ഉപപ്രധാനമന്ത്രിയുമായി സൗദി ഹജ്ജ്, ഉംറ മന്ത്രി കൂടിക്കാഴ്ച നടത്തി
text_fieldsമസ്കത്ത്: മന്ത്രിമാരുടെ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദുമായി സൗദി അറേബ്യയുടെ ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് ഫൗസാൻ അൽ റബിഅ കൂടിക്കാഴ്ച നടത്തി. ഒമാനി നേതൃത്വത്തിനും ജനങ്ങൾക്കും പുരോഗതിയും അഭിവൃദ്ധിയും നേരുകയും സൗദിയുടെ ആശംസകൾ കൈമാറുകയും ചെയ്തു.
ഒമാനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധവും അവ വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ഇരുവരും അവലോകനം ചെയ്തു. തീർഥാടകരെ സേവിക്കുന്നതിനും അവർക്കു മികച്ച സേവനങ്ങൾ നൽകുന്നതിനും സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളെ സയ്യിദ് ഫഹദ് അഭിനന്ദിച്ചു.
വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണവും ഇസ്ലാമിക ലോകവുമായുള്ള ബന്ധവും രാഷ്ട്രങ്ങളുടെ സുസ്ഥിരത സംബന്ധിച്ച വിഷയങ്ങളും ചർച്ച ചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങൾ അവലോകനം ചെയ്ത ഇരുവരും പരസ്പര താൽപര്യമുള്ള കാര്യങ്ങളിൽ ചർച്ച നടത്തുകയും ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം അടിവരയിട്ട് പറഞ്ഞ അൽ റാബിഅ, സാഹോദര്യ സംയുക്ത ബന്ധങ്ങൾ വർധിപ്പിക്കുന്ന എല്ലാ കാര്യങ്ങളിലും ഒമാനിലെ ഉദ്യോഗസ്ഥരുമായി കൂടുതൽ ചർച്ചകൾക്കു തന്റെ സന്ദർശനം വഴിയൊരുക്കുന്നുവെന്നും പറഞ്ഞു. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ ബിൻ സഈദ് അൽ ബുസൈദിയുമായും അൽ റാബിഅ കൂടിക്കാഴ്ച നടത്തി. മന്ത്രാലയത്തിന്റെ ജനറൽ ഓഫിസിൽ നടന്ന യോഗത്തിൽ ഹജ്ജ് സീസണിൽ ഉംറ വഹിക്കുന്നതുമായി ബന്ധപ്പെട്ടകാര്യങ്ങളും മറ്റും ചർച്ച ചെയ്തു. തീർഥാടകർക്ക് മാതൃകാപരമായ സേവനങ്ങൾ നൽകുന്നതിനുള്ള അശ്രാന്ത പരിശ്രമത്തിനും അർപ്പണബോധത്തിനും സൗദി അറേബ്യയെ പ്രശംസിച്ചു. ഔഖാഫ്, മതകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ സഈദ് അൽ മമാരി, ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി,സൗദി മന്ത്രി പ്ലീനിപോട്ടൻഷ്യറി യൂസഫ് ബിൻ മുഹമ്മദ് അൽഔദ, ഒമാനിലെ സൗദി അറേബ്യയുടെ എംബസിയുടെ ചാർജ് ഡി അഫയേഴ്സ്, പ്രതിനിധി സംഘം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.