യമൻ പ്രതിസന്ധി: ഒമാൻ പ്രതിനിധി സംഘം സൻഅയിൽ
text_fieldsമസ്കത്ത്: യമനിലെ സമാധാന ശ്രമങ്ങൾക്ക് കരുത്തുപകരാൻ മികച്ച ചുവടുവെപ്പുമായി ഒമാൻ. ഇറാൻ പിന്തുണയുള്ള ഹൂതി വിമതരും സൗദി അറേബ്യയും തമ്മിലുള്ള പുതിയ ഉടമ്പടി ചർച്ച ചെയ്യാൻ ഒമാനി മധ്യസ്ഥ സംഘം കഴിഞ്ഞ ദിവസം യമന്റെ തലസ്ഥാനമായ സൻഅയിലെത്തി ചർച്ച നടത്തി. സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ മേധാവി മഹ്ദി അല്‍ മഷാത്തുമായാണ് ചര്‍ച്ച നടത്തിയത്. ചര്‍ച്ചയുടെ അടിസ്ഥാനത്തിൽ സൗദി ജയിലില്‍ കഴിയുന്ന 13 ഹൂതി തടവുകാരെ മോചിപ്പിച്ചു. മോചിതരായവര്‍ സന്അയിലെത്തിയതായി തടവുകാരെ കൈമാറുന്ന ചര്‍ച്ചക്ക് നേതൃത്വം വഹിക്കുന്ന ഹൂതി പ്രതിനിധി അബ്ദുല്‍ ഖാദര്‍ അല്‍ മുര്‍തസ പറഞ്ഞു.
സൻഅ വിമാനത്താവളത്തിൽ റോയൽ ഒമാൻ എയർ ഫോഴ്സ് വിമാനത്തിലെത്തിയ ഒമാൻ പ്രതിനിധികളെ ഹൂതികൾ സ്വീകരിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ഹൂതികളുടെ നിയന്ത്രണത്തിലുള്ള സബ ന്യൂസ് ഏജൻസി പുറത്തുവിട്ടു. വിമതരുടെ ചർച്ചക്ക് നേതൃത്വം നൽകുന്ന മുഹമ്മദ് അബ്ദുൽ സലാമും പ്രതിനിധി സംഘത്തോടൊപ്പമുണ്ടായിരുന്നു. ഒമാനി പ്രതിനിധികൾക്കൊപ്പമാണ് താൻ സൻഅയിൽ എത്തിയതെന്ന് അബ്ദുൽ സലാം ട്വീറ്റ് ചെയ്തു.
സൗദി ആക്രമണം അവസാനിപ്പിക്കുക, ഉപരോധം പൂർണമായി പിൻവലിക്കുക, എണ്ണ, വാതകം എന്നിവയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് എല്ലാ സിവിൽ സർവിസ് ജീവനക്കാരുടെയും ശമ്പളം നൽകുക എന്നിവയും ഹൂതികളുടെ ആവശ്യങ്ങളിൽ ഉൾപ്പെട്ടതാണെന്ന് അബ്ദുൽസലാമിനെ ഉദ്ധരിച്ച് സബഫ വാർത്ത ഏജൻസി സബ റിപ്പോർട്ട് ചെയ്തു.
യമനിൽനിന്ന് അധിനിവേശ സേനയുടെ വിടവാങ്ങൽ, നഷ്ടപരിഹാരം, പുനർനിർമാണം എന്നിവ ന്യായമായ ആവശ്യങ്ങളാണെന്നും അബ്ദുൽസലാം പറഞ്ഞു. യമനിലെ ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ദൂതൻ ഹാൻസ് ഗ്രണ്ട്ബെർഗ് ചർച്ചക്കായി ഈയാഴ്ച മസ്കത്തിൽ എത്തിയിരുന്നു.
പശ്ചിമേഷ്യയിൽ സഹകരണത്തിന്റെ പുതിയ പാത തുറന്ന് ഇറാനും സൗദിയും ഉടമ്പടിയിലെത്തിയത് യമനിലെ സമാധാന ശ്രമങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്നാണ് കരുതുന്നത്. 2016ൽ ഒഴിവാക്കിയ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ചൈനയുടെ മാധ്യസ്ഥത്തിൽ കഴിഞ്ഞ മാസം നടന്ന ചർച്ചയിലാണ് ധാരണയിലെത്തിയത്. നയതന്ത്ര ബന്ധം തുടരാനും പൂട്ടിയ എംബസികൾ രണ്ടുമാസത്തിനകം തുറക്കാനും ധാരണയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.