സ്കൂൾ അവധി ആരംഭിക്കുന്നു; വിമാന ടിക്കറ്റ് നിരക്ക് ഉയർന്നുതന്നെ
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ വേനലവധി ഈയാഴ്ച മുതൽ ആരംഭിക്കും. മസ്കത്ത്, അൽ ഗൂബ്ര, അൽ സീബ് തുടങ്ങിയ ഇന്ത്യൻ സ്കൂളുകളിൽ വ്യാഴാഴ്ചയോടെയാണ് വേനലവധി തുടങ്ങുന്നത്. ഗൂബ്ര ഇന്റർനാഷനൽ സ്കൂളിലെ അവധി 13നാണ് ആരംഭിക്കുക. ആഗസ്റ്റ് ആദ്യവാരത്തോടെ സ്കൂളുകൾ തുറക്കും. ദാർസൈത്ത് ഇന്ത്യൻ സ്കൂൾ ആഗസ്റ്റ് എട്ടിന് തുറന്നുപ്രവർത്തിക്കും. ഒമാനിൽ ചൂട് കടുത്തതിനാൽ ചില ഇന്ത്യൻ സ്കൂളുകളുടെ ലോവർ പ്രൈമറി വിഭാഗങ്ങൾ നേരത്തെതന്നെ അടച്ചിരുന്നു.
സ്കൂൾ അടക്കുന്നതോടെ മലയാളികളടക്കമുള്ള നിരവധി കുടുംബങ്ങൾ നാട്ടിൽ പോവാനൊരുങ്ങുകയാണ്. ഇത് മുന്നിൽക്കണ്ട് വിമാനക്കമ്പനികൾ നേരത്തെ തന്നെ നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്. ബജറ്റ് വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസും കേരളത്തിലേക്കുള്ള നിരക്കുകൾ കുത്തനെ ഉയർത്തിയിരിക്കുകയാണെന്ന് ട്രാവൽ മേഖലയിലുള്ളവർ പറയുന്നു. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കുള്ള ഈ മാസം 15 വരെയുള്ള വൺവേയുടെ കുറഞ്ഞ നിരക്ക് 120 റിയാലാണ്.
ചില ദിവസങ്ങളിൽ കണ്ണൂരിലേക്കുള്ള വിമാന നിരക്കുകൾ 185 റിയാൽവരെ എത്തുന്നുണ്ട്. മറ്റ് വിമാനക്കമ്പനികളുടെ നിരക്കുകൾ ഇതിലും കൂടുതലാണ്. നിരക്കുകൾ കുത്തനെ ഉയർത്തിയതോടെ നിരവധി പേർ യാത്ര ഒഴിവാക്കാനും ആലോചിക്കുന്നുണ്ട്. സീറ്റ് കാലിയായിക്കിടന്നാലും നിരക്കുകൾ കുറക്കില്ല എന്ന തീരുമാനം വിമാനക്കമ്പനികൾക്കുതന്നെ തിരിച്ചടിയാകും.
സ്കൂൾ സീസണിൽ വിമാനക്കമ്പനികൾ നിരക്കുയർത്തുന്നതിനെതിരെയുള്ള ശബ്ദത്തിന് പതിറ്റാണ്ടുകളുടെ ആയുസ്സുണ്ടെങ്കിലും ഇതുവരെ പ്രശ്നത്തിന് പരിഹാരം കാണാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. നാട്ടിലേക്ക് പോകുന്നവരെ മുന്നിൽക്കണ്ട് വ്യാപാര സ്ഥാപനങ്ങളും മാളുകളും സമ്മർ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പല ഹൈപ്പർ മാർക്കറ്റുകളും മികച്ച ഓഫറുകളാണ് നൽകുന്നത്. വസ്ത്രങ്ങൾ, റെഡി മെയ്ഡ് ഐറ്റങ്ങൾ എന്നിവക്കാണ് കാര്യമായ ഓഫറുകൾ നിലവിലുള്ളത്. ഈ മാസം അവസാനമുള്ള ബലിപെരുന്നാൾ വ്യാപാരം കൂടി മുന്നിൽക്കണ്ടാണ് ഓഫറുകൾ നൽകുന്നത്.
സ്കൂൾ അടക്കുന്നതോടെ നിരവധി പേർ മറ്റ് രാജ്യങ്ങളിലേക്കും വിനോദ യാത്രകൾ പോവുന്നുണ്ട്. ഏതായാലും അടുത്ത രണ്ട് മാസങ്ങളിൽ നിരവധിപേർ ഒമാന്പു റത്തായിരിക്കും. ആളുകളും കുടുംബങ്ങളും പുറത്തേക്കുപോവുന്നത് എല്ലാ മേഖലകളിലും തിരക്കൊഴിയാൻ കാരണമാക്കും. ഇതോടെ വ്യാപാര സ്ഥാപനങ്ങളിലും സൂഖുകളിലും ഉപഭോക്താക്കൾ കുറയും. ആഗസ്റ്റ് രണ്ടാം വാരത്തോടെയാണ് വ്യാപാര മേഖലയും മാർക്കറ്റുകളും വീണ്ടും സജീവമാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.