സ്കൂളുകൾ തുറന്നു: കുഞ്ഞുങ്ങളെ അകറ്റിനിർത്താം, സാംക്രമിക രോഗങ്ങളിൽനിന്ന്
text_fieldsഒമാനിൽ പുതിയ അധ്യയനവർഷം ആരംഭിച്ചിരിക്കുകയാണ്. കുട്ടികളെ സംബന്ധിച്ച് സ്കൂളുകൾ തുറക്കുകയെന്നത് വിവിധ അലർജികളുടെ ലോകത്തേക്ക് വീണ്ടും മടങ്ങുകയെന്നതാണ്. ശുചിത്വപാഠങ്ങൾ അവരെ പഠിപ്പിക്കുകയെന്നതാണ് ഇതിൽനിന്ന് രക്ഷനേടാനുള്ള പോംവഴി. ശുചിമുറികൾ സന്ദർശിക്കുമ്പോഴും ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശുചിത്വം പ്രധാനമാണെന്ന് കുട്ടികളെ നിരന്തരം ഓർമിപ്പിക്കണം. തുമ്മുമ്പോഴോ ചുമക്കുമ്പോഴോ ഒരു ടിഷ്യു അല്ലെങ്കിൽ തൂവാല എങ്ങനെ ശരിയായി വിനിയോഗിക്കണമെന്ന് അവരെ പഠിപ്പിക്കുക. ഒരു രക്ഷിതാവെന്ന നിലയിൽ വാക്സിനേഷൻ വഴി തടയാൻ കഴിയുന്ന അഞ്ചാംപനി പോലുള്ള രോഗങ്ങളിൽനിന്ന് കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കണം. കുട്ടികൾക്ക് ഫ്ലൂ വാക്സിനുകൾ ഉറപ്പായും നൽകേണ്ടതിന്റെ പ്രാധാന്യം ഓർമപ്പെടുത്തുകയാണ് കുട്ടികളുടെ ഡോക്ടറായ അഹ്മർ ഷമീം.
കുട്ടികളിലുണ്ടാകുന്ന ഹൃദയസംബന്ധമായ പ്രശ്നങ്ങളിൽ ഭൂരിഭാഗവും ജന്മനായുണ്ടാകുന്നതാണെന്നാണ് (Congenital heart disease-CHD) പീഡിയാട്രിക് ഫീറ്റൽ കാർഡിയോളജിയിൽ പരിശീലനം നേടിയ ഡോക്ടർ സോനൽ പറയുന്നത്. ജനിച്ചയുടൻ ഹൃദയത്തിലെ ഓക്സിജന്റെ അളവ് പരിശോധിക്കുന്നതുവഴി അസുഖം വളരെ നേരത്തേ തിരിച്ചറിയാനാകും.
എന്നാൽ, ചില കുട്ടികളിൽ ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ കാണിക്കാൻ ചിലപ്പോൾ വൈകും. രോഗം എത്രയും വേഗം കണ്ടെത്തുന്നുവോ ചികിത്സ അത്രയും പ്രയോജനകരമാകും. സ്കൂളിൽ പോകുന്ന കുട്ടികൾ പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിൽ നിന്നുള്ളവർ, റുമാറ്റിക് ഹൃദ്രോഗം പോലുള്ള ഹൃദയസംബന്ധമായ അസുഖങ്ങൾ തിരിച്ചറിയുന്നതിന് പതിവ് കാർഡിയാക് മൂല്യനിർണയത്തിന് വിധേയമാകണം.
കുട്ടികളിലെ ചിട്ടയില്ലാത്ത ആഹാരക്രമങ്ങൾ തിരുത്തപ്പെടേണ്ടതാണെന്ന് ഓർമപ്പെടുത്തുകയാണ് ഡോ. സദഫ്. അനാരോഗ്യകരമായ ഭക്ഷണക്രമങ്ങൾ തീർച്ചയായും മാറ്റണം. പ്രത്യേകിച്ച് വിദേശ രാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയ കുട്ടികളിൽ.
കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ നിർബന്ധമായും പഴങ്ങൾ, പരിപ്പ്, പയർവർഗങ്ങൾ എന്നിവ ഉൾപ്പെടുത്തണം. കുട്ടികൾക്ക് ജങ്ക് ഫുഡിനോടുള്ള അമിത താൽപര്യം മാറ്റിയെടുക്കണം. കുഞ്ഞുങ്ങളിലെ പൊണ്ണത്തടിയിലേക്ക് നയിക്കുന്ന പ്രധാന കാരണവും മാറിയ ഇത്തരം ഭക്ഷണശൈലിയാണ്. ഒരിക്കലും പ്രഭാതഭക്ഷണം ഒഴിവാക്കാൻ കുട്ടികളെ അനുവദിക്കരുത്. പ്രഭാത ഭക്ഷണം കഴിക്കാനുള്ള സമയം മാതാപിതാക്കളും ഉണ്ടാക്കിയെടുക്കുക.
കുട്ടികൾ ഒരുപാട് സമയം സ്ക്രീനിന് മുന്നിൽ ചെലവഴിക്കുന്നത് അമിത വണ്ണത്തിനുള്ള സാധ്യതകൾ വർധിപ്പിക്കുന്നതിനാൽ ഇത്തരം കാര്യങ്ങളിൽ സമയക്രമം പാലിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അഡോളസെന്റ് എൻഡോക്രൈനോളജിയിൽ പ്രാക്ടീസ് നേടിയ ഡോ. സദഫ് ഓർമിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.