ബിരുദ സർട്ടിഫിക്കറ്റുകളുടെ സൂക്ഷ്മ പരിശോധന: പുതിയ സംവിധാനം ഉടൻ നടപ്പിൽവരും
text_fieldsമനാമ: ബഹ്റൈനിൽനിന്നും വിദേശത്തുനിന്നുമുള്ള യൂനിവേഴ്സിറ്റി ബിരുദങ്ങളും വിദ്യാഭ്യാസ യോഗ്യതകളും പരിശോധിക്കുന്നതിനുള്ള പുതിയ സംവിധാനം ഉടൻ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം പുതിയ നടപടിക്രമങ്ങൾക്ക് ഇതിനകം അംഗീകാരം നൽകിക്കഴിഞ്ഞു.
മൂല്യനിർണയത്തിനായി സർട്ടിഫിക്കറ്റുകൾ ദേശീയ യോഗ്യത നിർണയ സമിതിക്കോ ഉന്നത വിദ്യാഭ്യാസ കൗൺസിലിനോ സമർപ്പിക്കാതെ ബിരുദങ്ങൾ പരിശോധിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കാര്യക്ഷമമാക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമാഅ പറഞ്ഞു. വിദ്യാഭ്യാസ യോഗ്യതകൾ പരിശോധിക്കുന്നതിനുള്ള പുതിയ നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ ദേശീയ പോർട്ടലിൽ (Bahrain.bh) ലഭ്യമാണ്.
സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കി പൊതു-സ്വകാര്യ മേഖലകളിലെ നിയമന നടപടികൾ കാര്യക്ഷമമാക്കുന്നതാണ് പുതിയ സംവിധാനമെന്ന് ഡോ. ജുമാഅ പറഞ്ഞു.മെഡിക്കൽ, എൻജിനീയറിങ് ബിരുദങ്ങളുടെ മേൽനോട്ടം നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) കൗൺസിൽ ഫോർ റെഗുലേറ്റിങ് ദി പ്രാക്ടീസ് ഓഫ് എൻജിനീയറിങ് പ്രഫഷൻസ് (സി.ആർ.പി.ഇ.പി) എന്നിവ നിർവഹിക്കും.
അതേസമയം, നിയമ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതിനുള്ള യോഗ്യതകൾ നീതിന്യായ, ഇസ്ലാമിക കാര്യ മന്ത്രാലയമായിരിക്കും സൂക്ഷ്മമായി പരിശോധിക്കുന്നത്. പ്രാദേശിക പൊതു, സ്വകാര്യ സർവകലാശാലകൾ അനുവദിക്കുന്ന മറ്റ് ബിരുദങ്ങൾ ഉള്ളവർക്ക് സാക്ഷ്യപ്പെടുത്തലോ തുല്യത സർട്ടിഫിക്കറ്റോ കൂടാതെ സിവിൽ സർവിസ് ബ്യൂറോ (സി.എസ്.ബി) മുഖേന സർക്കാർ ജോലികൾക്ക് നേരിട്ട് അപേക്ഷിക്കാം. നിയമന നടപടികൾ പൂർത്തിയായശേഷം യോഗ്യതകളുടെ സാധുത സിവിൽ സർവിസ് ബ്യൂറോ പരിശോധിക്കും.
അതേസമയം, സ്വകാര്യ മേഖലയിലെ തൊഴിലുടമകൾക്ക് സ്ഥിരീകരണ പ്രക്രിയ നിർബന്ധമല്ല. എങ്കിലും, വിദേശ സർവകലാശാലകളിൽനിന്നാണ് യോഗ്യത നേടിയതെങ്കിൽ, തൊഴിൽ സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളുടെ സഹായത്തോടെ യോഗ്യതകൾ പരിശോധിക്കാം.ഒരു പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനമാണ് യോഗ്യത നൽകിയതെങ്കിൽ നേരിട്ട് സർവകലാശാലയിൽനിന്ന് സാക്ഷ്യപത്രം ലഭിക്കും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റിലേക്ക് സർട്ടിഫിക്കറ്റുകൾ അയക്കാതെതന്നെ ബിരുദ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്താൻ പ്രാദേശിക സർവകലാശാലകളെ അധികാരപ്പെടുത്തിയിട്ടുണ്ട്.
തൊഴിൽദാതാക്കൾക്കോ സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്കോ ആവശ്യമെങ്കിൽ വിദ്യാഭ്യാസ മന്ത്രാലയം ശിപാർശ ചെയ്യുന്ന പ്രത്യേക കമ്പനികൾ മുഖേന ബിരുദധാരികളുടെ മാസ്റ്റേഴ്സ്, പിഎച്ച്.ഡി ബിരുദങ്ങളുടെ പരിശോധന നടത്താം.പൊതുമേഖല ജീവനക്കാർ വിദ്യാഭ്യാസ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ദേശീയ പബ്ലിക്ക് ലൈബ്രറികളിൽ ഗവേഷണ പ്രബന്ധങ്ങൾ സമർപ്പിക്കുന്നതിന് സർട്ടിഫിക്കറ്റ് നൽകുന്ന സമയത്ത് സിവിൽ സർവിസ് ബ്യൂറോ യോഗ്യതകൾ വിലയിരുത്തുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.