അക്ഷരമുറ്റങ്ങളിൽ ഇനി പഠനാരവം
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം. ചില സ്കൂളുകളിൽ ബുധനാഴ്ച മുതലാണ് ക്ലാസ് തുടങ്ങുന്നത്. പുതുതായി പ്രവേശനം കിട്ടിയ കെ.ജി ക്ലാസുകളിലെയും ഒന്നാം ക്ലാസിലെയും കുട്ടികളും കലാലയാന്തരീക്ഷത്തിലേക്ക് കാലെടുത്ത് വെക്കും. അൽ ഗൂബ്ര ഇന്ത്യൻ സ്കൂളിൽ തിങ്കളാഴ്ച മുതലാണ് പുതിയ അധ്യയന വർഷം. ദാർസൈത്ത്, വാദി കബീർ അടക്കമുള്ള സ്കൂളുകളിൽ ബുധനാഴ്ച മുതലാണ് ക്ലാസുകൾ ആരംഭിക്കും.
കെ.ജി ഒന്നിൽ പുതുതായി പ്രവേശനം ലഭിക്കുന്ന നൂറു കണക്കിന് കുട്ടികളുടെ ജീവിതത്തിന്റെ പുതിയ വാതായനങ്ങളിലേക്കുള്ള കന്നി പ്രവേശനം കൂടിയാണിത്. മതാപിതാക്കളുടെ ചൂടും കൂടും വിട്ട് പുതിയ ലോകത്തേക്ക് കടക്കുകയാണവർ. അവർക്കായി സ്കൂളുകളിൽ നിരവധി കൗതുകങ്ങളും ഒരുക്കിയിട്ടുണ്ട്. റമദാനായതിനാൽ ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂളുകളിലെയും സമയക്രമത്തിൽ മാറ്റമുണ്ട്. മസ്കത്ത് ഇന്ത്യൻ സ്കൂളിലെ കെ.ജി ക്ലാസുകൾ 8.15 മുതൽ 11 വരെയായിരിക്കും.
ഒന്നു മുതൽ നാലുവരെയുള്ള ക്ലാസിലെ വിദ്യാർഥികൾക്ക് എട്ട് മുതൽ 12വരെയും അഞ്ച് മുതൽ എട്ടുവരെ രാവിലെ ഏഴ് മുതൽ 12.45വരെയും ഒമ്പത് മുതൽ 12വരെ ക്ലാസുകൾ ഏഴ് മുതൽ ഉച്ചക്ക് ഒന്ന് വരെയുമാണ് ക്ലാസ്. അൽ ഗ്രുബ്ര ഇന്ത്യൻ സ്കൂളിലെ കെ.ജി. ക്ലാസുകൾ എട്ട് മുതൽ 11.45 വരെയും പ്രൈമറി ക്ലാസുകൾ എട്ട് മുതൽ 12.30 വരെയും ആറ് മുതൽ മുകളിലോട്ടുള്ള ക്ലാസുകൾ ഏഴ് മുതൽ ഒരു മണിവരെയുമായിരിക്കും. ദാർസൈത്ത് ഇന്ത്യൻ സ്കൂൾ കെ.ജി മുതൽ അഞ്ചുവരെ 7.45 മുതൽ 11.45 വരെയും ആറ് മുതൽ 12വരെ 6.45 മുതൽ 12.45വരെയുമാണ് പ്രവർത്തിക്കുക. മറ്റ് ഇന്ത്യൻ സ്കൂളുകളും സമാന രീതിയിലുള്ള സമയക്രമമാണ് പാലിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.