ഏകീകൃത ടൂറിസ്റ്റ് വിസ ആരംഭിക്കാൻ ഒമാനും സൗദിയും
text_fieldsമസ്കത്ത്: ടൂറിസം സഹകരണം വർധിപ്പിക്കുന്നതിനുള്ള പരസ്പര ശ്രമങ്ങളുടെ ഭാഗമായി ഏകീകൃത ടൂറിസ്റ്റ് വിസയും സംയുക്ത ടൂറിസം കലണ്ടറും ആരംഭിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ഒമാനും സൗദി അറേബ്യയും ചർച്ച ചെയ്തു. സൗദി അറേബ്യൻ ടൂറിസം മന്ത്രി അഹമ്മദ് അഖീൽ അൽ ഖത്തീബ് ഒമാൻ പൈതൃക-ടൂറിസം മന്ത്രി സലിം മുഹമ്മദ് അൽ മഹ്‌റൂഖിയുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്തത്. അന്താരാഷ്‌ട്ര വിനോദസഞ്ചാരികളെയും ജി.സി.സി രാജ്യങ്ങളിലെ താമസക്കാരെയും ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾക്കു പരിപാടികളും യോഗത്തിൽ തുടക്കമിട്ടു. ഇരു രാജ്യങ്ങളിലെയും ട്രാവൽ, ടൂറിസം സംരംഭകരെ പിന്തുണക്കുന്നതിനൊപ്പം ടൂറിസം മേഖലയിലെ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിന് വ്യാപാര നിക്ഷേപ സഹകരണം സജീവമാക്കാനും ഇരുപക്ഷവും തീരുമാനിച്ചു.
പ്രമോഷൻ, മാർക്കറ്റിങ്, ടൂറിസം ആക്ടിവേഷൻ, ടൂറിസം നിയന്ത്രണങ്ങൾ, എയർ കണക്ഷൻ മേഖലയിലെ സഹകരണം, സീസണൽ ഫ്ലൈറ്റുകൾ തുടങ്ങിയ മേഖലകൾ ഉൾപ്പെടുത്തി സംയുക്ത ടൂറിസം സംരംഭങ്ങൾ ആരംഭിക്കാനും യോഗത്തിൽ ധാരണയായി.
ക്യാമ്പിങ്, സാഹസിക ടൂറിസം മേഖലകളിൽ സംയുക്ത പരിപാടികൾ, സംയുക്ത ടൂറിസം പരിപാടികളുടെ കലണ്ടർ, ടൂറിസം മേഖലയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളെ പിന്തുണക്കുന്നതിനുള്ള പരിപാടി എന്നിവയും ഇരുപക്ഷവും അംഗീകരിച്ചു. ഈ വർഷം ആദ്യ പാദത്തിൽ സൗദി അറേബ്യയിൽനിന്ന് ഒമാനിലേക്കെത്തിയ വിനോദസഞ്ചാരികളുടെ എണ്ണം ഏകദേശം 49,000 ൽ എത്തിയതായി സ്ഥിതിവിവരകണക്കുകൾ പറയുന്നു. 2022ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 92 ശതമാനത്തിന്‍റെ വളർച്ചയാണുണ്ടായിരിക്കുന്നത്.
എന്നാൽ,ഈ വർഷത്തിന്‍റെ ആദ്യ പാദത്തിൽ ഒമാനിൽനിന്ന് സൗദിയിലേക്ക് 1,64,000 വിനോദ സഞ്ചാരികളാണ് എത്തിയത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ136 ശതമാനത്തിന്‍റെ ഉയർച്ചയാണുണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.