സ്കൂൾ ബസ് യാത്ര: നിർദേശങ്ങളുമായി റോയൽ ഒമാൻ പൊലീസും വിദ്യാഭ്യാസ മന്ത്രാലയവും
text_fieldsമസ്കത്ത്: സെപ്റ്റംബർ നാലിന് സ്വദേശി സ്കൂളുകളിൽ അധ്യയനം തുടങ്ങുന്ന സാഹചര്യത്തിൽ ബസുകളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ സംബന്ധിച്ച നിർദേശങ്ങളും മാനദണ്ഡങ്ങളുമായി റോയല്‍ ഒമാന്‍ പൊലീസും വിദ്യാഭ്യാസ മന്ത്രാലയവും രംഗത്തെത്തി. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പൊലീസ് സുരക്ഷ നിര്‍ദേശങ്ങൾ നൽകി. ഡ്രൈവര്‍മാര്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും റോയൽ ഒമാൻ പൊലീസിലെ ട്രാഫിക് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ കേണല്‍ ഖാമിസ് ബിന്‍ അലി അല്‍ ബതാശി ചൂണ്ടിക്കാട്ടി. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് രാവിലെയും ക്ലാസുകള്‍ അവസാനിക്കുന്ന സമയങ്ങളിലും ട്രാഫിക് പട്രോളിങ് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ ബസുകളില്‍ യാത്രചെയ്യുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ബോധവത്കരണ വിഡിയോയുമാണ് വിദ്യാഭ്യാസ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. വിദ്യാര്‍ഥികളും ബസ് ജീവനക്കാരും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട വിഷയങ്ങളാണ് വിഡിയോയില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.
സുരക്ഷിത ഇടങ്ങളില്‍ ബസ് കാത്തുനില്‍ക്കുക, ബസ് പൂര്‍ണമായും നിര്‍ത്തിയശേഷം കയറുകയും ഇറങ്ങുകയും ചെയ്യുക, ഡോറിന് സമീപം തിരക്കൊഴിവാക്കുക, ബസിന്റെ വിന്‍ഡോവഴി കൈകളും തലയും പുറത്തിടാതിരിക്കുക, ബസ് സ്‌കൂളില്‍ എത്തിയാല്‍ നിര്‍ദേശിച്ച പാതയിലൂടെതന്നെ പുറത്തിറങ്ങി നടക്കുക തുടങ്ങി വിവിധ സുരക്ഷ നിര്‍ദേശങ്ങളാണ് നൽകിയിരിക്കുന്നത്. ഇംഗ്ലീഷിലും അറബിയിലുമാണ് വിഡിയോ തയാറാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.