സേവ് ഒ.ഐ.സി.സി ഇനി ‘ഇൻകാസ് ഒമാൻ’
text_fieldsമസ്കത്ത്: ഒമാനിലെ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയായ സേവ് ഒ.ഐ.സി.സി ഇനിമുതൽ ‘ഇൻകാസ് ഒമാൻ’ എന്ന പേരിൽ പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇത് സംബന്ധിച്ച തീരുമാനം കെ.പി.സി.സിയുടെ ഒമാൻ ചുമതലകൾ വഹിക്കുന്ന ഭാരവാഹികളെ അറിയിച്ചതായി പ്രസിഡന്റ് അനീഷ് കടവിൽ പറഞ്ഞു. സേവ് ഒ.ഐ.സി.സിയുടെ ഭാരവാഹികളും പ്രവർത്തകരുമാണ് ‘ഇൻകാസിലും’ ഉള്ളത്. 20 മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനും യോഗം തീരുമാനിച്ചു.
ഇൻകാസ് ലോഗോ സീനിയർ നേതാവ് ഹൈദ്രോസ് പതുവന പ്രസിഡന്റ് അനീഷ് കടവിലിന് നൽകി പ്രകാശനം ചെയ്തു. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിന് ഇനി നാളുകൾ മാത്രം ശേഷിക്കെ, കോൺഗ്രസിന്റെ ഔദ്യോഗിക വിഭാഗം എന്നവകാശപ്പെടുന്ന ഒ.ഐ.സി.സി യാതൊരു വിധ പ്രവർത്തനവും നടത്തുന്നില്ല എന്നും ഈ സാഹചര്യത്തിൽ ഒമാനിലെ കോൺഗ്രസിന്റെ അനുഭാവികളെ മുഴുവൻ ഒന്നിച്ചു കൊണ്ടുപോകുവാനുമാണ് തീരുമാനമെന്ന് ഇൻകാസ് ഭാരവാഹികൾ പറഞ്ഞു. ഔദ്യോഗിക വിഭാഗത്തിന്റെ നിർജീവാവസ്ഥയിൽ നീരസമുള്ള വിഭാഗം ഇതിനോടകം തങ്ങളെ സമീപിച്ചു എന്നും അവരെക്കൂടി ഉൾക്കൊണ്ട് മുന്നോട്ട് പോകുവാനുമാണ് തീരുമാനമെന്നും ഭാരവാഹികൾ അറിയിച്ചു.
കേരളത്തിലെ യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ഓരോ മണ്ഡലവും കേന്ദ്രീകരിച്ചു പ്രവർത്തനം വിപുലീകരിക്കും. ഇപ്പോൾ നാട്ടിലുള്ള പ്രവർത്തകർ, അവരുടെ കുടുംബങ്ങൾ എന്നിവരെ പ്രവർത്തനങ്ങളിൽ സജീവമാക്കും. ഒമാനിലുള്ള പ്രവർത്തകരും നാട്ടിലെത്തി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഊർജിതമായി പങ്കെടുക്കും. ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഉള്ളവർ നാട്ടിലെത്തി വോട്ടെടുപ്പിൽ പങ്കാളിയാകാനും യോഗം തീരുമാനിച്ചു.
ഒമാനിലെ ഔദ്യോഗിക പക്ഷത്തുനിന്നും നിരന്തരമായ അവഗണന അനുഭവിച്ചിട്ടും പ്രതികരിക്കാതിരുന്നത് പാർട്ടിയെയും മുന്നണിയെയും ദുർബലപ്പെടുത്തേണ്ട എന്ന് കരുതിയാണ്. എന്നാൽ, ഇനിയും മിണ്ടാതിരിക്കാൻ സാധിക്കില്ല എന്ന സാഹചര്യം ആഗതമായതിനാലാണ് തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി മുന്നോട്ടുപോകുന്നത്.
ഔദ്യോഗിക പക്ഷം അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കുന്ന പക്ഷം പാർട്ടിയുടെ നന്മയെ കരുതി അവരുമായി സഹകരിക്കുമെന്നും യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പിനുശേഷം റീജനൽ കമ്മിറ്റി പുനഃസംഘടനയും പൊതു പരിപാടികളും ആസൂത്രണം ചെയ്യുമെന്നു അനീഷ് കടവിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.