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇതിന്റെ ഭാഗമായി പച്ച പുതച്ച് നിന്നിരുന്ന സലാലക്ക് ആവേശക്കാഴ്ചകൾ സമ്മാനിച്ച് ദിവസങ്ങൾക്ക് മുമ്പ് ‘ടൂർ ഓഫ് സലാല’ സൈക്ലിങ് മത്സരങ്ങൾ നടന്നിരുന്നു.
ഒമാൻ സൈക്ലിങ് അസോസിയേഷന്റെ സഹകരണത്തോടെ ദോഫാർ മുനിസിപ്പാലിറ്റിയായിരുന്നു മത്സരം സംഘടിപ്പിച്ചത്. ദോഫാർ ഗവർണറേറ്റിലെ വിനോദസഞ്ചാരവും സാംസ്കാരിക ആകർഷണങ്ങളും ഉയർത്തിക്കാട്ടുകയാണ് ടൂർ ഓഫ് സലാലയിലൂടെ ലക്ഷ്യമിട്ടിരുന്നത്.
വിനോദ സഞ്ചാരം സജീവമാക്കാൻ അധികൃതർ ചാർട്ടർ വിമാനം വഴി സഞ്ചാരികളെ എത്തിക്കാനും ആലോചിക്കുന്നുണ്ട്. ദോഫാറിനെ വര്‍ഷം മുഴുവനും വിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്നതിനുള്ള പൈതൃക ടൂറിസം മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ചാര്‍ട്ടര്‍ വിമാനങ്ങള്‍ അനുവദിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങളും ക്രൂസ് കപ്പലുകളും ആകര്‍ഷിക്കാന്‍ മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ട്.
ഗവർണറേറ്റിൽ വിപുലമായ പങ്കാളിത്തത്തോടെ നടക്കുന്ന സുപ്രധാന പരിപാടികളിലൊന്നാണ് ‘മർഹബ ദോഫാർ’. സുൽത്താനേറ്റിലെയും സൗദി അറേബ്യയിൽ നിന്നുമുള്ള പങ്കാളികളുമായും സഹകരിച്ചാണ് പരിപാടി നടത്തുന്നത്.
ഒമാനും സൗദി അറേബ്യയും തമ്മിലുള്ള ടൂറിസം സഹകരണം വർധിപ്പിക്കാനും ‘സർബ്’ സീസണും വിൻറർ ടൂറിസവും ഉൾപ്പെടെയുള്ള ടൂറിസം ഘടകങ്ങളെ പ്രോത്സാഹിപ്പിക്കാനുമാണ് ‘മർഹബ ദോഫാർ’ പരിപാടി ലക്ഷ്യമിടുന്നത്.
ചർച്ചകളും ഉഭയകക്ഷി ചർച്ചകളും ഉൾപ്പെടുന്ന പരിപാടിയും തയാറാക്കിയിട്ടുണ്ട്. ഒമാനി, സൗദി ടൂറിസം കമ്പനികൾ തമ്മിലുള്ള ബിസിനസ് മീറ്റിങ്ങുകൾ, ഗവർണറേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഫീൽഡ് ട്രിപ്പുകൾ, ദോഫാർ ഗവർണറേറ്റിലെ ടൂറിസ്റ്റ് സൈറ്റുകളുടെയും ലാൻഡ്മാർക്കുകളുടെയും സന്ദർശനം എന്നിവയും ഉൾപ്പെടുന്നുണ്ട്.
സൂര്യന്റെ തെളിച്ചം, മിതമായ കാലാവസ്ഥ, കുറഞ്ഞ ഈർപ്പം എന്നിവയാണ് സർബിലെ അന്തരീക്ഷത്തിന്റെ സവിശേഷത. ഖരീഫ് മൂടൽമഞ്ഞ് മായുകയും പൂക്കൾ വിരിയുകയും ചെയ്യും. കടലിലെ ശാന്തമായ തിരമാലകൾക്ക് പുറമെ മനോഹരമായ പ്രകൃതിയും ആസ്വദിക്കാൻ സഞ്ചാരികൾക്ക് കഴിയും.
ശരത്കാല മൺസൂൺ മഴയെ ആശ്രയിക്കുന്ന പർവതപ്രദേശങ്ങളിലെയും സമതലപ്രദേശങ്ങളിലെയും കാർഷിക വിളവെടുപ്പ് കാരണം കർഷകർ, മത്സ്യത്തൊഴിലാളികൾ, കന്നുകാലികളെ വളർത്തുന്നവർ എന്നിവരുടെ പ്രധാന സീസണുകളിലൊന്നായാണ് സർബിനെ കണക്കാക്കുന്നത്.
പകൽ സമയത്ത് മലനിരകളിൽ 20 ഡിഗ്രി സെൽഷ്യസും താഴ്ന്ന പ്രദേശങ്ങളിൽ 26 -28 ഡിഗ്രി സെൽഷ്യസും ആയിരിക്കും താപനില. സലാലയിലെയും സമീപ പ്രദേശങ്ങളിലെയും റോഡുകളും ബീച്ചുകളും ചരിവുകളും വാദി നഹിസ്, വാദി ദർബത്ത്, വാദി ഗയ്ദത്ത് തുടങ്ങിയ പ്രദേശങ്ങളിൽ ഒട്ടകങ്ങളും ഈ സീസണിൽ നിറയാറുണ്ട്.
ഈ വർഷം ഖരീഫിനായി ദോഫാർ ഗവർണറേറ്റിൽ വിദേശ -സ്വദേശി വിനോദസഞ്ചാരികൾ ധാരാളമായി എത്തിയിരുന്നു. സീസൺ ആരംഭിച്ച ജൂൺ മുതൽ ആഗസ്റ്റ് 31 വരെ 10,06,635 സന്ദർശകരാണ് എത്തിയിരിക്കുന്നത്. മുൻവർഷത്തെ ഇക്കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 8.7 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്.
2023ൽ ഇതേ കാലയളവിൽ 9,24,127 സന്ദർശകരായിരുന്നു ഗവർണറേറ്റിന്റെ പച്ചപിടിച്ച സൗന്ദര്യം നുകരാനായി എത്തിയിരുന്നത്. ഈ വർഷത്തെ സന്ദർശകരിൽ 7,53,105 സ്വദേശി പൗരന്മാരും 1,76,162 ജി.സി.സി പൗരന്മാരും 1,21,767 മറ്റു രാജ്യക്കാരുമാണുള്ളത്. വിമാനമാർഗം ദോഫാറിൽ എത്തുന്നവരുടെ എണ്ണത്തിലും ഉയർച്ചയാണുണ്ടായിരിക്കുന്നതെന്ന് മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.
2023ലെ 2,09,528ൽനിന്ന് 5.2 ശതമാനം വർധിച്ച് 2,20,528 ആയി ഉയർന്നു വിമാന യാത്രക്കാർ. 7,76,107 യാത്രക്കാർ റോഡ് വഴിയാണ് വന്നത്. ആഗസ്റ്റിൽ 5,93,513 പേർ, ജൂലൈയിൽ 3,93,829 പേർ, ജൂണിലെ ഒമ്പത് ദിവസങ്ങളിൽ 19,293 പേരും എത്തി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇപ്രാവശ്യം മികച്ച സീസണായിരുന്നുവെന്ന് കച്ചവടക്കാരും മറ്റും സാക്ഷ്യപ്പെടുത്തുന്നു. തുടർച്ചയായി പെയ്ത മഴയും കോടമഞ്ഞും തണുപ്പുമെല്ലാം സഞ്ചാരികൾക്ക് മികച്ച അനുഭവമാണ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.